കഥ : നഗരജീവിതം - ഒരു നേർക്കാഴ്ച
രചന : സമീഷ് എസ്
ദുബായിലെ ലേബർ റൂം...
പതിവിന് വിപരീതമായി ദാസേട്ടൻ ഇന്ന് കുറച്ച് അസ്വസ്ഥനും കോപിഷ്ഠനുമാണ്. റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ദാസേട്ടനെ കണ്ട് ഉറക്കം വിടാതെ ശരത് ചോദിച്ചു..???
“എന്തുപറ്റി ദാസേട്ടാ..... ഇന്നലത്തെ കെട്ട് വിട്ടില്ലേ...”
ശരത്തിനെ രൂക്ഷമായി ഒന്നു നോക്കിക്കൊണ്ട് ബാത്റൂമിലേക്ക് കൈ ചൂണ്ടി ദാസേട്ടൻ പറഞ്ഞു...
“ഇവൻ എത്ര സമയമായി കേറിയിട്ട് എനിക്കാണെങ്കിൽ ഇന്ന് നേരത്തെ ഓഫീസിൽ പോകണം. ഇറങ്ങാൻ ലേറ്റ് ആയാൽ എൻറെ ഇന്നത്തെ മെട്രോ പാസ് എടുക്കലും നടക്കില്ല.”
അപ്പോൾ ബാത്റൂമിൽ നിന്നും പുറത്തേക്കു വന്ന വിശാൽ ദാസേട്ടനെ നോക്കി ..
“ഇയാൾ ഇത് എവിടെ പോന്ന്..”
സ്വന്തം വയർ തടവിക്കൊണ്ട് വിശാൽ പിന്നെയും പറഞ്ഞു...
“ഇന്നലത്തെ ബ്രാൻഡ് തീരെ ശരിയായില്ല ശരിക്കൊന്നു പോയില്ല ഒരു അസ്വസ്ഥത".
അതെങ്ങനെയാ... അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ദാസേട്ടന്റെ വകയായിരുന്നല്ലോ ഇന്നലത്തെ പാർട്ടി അപ്പം അത്ര സുഖമേ കിട്ടൂ .."
ശരത്തിനെ നോക്കിക്കൊണ്ട് വിശാൽ ....
“ഞാൻ തന്റെ ബൈക്ക് ഒന്ന് എടുക്കുകയാണ് ഒരു പത്തു മിനിറ്റ് ഇപ്പോൾ വരാം.”
വിശാൽ പോയതിന് പിറകെ ദാസേട്ടൻ റൂമിൽ നിന്നും ഇറങ്ങി, മെട്രോ സ്റ്റേഷനിലേക്കുള്ള ബസ് ലഭ്യമാക്കി നടന്നു. പതിവുകാർക്ക് നേരെ കൈവീശിയും ചിരിച്ചും ദാസേട്ടൻ ബസ് സ്റ്റോപ്പിൽ എത്തി.ദാസേട്ടൻ റൂമിൽ നിന്നും ഇറങ്ങിയതിനു പിറകെ റൂമിലേക്ക് എത്തിയ ചന്ദ്രൻ തൻറെ ബെഡിൽ കിടക്കുന്ന പയ്യനെ നോക്കി...
“അ.. ഇവൻ ഇതുവരെ റെഡിയായില്ല..?? എവിടെയാ ദാസേട്ടൻ...???
റൂം മുഴുവനും.. ബാത്റൂമും.. പരിശോധിച്ച ചന്ദ്രൻ ഉറങ്ങിക്കിടക്കുന്ന ശരത്തിനെ തട്ടി ഉണർത്തി ചോദിച്ചു..????
“എവിടെ ദാസേട്ടൻ..."
ശരത് ഉറക്കം വിടാതെ.... “ അയാൾ എന്തോ ഓഫീസില് പോന്നോ.. പുറത്തു പോന്നോ.. എന്തോ പറയുന്നത് കേട്ടു.”
ചന്ദ്രൻ അല്പം ദേഷ്യത്തോടെ...
“ഈ പയ്യനെ ഇവിടെ ഉറക്കിക്കിടത്തി അയാൾ ഓഫീസിൽ പോയി എന്ത് ചെയ്യാനാ.
അപ്പോഴേക്കും പുറത്തുപോയ വിശാൽ റൂമിലേക്ക് കയറി വന്നു..
ചന്ദ്രൻ “എടാ വിശാലേ... ഈ പയ്യനെ കൂട്ടാതെ ദാസേട്ടൻ എന്തിനാ ഓഫീസിൽ പോയത്.."
വിശാൽ “അമ്മോ... ഞാൻ ചോദിച്ചതാണല്ലോ അയാളോട്...
"ഇയാൾ എവിടേക്കാണെന്ന്, അയാൾ ഒന്നും പറഞ്ഞതുമില്ല”...
പൊടുന്നനെ ബോധത്തിൽ നിന്നുണർന്നതുപോലെ ശരത്, “ദാസേട്ടൻ മെട്രോ പാസ് എടുക്കണം എന്നു പറയുന്നത് കേട്ടു..”
ചന്ദ്രൻ “ആർക്ക്..?
ശരത്.., പറച്ചിലിൽ നിന്നും അയാൾക്ക് തന്നെയാണ് എന്നാണ് തോന്നിയത്.
ചന്ദ്രൻ... “എടാ വിശാലേ... നീ ദാസേട്ടനെ ഫോൺ ചെയ്..”
ബസ്സിലേക്ക് വളരെ ധൃതിയിൽ കയറുന്ന ദാസേട്ടന്റെ പോക്കറ്റിൽ നിന്നും മൊബൈൽ നിർത്താതെ അടിച്ചുകൊടിരുന്നു. പക്ഷേ ദാസേട്ടൻ അത് അറിയുന്നില്ല.
ചന്ദ്രൻ.... “എന്തായി???
വിശാൽ.... “ റിങ്ങ് അടിക്കുന്നുണ്ട് പക്ഷേ എടുക്കുന്നില്ല...”
ചന്ദ്രൻ.... “വിശാലേ.... നീ ശരത്തിന്റെ ബൈക്കെടുത്ത് ഒന്ന് സ്റ്റേഷൻ വരെ ഒന്ന് പോയി നോക്കുമോ...??? ഞാൻ ഫോൺ ചെയ്തു നോക്കാം....”
പോക്കറ്റിൽ നിന്നും സ്വന്തം മൊബൈൽ കയ്യിലെടുത്ത് ചന്ദ്രൻ പറഞ്ഞു. വിശാൽ ശരവേഗത്തിൽ പുറത്തേക്ക് പോയി.
ബസ്സിൽ നിന്നും ഇറങ്ങി, മെട്രോയുടെ പടികൾ ധൃതിയിൽ കയറുന്ന ദാസേട്ടനെ പിറകിൽ നിന്നും ഒരാൾ തൊട്ടു വിളിച്ചു എന്നിട്ട് പറഞ്ഞു ...
“യുവർ ഫോൺ ഈസ് റിങ്ങിങ്..”
ധൃതിയിൽ അയാളുടെ മുഖത്തുനിന്നും കണ്ണെടുത്ത് ദാസേട്ടൻ, ഫോണിനായി തന്റെ കീശയിൽ തപ്പി, ഫോൺ കയ്യിൽ എടുത്ത് ദാസേട്ടൻ.
“ഒ... ചന്ദ്രൻ ആണ്. ഫോൺ ഓൺ ആക്കി ദാസേട്ടൻ തന്റെ ചെവിയിൽ വച്ചു. മറുവശം ചന്ദ്രൻ...
“ദാസേട്ട എത്ര സമയമായി നിങ്ങളെ വിളിക്കുന്നു. നിങ്ങൾ എന്താ ഫോൺ എടുക്കാത്തത് ..???
ധൃതിയിൽ മെട്രോയുടെ പടവുകൾ കയറിയ വിശാൽ കണ്ടത് വളരെ വിഷാദനായി സ്ഥലകാല ബോധമില്ലാതെ സീറ്റിൽ ഇരിക്കുന്ന ദാസേട്ടനെയാണ്.
വിശാൽ ദാസേട്ടന്റെ അരികിൽ ചെന്ന് തൊട്ടു വിളിച്ചു.
“ ദാസേട്ടാ….”
ഒരു ഞെട്ടലിൽ എന്നപോലെ ഉണർന്ന് ദാസേട്ടൻ വിശാലിനെ നോക്കി എന്നിട്ട് പറഞ്ഞു
“വാ.. പോകാം…”
വിശാൽ ദാസേട്ടനെയും കൂട്ടി തൻറെ ബൈക്ക് ലക്ഷ്യമാക്കി നടന്നു ഫോണിൽ ചന്ദ്രൻ.
“അല്ല... ദാസേട്ടാ നിങ്ങൾ എന്തു പണിയായി കാണിച്ചത്..?? ഈ ചെക്കനെ കൂട്ടിപ്പോയി ആ ജോലിസ്ഥലം കാണിച്ചു കൊടുക്കുന്നതിനു പകരം നിങ്ങൾ ഒറ്റയ്ക്ക് അങ്ങ് പോയാൽ എങ്ങനെയാ ശരിയാവുക..
ഇനിയും മെട്രോ പാസ് എടുത്ത് നിങ്ങൾ എവിടെ പോകാനാണ്. മിനിഞ്ഞാന്ന് റിട്ടയേഡ് ആയത് നിങ്ങൾ മറന്നു പോയോ...?
നിങ്ങളുടെ ഒഴിവിലേക്ക് അല്ലേ ഈ പയ്യൻ നാട്ടിൽ നിന്ന് വന്നിരിക്കുന്നത്.. നിങ്ങൾ മറ്റന്നാൾ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത കാര്യം മറന്നു പോയോ.. അതോ ഇന്നലെ പാർട്ടിയോട് കൂടി നിങ്ങളുടെ ബോധം പോയോ..???
ആ… ഞാൻ വിശാലിനെ അങ്ങോട്ട് വിട്ടിട്ടുണ്ട് അവൻറെ കൂടെ വേഗം വാ..
ഒരു മിന്നായം കണ്ണുകളിൽ തറിച്ചപോലെ ദാസേട്ടൻ.
ആ… എൻ്റെ 35 വർഷത്തെ പ്രവാസജീവിതം ഇവിടെ അവസാനിക്കുന്നു. കഴിഞ്ഞു 35 വർഷമായി ഞാൻ കണ്ട കാഴ്ചകൾ, കണ്ട മാറ്റങ്ങൾ ഇനി കാണാൻ എനിക്ക് കഴിയുമോ..??
എൻ്റെ ഈ ഒരു ദൈനംദിന ജീവിതം ഇവിടെ അവസാനിക്കുന്നു. ആരോരുമില്ലാത്ത ഞാൻ എവിടെ പോകാൻ…. ??? അവളും എന്നേ വിട്ട് പിരിഞ്ഞുപോയി. മകളുടെ വിട്ടിൽ അവൾക്കൊരു ഭാരമായി. വളരെ ബുദ്ധിമുട്ടി സ്റ്റെപ്പുകൾ കയറി ദാസേട്ടൻ ആ ചെയറിൽ ഇരുന്നു. മനസ്സിൽ ഒരുപാട് ചിന്തകളുമായി.
നഗരവീഥിയിലൂടെ.... റൂം ലക്ഷ്യമാക്കി വിശാലിന്റെ ബൈക്ക് ചീറിപ്പാഞ്ഞു കൂടെ ഇനിയെന്ത് എന്ന ഒരു ലക്ഷ്യബോധവും ഇല്ലാതെ മനസ്സുമായി ദാസേട്ടനും.....!!!!