കഥ : മൂക്കുത്തി
രചന : ധന്യ ശങ്കരി
ആ നഗരത്തിലെ തിരക്കിലൂടെ അവൻ നടന്നു, വല്ലാത്ത ദാഹം പോലെ, അവൻ ചുറ്റും നോക്കി, ആ തിരക്കുകളിൽ നിന്നും മാറി ഒരു ചെറിയ ചായകടയവൻ കണ്ടു, കൊള്ളാമല്ലോ, ഈ തിരക്കേറിയ നഗരവീഥിയിൽ ഇങ്ങനെയൊരു കട, അവന് അത്ഭുതമായി.
എന്നാൽ ആ ചായക്കടയ്ക്ക് മുന്നിലെ തിരക്ക് കണ്ടവൻ അങ്ങോട്ട് നടന്നു, ചുറ്റിനും കൂടി നിന്നു ചായയും, കടികളും കഴിക്കുന്ന ഒരു കൂട്ടമാളുകൾ, അതും പാന്റും കോട്ടുമിട്ട് നിന്നു ചായ കുടിക്കുന്നവരെ കണ്ടവൻ അത്ഭുതംപേറി നിന്നു.
എന്താകും ഇത്രയും വെൽ സെറ്റിൽഡ് ആൾക്കാരൊക്കെ വന്നു, ഈ ചെറിയ പീടികയിൽ നിന്നും ചായ കുടിക്കുന്നത്, അവനവിടെ മാറി നിൽക്കുന്നത് ചായയടിച്ചു കൊടുക്കുന്നയാൾ ശ്രദ്ധിച്ചിരുന്നു, അയാളവനെ അങ്ങോട്ട് കൈകാട്ടി വിളിച്ചു.
തന്നെ തന്നെയാണോ വിളിക്കുന്നത്?
അവൻ ചുറ്റും നോക്കി, തന്നെയാണ് അയാൾ വിളിക്കുന്നതെന്ന്, അവന് മനസിലായി, അവൻ മുന്നോട്ട് നടന്നു,
എന്ന വേണം? അയാൾ തമിഴിൽ ചോദിച്ചു, ഞാനൊരു തമിഴനാണെന്നു അയാൾക്ക് തോന്നിയിട്ടുണ്ടാകും.
ഒരു ചായ, ഞാൻ പറഞ്ഞു
ഓഹോ!
നീങ്ക മലയാളിയാ, അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു,അതെയെന്ന് അവൻ പറഞ്ഞു.
അയാൾ ഒരു ചായയടിച്ച് അവന് നൽകി,അവൻ ആ ചായഗ്ലാസ് തന്റെ ചുണ്ടോടടിപ്പിച്ചു.
ആഹാ! എന്താ സ്വാദ്
തന്റെ ജീവിതത്തിൽ ഇത്രയും ടേസ്റ്റുള്ള ചായ താൻ കുടിച്ചിട്ടില്ല എന്നവന് തോന്നി, ചുമ്മാതല്ല ഇവിടെയിത്രയും തിരക്ക്,അവൻ ആ ചായ ആസ്വദിച്ചു കുടിച്ചു, എവിടെ നിന്നോ നേർത്ത ശബ്ദത്തിൽ ഒരു പാട്ടു കേട്ടുകൊണ്ടിരുന്നു.
മീനവേനലിൽ, രാജകോകിലെ, അലയു നീ അലയു, ഒരു മാമ്പുതിരയു, വസന്തകാല ജാലകം, മനസിലിനിയും തുറക്കു.
തനിക്ക് ഏറ്റവുമിഷ്ട്ടമുള്ള പാട്ട്, എവിടെ നിന്നാകുമിത് കേൾക്കുന്നത്, അവൻ കാതോർത്തു നിന്നു.
നിങ്ങൾ ഇവിടെ ആദ്യമായാണല്ലേ കടക്കാരൻ ചോദിച്ചു?
ങേ!മലയാളം
അപ്പോൾ ഇയാൾ ശരിക്കും മലയാളിയാണോ?
അതെ, അവൻ മറുപടി കൊടുത്തു.
ചേട്ടാ ഈ പാട്ടു കേൾക്കുന്നത് എവിടെ നിന്നാണ്?
അതോ!
അതൊരു ഭ്രാന്തിയാ കുഞ്ഞേ.
ഭ്രാന്തിയോ അവൻ ചോദിച്ചു
അതെ കുഞ്ഞേ
ഇത്രയും നന്നായി ഈ പാട്ടാരും പാടി ഞാൻ കേട്ടിട്ടേയില്ല ചേട്ടായിതുവരെ, എന്തൊരു രസമാ അവർ പാടുന്നേ കേൾക്കുവാൻ.
അതാണ് മോനെ, അവളുടെ നൊമ്പരങ്ങൾ അത്രയേറെയുണ്ട്, ഏതോ വലിയ വീട്ടിലെ കുട്ടിയാണവൾ, ഇന്ന് ഈ തെരുവിന്റെ സന്തതിയാണ്, ഒരു ദിവസം അലഞ്ഞുതിരിഞ്ഞിവിടെയെത്തി യതാ, ഊരും, പേരുമൊന്നുമറിയില്ല, എന്നാൽ ഈ പാട്ട്മാത്രം എപ്പോളും പാടിനടക്കും.
അവിടേയുമിവിടേയുമുള്ള കടകളിലൊക്കെ പോയി ഭക്ഷണ ത്തിനായി കൈനീട്ടും, എല്ലാവരും അവൾക്ക് ഭക്ഷണം നൽകും, ആർക്കും അവളോട് ദേക്ഷ്യമില്ല, എല്ലാവർക്കും അവളെ വലിയ ഇഷ്ട്ടമാണ്, ഈ തെരുവുണരുന്നേ തന്നെ അവളുടെ പാട്ടുകേട്ടാണ്, എത്ര വിഷമങ്ങളുണ്ടെങ്കിലും അവളുടെ പാട്ടുകേട്ടാൽ അതെല്ലാം നമ്മൾ മറക്കും, അവളുടെ പേര് അറിയാത്തോണ്ട് ഞങ്ങളവൾക്ക് ഒരു പേരിട്ടു.
*മൂക്കുത്തി *
മൂക്കുത്തിയോ?
നല്ല പേരാണല്ലോ അവൻ പറഞ്ഞു, അതെ മോനെ അവളുടെ കൈയിൽ എപ്പോഴുമൊരു നീലക്കല്ല് മൂക്കുത്തിയുണ്ടാകും, അയാളത് പറഞ്ഞു നിർത്തിയതും, അവൻ നടന്നു തുടങ്ങിയിരുന്നു, അയാളത് കണ്ടൊന്ന് നെടുവീർപ്പെട്ടു,അവൻ പാട്ടു കേട്ടിടത്തേക്ക് നടന്നു,അവനവിടെ ചെന്നപ്പോൾ കണ്ട കാഴ്ച.
മുഷിഞ്ഞ വസ്ത്രമണിഞ്ഞു, ജഡ പിടിച്ചു തുടങ്ങിയ മുടികയിഴകൾ പാറിപറന്നു കിടക്കുന്നഒരു രൂപമവിടെയിരുന്നു, അവനത് കണ്ടാകെ മനസ്സ് വേദനിച്ചു.
ആരാകും ഇവർ?
എന്താണ് ഇവരുടെ പാട്ടിൽ ഇത്രയും മാന്ത്രികത?
ആ പാട്ടുകൾ തന്റെ ഹൃദയത്തിൽ പതിക്കുമ്പോലെ.
അമ്മേ!അവൻ വിളിച്ചു
അവർ തിരിഞ്ഞു നോക്കിയില്ല.
വീണ്ടുമവൻ വിളിച്ചു.
അമ്മേ
ഈ പ്രാവശ്യം അവർ തലയുയർത്തി നോക്കി, അവനെയവർ ഉറ്റു നോക്കിയിരുന്നു, അവനെ നോക്കുംതോറും അവരുടെ കണ്ണുകളിൽ എന്തൊക്കെയോ ഭാവമുടലെടുത്തു, അവനുമവരെ നോക്കി നിൽ ക്കുകയായിരുന്നു, ആ മുഖത്തെ ഭാവങ്ങൾ അവൻ ശ്രദ്ധിക്കുക തന്നെ ചെയ്തു.
എൻറെ മോനെ, മോനെന്നെ തേടി വന്നതാണോ?
അവർ ചോദിച്ചു.
അവർ കയ്യിലിരുന്ന പാവയെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു, തരില്ല ആർക്കും തരില്ല, പൊക്കോ, എന്തിനെന്നറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവർ തലകുനിച്ചിരുന്നു, തന്റെയാരോ ആണതന്ന് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു, അവർ എന്തൊക്കെയോ പതം പറഞ്ഞുകൊണ്ടേയിരുന്നു.
പെട്ടെന്ന് അങ്ങോട്ട് ആരോ ഒരാൾ നടന്നു വന്നു, അവൻ തിരിഞ്ഞുനോക്കി.
അച്ഛൻ
നീ എന്തെടുക്കുവാ വിഷ്ണു ഇവിടെ?
ഞാനത് അച്ഛാ.
അവിടെ നിന്നെ എല്ലാവരും തിരക്കുന്നു, അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ അയാൾ ഒരു നിമിഷം നിന്നു, അതെ സമയം കാറ്റത്തവരുടെ മുടിയിഴകൾ പാറിപ്പറന്നു, അയാൾ ഒരു മാത്ര ആ മുഖം കണ്ടു.
അയാൾ സ്തംഭിച്ചു നിന്നുപോയി, ആ മുഖം തനിക്ക് അത്രമേൽ പ്രിയപ്പെട്ട മുഖം, തന്റെ ഓർമ്മകളിൽ നൊമ്പരമുണർത്തുന്ന ആ മുഖം,അയാൾ നിറഞ്ഞു വന്ന കണ്ണുകളുയർത്തി നോക്കി,അയാൾ വേഗത്തിൽ അവരുടെ അടുക്കലേക്ക് ഓടി,അപ്പോഴുമവർ പറഞ്ഞുകൊണ്ടേയിരുന്നു.
തരില്ല പൊക്കോ
ഊർമ്മിളേ
അയാൾ വിളിച്ചു, ആ പേര് കേട്ടവരുടെ തലയിൽ കൂടി ഒരു മിന്നൽ പാഞ്ഞുപോയി, അവർ തലയുയർത്തി അയാളെ നോക്കി അവരുടെ കണ്ണുകളൊന്നു തിളങ്ങി, പെട്ടന്ന് ആ മുഖം മങ്ങി, ആ പാവയെ ചേർത്തു പിടിച്ചു കൊണ്ടവർ പറഞ്ഞു.
തരില്ല തരില്ല, പൊക്കോ പൊക്കോ.
എന്റെ കുഞ്ഞിനെ കൊണ്ട്പോകാൻ വന്നതല്ലേ
പോ ദൂരെ പോ
അവർ ഭയത്തോടെ മാറിയിരുന്നു.
ഹൃദയവേദനയോടെ അയാൾ വിളിച്ചു,
ഊർമിളെ, അവർ അയാളെ തുറിച്ച് നോക്കി, അവരുടെ കയ്യിലിരുന്ന ആ മൂക്കുത്തി അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു.
വിഷ്ണു അച്ഛനെയും അവരെയും മാറിമാറി നോക്കി തന്റെ അമ്മയുടെ പേരല്ലേ ഊർമിളയെന്നു.
ഇവരെ അച്ഛൻ എന്തിനു തന്റെ അമ്മയുടെ പേര് വെച്ചു സംബോധന ചെയ്തു . തന്റെയമ്മ ഈ ലോകത്തില്ലലോ.
അവനു തല കറങ്ങുന്ന പോലെ തോന്നി, അമ്മ തന്റെ പെറ്റമ്മ യാണോയിനിയിത്, മരണപ്പെട്ടുവെന്ന്,എല്ലാവരും പറഞ്ഞതല്ലേ, അമ്മയാണോയിത് അപ്പോൾ, അവൻ ആദ്യം കാണും പോലെ അവരെ നോക്കി.
അവർ അയാളെ നോക്കി വിളിച്ചു
രമേശേട്ടാ
അയാൾക്ക് ആ വിളി കേട്ട് ഹൃദയം പറിഞ്ഞു പോകുന്ന പോലെ തോന്നി, അയാളവരെ കെട്ടിപ്പിടിച്ചു കരഞ്ഞു, വിഷ്ണുവിതെല്ലാം കണ്ട്കൊണ്ട് നിന്നു, അമ്മയുടെ ആണ്ടാണിന്ന്, അതിന് വന്നതാണ് ഈ രാമേശ്വരത്തു,, ഇങ്ങനെ ഒരു അത്ഭുതം സംഭവിക്കുമെന്ന് അവൻ കരുതിയില്ല, അവനതു വിശ്വസിക്കാനായില്ല.
അയാൾ അവരെ പുണർന്നിരുന്നു, കുറച്ചു സമയം കഴിഞ്ഞ് ബാക്കി ബന്ധുക്കൾ അവരെ കാണാതെ അങ്ങോട്ട് വന്നു,എല്ലാവരുടെയും നെറ്റി ചുളിഞ്ഞു, രമേശ് ആരെയോ കെട്ടിപിടിച്ചിരിക്കുന്നു.
ആരാണ് അത്?
അവർ വിഷ്ണുവിനോട് എന്തായെന്ന് ചോദിച്ചു, അതെന്റെ അമ്മയാണ്, അവൻ പറഞ്ഞു.
അമ്മയോ?
എല്ലാവരും പരസ്പരം നോക്കി,
അച്ഛാ
അവൻ വിളിച്ചു.
മറ്റുള്ളവർ അത്ഭുതത്തോടെ ആ കാഴ്ച കണ്ടു നിന്നു. ജീവനോടെയില്ല മരിച്ചുപോയിയെന്ന് കരുതിയവൾ ജീവനോടെ നിൽക്കുന്ന കാഴ്ച കണ്ട ഞെട്ടലിലായിരുന്നു ഓരോരുത്തരും, അവർക്കൊന്നും മനസ്സിലായില്ലയെങ്കിലും അവൾ ജീവനോടെയുണ്ടല്ലോ എന്നൊരു ആശ്വാസം എല്ലാമുഖങ്ങളിലും ഉണ്ടായിയുന്നു, അപ്പോൾ അങ്ങോട്ട് കടക്കാരനും മറ്റുള്ളവരും വന്നു.
നിങ്ങളൊക്കെ ആരാ? അവർ ചോദിച്ചു
അവരോട് എല്ലാ കാര്യവും രമേശ് പറഞ്ഞു,അത് കേട്ടവർക്കെല്ലാം സന്തോഷമായി, എന്നാൽ മൂക്കുത്തി പോകുന്നുവെന്നു കേട്ടപ്പോൾ അവർക്ക് സങ്കടമായിരുന്നു, കാരണം അവളുടെ പാട്ടു കേട്ടാണ് ആ നാടും, നാട്ടുകാരും ഉണരുന്നതും ഉറങ്ങുന്നതും.
രാമേശ്വരത്തെ തെരുവിന്റെ ഗായിക അവളായിരുന്നു, ഇനി വീണ്ടും തങ്ങൾ തനിച്ച്, അവളുടെ ശബ്ദത്തിൽ തങ്ങൾ എല്ലാവരും സന്തോഷമുള്ളവരായിരുന്നുവെങ്കിലും, അവൾക്ക് അവളുടെ പ്രിയപ്പെട്ടവരെ കിട്ടിയല്ലോ, അതുതന്നെ സന്തോഷം അവരോർത്തു, മൂക്കുത്തി ഇടയ്ക്ക് വരണം കേട്ടോ ഇങ്ങോട്ടൊക്കെ, അവൾ തലയാട്ടി.
വിഷ്ണു അവരെ ചേർത്തുപിടിച്ചു ഒരിക്കൽ നഷ്ടപ്പെട്ട തൻറെ അമ്മയെ ഇനിയൊന്നിനും, ആർക്കും വിട്ടുകൊടുക്കില്ലയെന്നവൻ പ്രതിജ്ഞ ചെയ്തു ആ നിമിഷം.
അങ്ങനെ മൂക്കുത്തി യാത്രയായി, അവളെ യാത്രയാക്കി കൊണ്ട് ആ തെരുവും മയക്കത്തിൽ ആഴ്ന്നു, രാമശ്വരത്തെ പാട്ടുകാരി അങ്ങനെ പ്രിയപ്പെട്ടവർക്കൊപ്പം യാത്രയായി, അപ്പോഴും ആ വലതു കൈയിൽ മുറുകെപിടിച്ചിരുന്നു ആ നീലകല്ലുള്ള മൂക്കുത്തിയവൾ.