കഥ : കുശുമ്പി
രചന : സലോമി
ഒരു മാസത്തെ ലീവിന് പ്രവാസിയായ കെട്ടിയോൻ വന്നിട്ട് ഒരാഴ്ചയായി. അങ്ങേർക്കാണെങ്കിൽ അല്പസൊല്പം കുത്തിക്കുറിക്കലിന്റെ അസുഖമുണ്ട്.
നമ്മളും അങ്ങേരുടെ ഫേസ്ബുക്ക് ഫ്രണ്ട് ഒക്കെ തന്നെയാണ്. എങ്കിലും ചില തരുണീമണികളുടെ കമന്റുകൾ കാണുമ്പോൾ ഇടയ്ക്കിടയ്ക്ക് ചൊറിഞ്ഞു വരാറുണ്ട്. കെട്ടിയോൻ മര്യാദയ്ക്കാണ് റിപ്ലൈ കൊടുക്കുന്നത് എങ്കിലും നമ്മളുടെ ചൊറിച്ചലങ്ങ് പെട്ടെന്ന് തീരില്ല. എല്ലാത്തിനെയും കൂട്ടത്തോടെ പിടിച്ചു കെട്ടി ഒരുമിച്ച് കൊല്ലാൻ ഉള്ള ദേഷ്യം വരെ ഇടയ്ക്ക് വരാറുണ്ട്.
വെയിൽ വരുമ്പോൾ ഇടക്കൊക്കെ കട്ടിൽ എടുത്ത് പുറത്തിട്ട് പറ്റിപ്പിടിച്ചിരിക്കുന്ന മൂട്ടകളെ കുത്തി കളയുന്ന പോലെ കെട്ടിയോൻ നാട്ടിലോട്ട് വരുമ്പോഴാണ് കീടങ്ങളെ പോലെ പറ്റിപ്പിടി ച്ചിരിക്കുന്ന ആരാധികമാരെ ഞാൻ തൂത്തെറിയാറ്.
അതിനുമാത്രം അവര് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും നമ്മൾക്ക് അത് സഹിക്കാൻ പറ്റില്ല അത്രതന്നെ. അതിനെ ആസൂയ എന്നോ, കുശുമ്പ് എന്നോ, സെൽഫിഷ് എന്നോ എന്ത് പേരിട്ട് വേണമെങ്കിലും വിളിച്ചു കൊള്ളുക.
പതിവുപോലെ പുള്ളിക്കാരൻ കുളിക്കാൻ കയറിയപ്പോൾ നമ്മൾ മൊബൈൽ തുറന്നു. പാസ്സ്‌വേർഡ് ഒക്കെ നമ്മൾക്ക് എപ്പോഴും മനപാഠമാണ്. കല്യാണം കഴിഞ്ഞ് കാലം മുതൽ ആ പാസ്സ്‌വേർഡിന് ഒരു മാറ്റവും വന്നിട്ടില്ല.
പതുക്കെ ഫേസ്ബുക്ക് ഓപ്പൺ ചെയ്തു സ്ഥിരമായി കമന്റ് ഇടുന്ന ആരാധികയുടെ ഇൻബോക്സിലേക്ക് കയറിച്ചെന്നു.
ഒരു "ഹായ്" വിട്ടു.
" എന്താടോ നാട്ടിലൊക്കെ ആണല്ലോ അടിച്ചു പൊളിക്കു " എന്ന് മെസ്സേജ് വന്നു.
അതെ നാട്ടിലാണ് എ....ന്ന് മറുപടി അയച്ചു.
വെക്കേഷൻ അല്ലേ.... പിള്ളാരെയും കൊണ്ട് ഒരു ഫാമിലി ടൂർ ഒക്കെ പോകു... എന്ന് ആരാധികയുടെ ഉപദേശം.
"പോകണം" എന്ന് മറുപടി അയച്ചതിന് തൊട്ടുപിന്നാലെ ..
" ഓഫീസിൽ ആണോ..?? എന്നുകൂടി ടൈപ്പ് ചെയ്തു.
" അല്ല വീട്ടിലാണ്" എന്ന് മറുപടി കിട്ടി.
ഗിരിരാജൻ കോഴികളുടെ സ്ഥിരം പല്ലവിയിലേക്ക് ഞാൻ ആ സംഭാഷണം തിരിച്ചുവിട്ടു.
"ഇപ്പോൾ എന്തെടുക്കുകയാണ്..??
കുക്കിംഗ് ആണ്.., എന്ന് മറുപടി വന്നു.
"എന്താ കുക്ക് ചെയ്യുന്നത്...???
"പോയി പണി നോക്കെടോ.." എന്ന മറുപടിയാണ് അവിടെ നിന്നും കിട്ടിയത്.
ഇവളെ ഇങ്ങനെ വെറുതെ വിട്ടാൽ പോരല്ലോ എന്ന് മനസ്സിൽ വിചാരിച്ചു.
"എന്താ ഇട്ടിരിക്കുന്നത്..??? എന്ന് അടുത്ത ചോദ്യം ചോദിച്ചു.
"നിനക്കെന്റെ വായിൽ നിന്നുള്ള തെറി കേൾക്കണമോ...? എന്നാണ് അവിടുന്ന് വന്ന മറുപടി.
ഓഹോ..., അത്രയ്ക്കായോ എങ്കിൽ തെറി കേട്ടിട്ട് തന്നെ കാര്യം എന്നാലും പറയൂ നീ എന്താ ഇട്ടിരിക്കുന്നത്..??
പിന്നെ വന്നത് കുറച്ച് ചിഹ്നങ്ങൾ ആയിരുന്നു അതിനു താഴെ ഇപ്രകാരം എഴുതിയിരുന്നു.
"നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല വിചാരിച്ചത്. എഴുത്തുകാരൊക്കെ ഇത്ര വൃത്തികെട്ടവരാണ് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്..."
അതിന് താഴെ എല്ലാത്തിനും നന്ദി എന്ന് പറയുന്നതുപോലെ കൈകൂപ്പി കൊണ്ട് ഒരു ചിത്രവും.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. എൻ്റെ കൂർമ്മ ബുദ്ധി ഉണർന്നു.
പിന്നെങ്ങനെയാണ് വിചാരിച്ചത്...? എന്ന് ഞാൻ തിരിച്ചു മറുപടി അയച്ചു. പക്ഷേ... അപ്പോഴേക്കും ആരാധിക ബ്ലോക്ക് ചെയ്തു എന്നെന്നേക്കുമായി പോയി കഴിഞ്ഞിരുന്നു.
ഹോ...!!!! സമാധാനം...!!! ഒരുത്തിയുടെ ശല്യം തീർന്നു കിട്ടി.
ക്ലിയർ ചാറ്റ് അടിച്ച് ഞാൻ മൊബൈൽ യഥാസ്ഥാനത്ത് വച്ചു. ഒന്നും സംഭവിക്കാത്തത് പോലെ ഒരു മൂളിപ്പാട്ടും പാടി അടുക്കളയിലേക്ക് നടന്നു.