കഥ : കില്ല
രചന : ടോം ടി കുര്യാക്കോസ്
കില്ലയെ അറിയാമോ?
നിർത്താതെ മഴ പെയ്ത് തോർന്നതിന്റെ മൂന്നാം പക്കം കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന്റെ പിറക് വശത്തെ മെയിന്റനൻസ് ഏരിയയുടെ ഒരു കോണിലാണ് ചൊക്ലിപ്പട്ടിയുടെ രണ്ടാമത്തെ പേറിലെ നാലാമത്തെ കുഞ്ഞായി കില്ല ജനിച്ചത്..
മഴയും വെയിലും രാത്രിയും പകലും ഭരണവും കാലവും മാറി മാറി വന്നു,
കോട്ടയം പട്ടണത്തിൽ നാല് മക്കളെ തീറ്റി പോറ്റാൻ ചൊക്ലീ നന്നായി പരിശ്രമിച്ചു കൊണ്ടേയിരുന്നു,
രണ്ടായിരത്തി പതിനഞ്ച് സെപ്റ്റബർ മാസം സന്ധ്യ നേരത്ത് വൺവേ തെറ്റിച്ച് കേറി വന്ന നാഷണൽ പെർമിറ്റ് ലോറി ആ നാല് മക്കളേയും അനാഥരാക്കു വോളം അവളുടെ പരിശ്രമം തുടർ ന്നിരുന്നു.
ചൊക്ലി പോയതിൽ പിന്നെയാണ് നാല് മക്കളും പിരിഞ്ഞത്. രണ്ട് പേർ കൊടിമത ജെട്ടി കേന്ദ്രീകരിച്ച് ഇരതേടലും ഇണതേടലുമായി ജീവിതം തുടങ്ങി. മൂത്തവൾ നാഗമ്പത്തെ റെയിൽവേ ലൈനിലെ അങ്ങാടി പട്ടികളുമായി ചെങ്ങാത്തം കൂടി സഹോദരങ്ങളോട് യാത്ര പറഞ്ഞ് പോയി.
കില്ല മാത്രം അമ്മയുടെ ഓർമ്മകളുറങ്ങുന്ന കെ എസ് ആർ ടി സി പരീസരത്ത് അനാഥനായി അലഞ്ഞു...
നഗരത്തിലെ ഹോട്ടൽ വേയ്സ്റ്റ് ഉം സ്നേഹമുള്ള യാത്രക്കാർ എറിഞ്ഞ് കൊടുക്കുന്ന ആഹാരവും..,
കാലം പോക്കെ, നഗരത്തിലെ എണ്ണം പറഞ്ഞ തെരുവുപട്ടികളിൽ മുമ്പനായി അവൻ വളർന്നു.
ഓട്ടോയിലും കാറിലും യജമാനന്റെ മടിയിലിരുന്ന് മൃഗാശുപത്രി യിലേക്ക് പോകുന്ന ഡോബർമാനെയും പഗ്ഗിനെയും കാണുമ്പോൾ ആരും കാണാതെയവൻ കരഞ്ഞു.
അനാഥനാണെന്ന ദു:ഖം ഇടയ്ക്ക് വരുമ്പോൾ മാത്രം, അമ്മ അവസാനമായി കിടന്ന ടാറിട്ട റോഡിൽ അവൻ നെഞ്ച് പൊട്ടി നോക്കും... ഉരുണ്ടു പോകുന്ന ടയറുകൾക്ക് നേരെ കുരച്ചു കൊണ്ട് പായും...
കില്ലപ്പട്ടിക്ക് പ്രാന്താണെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവർമാർ കല്ലെടുത്ത് എറിയുമ്പോഴാണ് സ്ഥലകാല ബോധം വീണ്ടെടുത്ത് അവൻ സ്വയം അടങ്ങുക... അനാഥന്റെ വേദന അനാഥന്റെ പ്രാന്ത്.
നഗരത്തിൽ, പാത ചുറ്റിക്കറങ്ങി പോകുന്ന ശീമാട്ടി റൗണ്ടാന മാറ്റി ആകാശപാതയുടെ പില്ലറുകൾ സ്ഥാപിച്ച് തുടങ്ങിയ കാലത്താണ്... ഏതോ രാഷ്ട്രീയ പാർട്ടിയുടെ ഹർത്താലായിരുന്നു അന്ന്, ഹോട്ടലുകളും യാത്രികരുമില്ലാത്തതിനാൽ കില്ല അന്ന് പട്ടിണി യായിരുന്നു,
പകൽ കടന്ന് പോയി..
ചരക്ക് കൊണ്ട് പോകുന്ന രാത്രി വണ്ടിയുടെ ചൂളം വിളി മുഴങ്ങി കേട്ടു, കില്ല തെരുവിന് ഓരം ചേർന്ന് നടന്നു, ആരോ ചപ്പിയിട്ട സിപ്പപ്പിന്റെ കവറിൽ മണത്ത് നക്കി നോക്കി.
ഒരു തുള്ളി പോലുമില്ല വിശപ്പ് ഇരുട്ടിനെ കൂടുതൽ കറുപ്പിച്ചു.
വലതു വശത്തു നിന്ന് അതിവേഗം വന്നൊരു കാർ കില്ലയെ തൊട്ടു തൊട്ടില്ലെന്നമട്ടിൽ ഉരുമികടന്നു പോയി.. അമ്മയുടെ മുഖം മനസിൽ മിന്നിവന്നു.. വിശന്നു തളർന്നിട്ടാണ്.. അല്ലെങ്കിൽ കില്ല വിടില്ലായിരുന്നു.. ഇതിലും വേഗതയിൽ പാഞ്ഞ കാറുകളെ ഓടിച്ചിട്ട് കടിച്ചിട്ടുണ്ട്... ഓടാൻ വയ്യ കില്ല ഫൂട്ട്പാത്തിലേക്ക് കയറി നടന്നു.
വേഗതയിൽ പാഞ്ഞു പോയ കാറ് അകലെയായി നിർത്തിയത് കില്ല കണ്ടു ആരോ ഒരാളിറങ്ങി എന്തൊ ഒന്ന് ഫുട്പാത്തിലേക്ക് വെച്ച് കാറിലേക്ക് കയറി അതിവേഗം തന്നെ കാർ മുന്നോട്ട് പാഞ്ഞു..
ഫുഡ് വേസ്റ്റു തന്നെ.., നഗരത്തിലെ ഏതോ പകൽ മാന്യനാവും കില്ല മനസിൽ കരുതി, കാറ്റു പോലും നിശബ്ദമായ ആ രാത്രിയിൽ കില്ല വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പൊതിക്കരികിലേക്ക് മെല്ലെ നടന്നു.
പച്ച ഇറച്ചിയുടെ മണം. അടുത്തെത്തും മുൻപ് കില്ല മണത്തറിഞ്ഞു, വേച്ച് പോയ കാലിന് വേഗത കൂടി, ഒരു തുണിക്കെട്ടാണ്. കില്ല ആവേശത്തോടെ ഇറച്ചി പൊതിഞ്ഞ തുണിക്കെട്ട് കടിച്ച് തുറന്നു,
മഹാനഗരത്തിലെ ഏത് തെരുവുപട്ടിയോടും ഏറ്റുമുട്ടി ജയിച്ചിരുന്ന ധീരനായ കില്ല എന്ന തെരുവ് നായ ആ കാഴ്ച്ച കണ്ട് ഭയചകിതനായി പിറകിലേക്ക് വേച്ച് വീണു...,
മനുഷ്യ കുട്ടി!
പാതി തുറന്ന കണ്ണുകൾ കൊണ്ട് തന്നെ നോക്കുന്ന ഒരു മനുഷ്യക്കുട്ടി. ജനിച്ചിട്ട് അധിക സമയമായിട്ടില്ല, പുതുമഴയേറ്റ് വിറയ്ക്കുന്നതു പോലെ കില്ല നിന്ന് വിറച്ചു.. വിശപ്പ് ഭയത്തിൽ കെട്ടു പോയിരുന്നു, നെറ്റിയിലും മുഖത്തും നക്കി നോക്കി പരിചിതമല്ലാത്ത രുചി, കുഞ്ഞിന്റെ ചുണ്ടുകൾ എന്തിനോ വേണ്ടി തുടിക്കുന്നുണ്ട്, മുലപ്പാലിന് വേണ്ടിയാവണം, അമ്മ ചൊക്ലിയുടെ മുലഞ്ഞെടുകളിൽ നിന്ന് സ്നേഹം ഊറ്റിക്കുടിച്ച് നെഞ്ചിലെ ചൂടും ചൂരു മേറ്റ് കിടന്നത് കില്ല ഓർത്തു..
വരണ്ട കണ്ണുകളിൽ നിന്ന് നനവ് പടർന്ന് കടി കൂടി മുറിഞ്ഞ മുറിവിൽ നീറ്റൽ പടർന്നപ്പോളാണ്.. അകലേ നിന്ന് ഒരു വാഹനത്തിന്റെ വെട്ടം കില്ല കണ്ടത്.
നൈറ്റ് പട്രോളിങ്ങിനിറങ്ങിയ വെസ്റ്റ് സ്റ്റേഷനിലെ എസ് ഐ രാജനാണ് റോഡിന് നടുവിൽ നിന്ന് കുരയ്ക്കുന്ന നായയെ ആദ്യം കണ്ടത്.. ഹോണടിച്ചിട്ടും മാറാത്ത തിനാൽ വലത് വശം ചേർത്ത് വണ്ടിയെടുക്കാൻ ഡ്രൈവർ സി പി ഓ രമേശ് ശ്രമിച്ചു. പക്ഷെ നായ കുരച്ചു കൊണ്ട് പോലീസ് വാഹനത്തിന് മുൻപിലേക്ക് നീങ്ങി നിന്നു..
"എന്തോ പ്രശ്നമുണ്ട് രമേശേ"
വണ്ടി ഒതുക്കി ഇടത്തേക്കിടാൻ പറഞ്ഞത് രാജൻ എസ് ഐ യാണ്..
ജീപ്പിൽ നിന്നിറങ്ങിയ രാജൻ എസ് ഐ സീറ്റിനടിയിൽ നിന്ന് ലാത്തി കൂടി കൈയ്യിലെടുത്തു.
"എന്താടാ മോനെ? എന്താ നിന്റെ പ്രശ്നം"
കൈയ്യിലിരുന്ന ടോർച്ച് തെളിച്ച് രാജൻ എസ് ഐ ചുറ്റും നോക്കി..
നായ നിന്നതിന്റെ വലത് വശത്തെ ഫുട്പാത്തിൽ ഒരു തുണിക്കെട്ട്..
ടോർച്ച് ഒന്നുകൂടി പോയന്റ് ചെയ്ത് എസ് ഐ രാജൻ അലറി
"രമേശേ കൺട്രോൾ റൂമിൽ വിളിക്ക് ഇവിടെയൊരു കുഞ്ഞ്!"
പൊതിഞ്ഞു കെട്ടിയ ടർക്കി തുണിയിൽ നിന്നും കുഞ്ഞ് കൈകാ ലുകൾ അനക്കി പോലീസുകാരുടെ നെഞ്ചിൽ ഒരു മുറിവായി കരഞ്ഞു.
ജില്ലാ ആശുപത്രിയുടെ ആമ്പുലൻസും പത്രമാപ്പീസിൽ നിന്ന് വന്ന ഒന്നു രണ്ട് വണ്ടികളും രണ്ട് പോലീസ് ജീപ്പുകൾ വേറെയും.
കില്ല നിശബ്ദനായിരുന്നു, ഒരു വനിതാ പോലീസുകാരി കുഞ്ഞിനെ കോരിയെടുക്കുന്നതും പൊതിഞ്ഞിരുന്ന തുണി മാറ്റി മറ്റൊന്ന് കൊണ്ട് പൊതിയുന്നതും കില്ല നോക്കി നിന്നു. രാത്രി കഴിക്കാൻ ഭാര്യ കൊടുത്തു വിട്ട നാല് ബന്നുകളിൽ നിന്ന് രണ്ടെണം എസ് ഐ രാജൻ അവന് നൽകിയിരുന്നു..
നേരത്തേ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടർക്കി തുണി വഴിയിൽ കിടക്കുന്നുണ്ട് കില്ല അത് മണത്തു നോക്കി മനുഷ്യന്റ മണം.. അല്ല മാലാഖയുടെ മണം.. ഉൺമാദത്തിൽ അവൻ നാല് ദിക്കും കേൾക്കുമാറ് ഓരിയിട്ടു.
നഗരത്തിൽ പുലർച്ചേയിറങ്ങിയ പ്രമുഖ പത്രങ്ങളിൽ എസ് ഐ രാജനും കില്ലയും ഒന്നാം പേജിൽ വാർത്തയായിരുന്നു.
ഈ തെരുവിലെ നായകൻ എന്ന പേരിൽ കില്ലയുടെ വാർത്ത രണ്ട് കോളം ബോക്സായി ഉണ്ടായിരുന്നു..
കെ എസ് ആർ ടി സി ക്ക് മുമ്പിലെ ഓട്ടോ സ്റ്റാന്റിനോട് ചേർന്നാണ് കില്ല ഇപ്പോൾ കിടക്കാറ്..
തണുക്കുമ്പോൾ മുഖം ചേർത്ത് ചുരുളുന്നത് ആ ടർക്കി തോർത്തിലാണ്. മാലാഖയുടെ മണമുള്ള.. അല്ല.. അനാഥന്റെ മണമുള്ള ആ ടർക്കി തോർത്തിൽ.
കില്ലയെ അറിയില്ലെ? കില്ല , ഒരു മിടുക്കൻ പട്ടിയാണ്.