രചന : അജീഷ്. വി. സ്
“അറിഞ്ഞില്ലേ പഴയ നടപ്പാലത്തിന്റെ താഴെ ഭ്രാന്തൻ കണാരൻ ചത്ത് കിടക്കുന്നു."
വയ്യാണ്ടായപ്പഴും ആ പാലത്തിന്റെ ചുവട്ടീന്നു അവൻ മാറീട്ടില്ല, അവസാനം അവിടെ കിടന്നു ചത്തു അല്ലെ?
“പോലീസ് വന്നിട്ടുണ്ട്, ആളും കൂടിട്ടുണ്ട്, കന്നിവെറിയായത് നന്നായി, അല്ലേൽ തോട് നിറഞ്ഞു വെള്ളം ഒഴുകിയേനെ”.
ചർച്ചകൾ നീണ്ടുകൊണ്ടേയിരുന്നു, കന്നിവെറിയിൽ വറ്റി വരണ്ട കൈത്തോടിന്റെ മധ്യഭാഗത്തു, പഴയ നടപ്പാലത്തിന്റെ രണ്ടാം തൂണിൽ തല ചേർത്ത് വെച്ച് ഭ്രാന്തൻ കണാരൻ മലർന്നു കിടന്നു. അമ്മയുടെ മടിത്തട്ടിൽ ഉറങ്ങുന്ന കുഞ്ഞിനെ പോലെ കണ്ണുകൾ ചേർത്തടച്ചു ആ പാവം മരിച്ചു കിടക്കുകയാണ്.
“ആ പാലം അവന്റെ അമ്മയാണ് എന്നാണ് അവൻ പറയാറ്. എന്ത് കിട്ടിയാലും ആ തൂണിന്റെ ചുവട്ടിൽ പോയിരുന്നു, അമ്മക്ക് പങ്ക് കൊടുത്തിട്ട് അവൻ കഴിക്കാറുള്ളു.”
“ശരിയാണ്, ആ തൂണിന്റെ ചുവട്ടിലിരുന്നു അവൻ സങ്കടം പറയുന്നത് എത്ര തവണ ഞാൻ കണ്ടിരിക്കുന്നു”.
“ഭ്രാന്തൻമ്മാർ അങ്ങനെ പലതും ചെയ്യും അതൊന്നും അത്ര കാര്യമല്ല”.
കൂടി നിന്നവർ ഒറ്റക്കും പെട്ടയ്ക്കും ചർച്ചയാണ്.
"എനിക്കൊന്നു കാണാൻ പറ്റുവോ" ചിലമ്പിച്ച ആ ശബ്ദത്തിന് ഉടമ കണ്ടപ്പൻ മാമനായിരുന്നു.
കണ്ടപ്പൻ മാമൻ, 90 കഴിഞ്ഞ ഒരു കിഴവൻ, ഊന്നു വടി ഊന്നി അയ്യാൾ പതിയെ പതിയെ പാലത്തിനു താഴെ ഇറങ്ങി. .തൂണിൽ തലചേർത്തുറങ്ങുന്ന കണാരന്റെ നരച്ച താടി വളർന്നിറങ്ങിയ വിളറിയ മുഖത്തു നോക്കി കുറച്ചു നേരം നിശബ്ദനായി. കണാരന്റെ നീണ്ടു വളർന്ന ജടപിടിച്ച മുടിയിഴകളിലൂടെ കുഞ്ഞുറുമ്പുകൾ സഞ്ചാരം തുടങ്ങിയിരുന്നു. അഴുക്ക് പിടിച്ചു കറുത്ത നീണ്ട നഖങ്ങൾ നിറഞ്ഞ വിരലുകളിലൂടെ അമ്മയുടെ തലോടൽ എന്ന പോലെ ചെറു നീർച്ചാൽ ഒഴുകികൊണ്ടേയിരുന്നു.
"അവൻ ഭ്രാന്തനല്ലായിരുന്നു, അവൻ ഭ്രാന്തനല്ലായിരുന്നു" കണ്ടപ്പൻ മാമന്റെ ചുണ്ടുകൾ ആരോടെന്നില്ലാതെ മന്ത്രിച്ചു.
തിരികെ കയറ്റം കയറി പാലത്തിനു മുകളിൽ എത്തിയപ്പോൾ വല്ലാതെ കിതച്ചുപോയി കണ്ടപ്പൻ മാമൻ. കൈ വരിയിൽ ചാരി താഴേക്ക് നോക്കിയപ്പോൾ മാമനെ നോക്കി മലർന്നു കിടക്കുന്ന കണാരന്റെ മുഖത്തു അമ്മയെ കണ്ട കുഞ്ഞിനെ പോലെ സന്തോഷം അലതല്ലുന്നതായി മാമന് തോന്നി. വരണ്ട ചുണ്ടുകൾ കൊണ്ട് എന്തോ പിറുപിറുത്തു അയ്യാൾ വേച്ചു വേച്ചു നടന്നു.
കണ്ടപ്പൻ മാമ എന്റെ അമ്മ എപ്പഴാ എന്നെ കാണാൻ വരണേ?
ശൂന്യതയിൽ എവിടെനിന്നോ ഭ്രാന്തൻ കണാരന്റെ ചോദ്യം മാമന്റെ ചെവിയിലേക്ക് അടിച്ചു കയറി. അൽപ്പനേരം വഴിവക്കിൽ നിന്ന് ശ്വാസമെടുത്തു കിതപ്പടക്കി കണ്ടപ്പൻ മാമൻ. രണ്ടു തുള്ളി കണ്ണുനീർ അയ്യാളുടെ കൺപോളകളിൽ കാഴ്ചക്ക് മറയായി തങ്ങി നിന്നു.
“പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണിൽ നിന്ന്
പൊന്നോയെന്നൊരു വിളിയും കേട്ട്
പൊന്നോയെന്നൊരു വിളിയും കേട്ട്”
ദൂരെയെവിടെ നിന്നോ ആ നാടൻ പാട്ടിന്റെ ഈരടികൾ അയ്യാളുടെ ചെവികളിലേക്ക് ഒഴുകിയെത്തി. വഴിവക്കിലെ കറുപ്പും വെളുപ്പും പെയിന്റ് പൂശിയ സർക്കാർ കല്ലിൽ ചാരിയിരുന്നു അയ്യാൾ കണ്ണുകളടച്ചു. കുഴിച്ചു മൂടിയ ഓർമ്മകളിലേക്ക് അയ്യാളുടെ മനസ് സഞ്ചരിച്ചുകൊണ്ടിരുന്നു.
ആരവങ്ങൾ ഉയരുകയാണ്, വല്യമ്പ്രാൻ എഴുന്നള്ളി, കർക്കിട ത്തിന്റെ വറുതിയിൽ പട്ടിണിയിലാണ് അടിയൻമ്മാരുടെ കുടുംബ ങ്ങൾ. 100 പറ കണ്ടതിനു വെള്ളം കൊടുക്കുന്ന കൊള്ളി തോടിനു കുറുകെ മരം കൊണ്ട് പാലം കെട്ടാൻ ആശാരിമാരെയും കൊണ്ട് വന്നിട്ടുണ്ട്. പാലം കെട്ടി കഴിഞ്ഞാൽ അടിയൻമ്മാർക്ക് രണ്ടു വട്ടി നെല്ല് തമ്പ്രാൻ വക സമ്മാനവും ഉണ്ട്.
കുഞ്ഞു കണാരനെ നെഞ്ചോട് ചേർത്ത് മുലയൂട്ടി ചിരുതപെണ്ണും കെട്ടിയോൻ കോരനും കാഴ്ചക്കാരുടെ കൂട്ടത്തിലുണ്ട്. സമയം നോക്കി സ്ഥാനം നോക്കി ലക്ഷണം പറഞ്ഞു തച്ചൻ. ഉരു മുറിച്ചു ചീകി മിനുക്കി, പലകയാക്കി പണിക്കാർ.
നേരത്തോടു നേരം കടന്നു പോയി, മുൻപും പിൻപും തൂണിൽ ഉറച്ച നടപ്പാലത്തിന്റെ പലക, തോട്ടു മധ്യത്തു രണ്ടാം തൂണിൽ ആടിയിളകിനിന്നു. തച്ചനും സഹായിയും പണിക്കാരും കഴിവിൽ പരമാവധി ശ്രമിച്ചിട്ടും പലക ഉറയ്ക്കാതെ ആടി നിന്നു.
കണിയാനെത്തി, രാശിപ്പലകയിൽ കവടി നിരന്നു, തബ്രാനും തച്ചനും നിശബ്ദരായി കണ്ടു നിന്നു. ചതുരപ്പലകയിൽ നിരന്ന കവടികരുക്കളോട് സംവാദം നടത്തി കണിയാൻ മുഖമുയർത്തി.
ശാപമാണ് തമ്പ്രാൻ, കൊടും ശാപം, ശാപം മാറ്റാൻ ചെഞ്ചോര ഒഴുകിയിറങ്ങണം, മുലയൂട്ടുന്ന പെണ്ണിന്റെ ചോര കൊണ്ട് മണ്ണ് നനയ്ക്കണം, അമൃത് നിറയുന്ന അവളുടെ മുലകൾക്ക് മുകളിൽ തൂണിന്റെ കാലു നാട്ടണം.
കൊണ്ട് പോയടാ കണാരാ നിൻറ്റെ അമ്മയെ അവര്, മാറത്തിരുന്നു മുല കുടിച്ച നിന്നെ വലിച്ചെടുത്തു മാറ്റി അവളെ അവര് കൊണ്ട് പോയടാ കണാരാ... കണ്ടപ്പൻ മാമന്റെ വിറച്ച സ്വരവും നിറഞ്ഞ കണ്ണുകളും കാണാൻ കാഴ്ചക്കാരാരും ഉണ്ടായിരുന്നില്ല.
അവനു ഭ്രാന്തില്ലായിരുന്നു, അവനു ഭ്രാന്തില്ലായിരുന്നു, പാലത്തിനു താഴെ ഉറങ്ങിക്കിടക്കുന്ന അവന്റെ അമ്മയോട് മിണ്ടീ പറഞ്ഞു ഇരിക്കണ അവനു ഭ്രാന്തില്ലായിരുന്നു. ആരോടെന്നില്ലാതെ കണ്ടപ്പൻ മാമൻ പറഞ്ഞുകൊണ്ടിരുന്നു.
ഓർമ്മകൾ കടൽ തിരകൾ പോലെ അയ്യാളുടെ മനസിലേക്ക് ഇരച്ചു കയറി. ചിരുതയെ പിടിച്ചു കൊണ്ട് പോകാൻ ശ്രമിച്ചത് തടഞ്ഞ കോരനെ അവര് വയലിലെ ചെളിയിൽ ചവിട്ടി താഴ്ത്തി, ചെളിവെള്ളം കുടിച്ചു കൈകാലിട്ടടിച്ചു ആ പാവം ആ വയലിൽ മരിച്ചു വീണു.
കൈകാലുകൾ ബന്ധിച്ചു കൊള്ളി തോടിനു കുറുകെ കിടത്തി ചിരുതയുടെ മാറിലൂടെ മുളങ്കുറ്റി അടിച്ചു കയറ്റി തൂണ് നാട്ടി പണിക്കാർ, ചെഞ്ചോര കുത്തിയൊഴുകിയ കൊള്ളി തോടിലെ കലക്ക വെള്ളത്തിന് കുറെ നാളുകൾ ചുമന്ന നിറമായിരുന്നു. നെഞ്ചിൽ തൂണ് കയറിയ പെണ്ണിന്റെ പിടച്ചിൽ തീരും മുൻപേ കളിമണ്ണ് കൊണ്ട് ബണ്ട് കെട്ടി അവളെ ജീവനോടെ കുഴിച്ചു മൂടി തമ്പ്രാന്റെ സിൽബന്ധികൾ.
മുട്ടിലിഴഞ്ഞ കുഞ്ഞു കണാരന് അന്നം കൊടുക്കാൻ അടിയാൻമ്മാരിൽ ആരൊക്കെയോ ഉണ്ടായിരുന്നു, പാലത്തിനു ബലം കൊടുക്കാൻ ചത്ത് പോയവളുടെ മകനെന്ന പേര് കുഞ്ഞു കണാരന്റെ പട്ടിണി മാറ്റാൻ മാത്രം ഉപയോഗമുള്ളത് ആയിരുന്നില്ല. എങ്ങനെയോ അവൻ വളർന്നു, കേട്ടറിവിലെ അമ്മയെ കാണാൻ അവൻ എന്നും പാലത്തിനു താഴെ കാത്തിരിക്കുമായിരുന്നു. പെറ്റമ്മയെ കാണാൻ കൊതിയോടെ കാത്തിരുന്നവന് പുതിയ തലമുറ ഭ്രാന്തനെന്ന പേര് ചൊല്ലി വിളിച്ചു, കുഞ്ഞു കണാരൻ ഭ്രാന്തൻ കണാരനായി.
“കണ്ടപ്പൻ മാമ, കന്നി വെറി തീരും മുൻപ് എന്നെ കൊണ്ടോവാൻ അമ്മ വരു ന്നു പറഞ്ഞാരുന്നു, 'അമ്മ വരുമ്പോൾ അമ്മയുടെ മടിയിൽ കിടന്നു കുറെ നേരം ഞാൻ ഒറങ്ങും”
പൊതിഞ്ഞു കൊടുത്ത ഇത്തിരി ചോറ് അമ്മയ്ക്ക് പങ്ക് മാറ്റി വെച്ചിട്ട് കണാരൻ അവസാനം പറഞ്ഞ വാക്കുകൾ കണ്ടപ്പൻ മാമന്റെ മനസ്സിൽ പലവുരു മുഴങ്ങി കൊണ്ടിരുന്നു.
കന്നി വെറി തീർന്നില്ല, കൊള്ളി തോടിന്റെ നീര് വറ്റിയ മൺതിട്ടയിൽ കണാരൻ അവന്റെ അമ്മയുടെ മടിയിൽ തല ചായ്ച്ചു ഉറങ്ങുകയാണ്. ഭ്രാന്തൻ കണാരന് മാത്രം കാണാൻ കഴിയുന്ന അമ്മയുടെ മടിത്തട്ടിൽ കിടന്നു അവൻ സുഖമായി ഉറങ്ങുകയാണ്.
കാലം കുറെ കടന്നു പോയി, കണ്ടപ്പൻ മാമനും ഭ്രാന്തൻ കണാരനും ഓർമ്മകളായി മാറി. പഴയ നടപ്പാലം പൊളിച്ചു കോൺക്രീറ്റ് പാലമായി, ദ്രവിച്ചു പോയ മുളങ്കുറ്റിക്ക് താഴെ കളിമണ്ണ് ബണ്ടിന് അടിയിൽ പിടഞ്ഞു തീർന്ന പെണ്ണിന്റെ അസ്ഥിക്കഷണങ്ങളെങ്കിലും ബാക്കി ഉണ്ടാകുമോ.
ദൂരെ എവിടെയോ നിന്ന് ആ നാടൻ പാട്ടിന്റെ ഈരടികൾ കാറ്റിലൂടെ ഒഴുകി ഒഴുകി വരുകയാണ്.
പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
പൊന്നു എന്നൊരു വിളിയും കേട്ട്
എന്താണപ്പാ ഒരു വിളിയും കേട്ട്
എന്റമ്മ വിളിക്കെണൊരൊച്ച പോലെ
എന്റമ്മ മണ്ണോടു മണ്ണായെന്ന്
അപ്പന് തന്നല്ലേ പറയാറ്ള്ളേ
അപ്പന് തന്നല്ലേ പറയാറ്ള്ളേ
ആയകഥ കേട്ട് കരയരുതെ പൊന്നു
ആയകഥ ഞാന് ശൊല്ലിത്തരാം
******************************
(കേട്ട് കേട്ട് മനസ്സിൽ നോവായി പതിഞ്ഞ നാടൻ പാട്ട്)