കഥ : കാലം
രചന : അനൂപ് പയ്യടിത്താഴം
മെയ്മാസ പകുതിയിൽ ക്ഷണിക്കാതെ വന്നെത്തുന്ന മഴയും.., അകമ്പടി സേവിക്കുന്ന ഇടിയും മിന്നലും..., വേനലവധിക്കളികളിലെ രസംകൊല്ലിയാണെങ്കിലും അതൊരു നനവാർന്നൊരോർമ്മയാണ്....
എന്നും....
പക്ഷെ...
ഈർക്കലിൽ കോർക്കുമ്പോഴുള്ള അതിന്റെ പിടച്ചിൽ അന്നും ഇന്നും ഒരു വേദനയോർമ്മയാണ്.....
ആർത്തലച്ചു പെയ്യുന്ന മഴ ചിലപ്പോഴൊക്കെ, ഓലവീടിന്റെ നിസ്സാര പ്രതിരോധവും ഭേദിച്ച്, ചാണകം മെഴുകിയ നിലത്തുവെച്ച പാത്രങ്ങളിൽ ഇറ്റു വീഴുന്ന ശബ്ദം, ഇന്നും ഓർമ്മകളിൽ മായാത്ത പ്രതിധ്വനിയാണ്....
ബാബുവേട്ടൻ തുന്നിത്തന്ന പുത്തൻ ട്രൗസറും ഷർട്ടും ഇസ്തിരിയിട്ട് ആദ്യ ദിവസം ഗമയിൽ പോകാൻ ചിരട്ട ഏറെ പണിപ്പെട്ട് കത്തിച്ചതും, ആളിക്കത്തലിനൊടുവിൽ കരിഞ്ഞ് മറഞ്ഞു വീഴാറായ അവനെ കയിൽക്കണ കൊണ്ട് പണിപ്പെട്ട് പെട്ടിക്കുള്ളിലാക്കിയപ്പോൾ കൈപൊള്ളിയതും, എങ്ങിനെയോ അറ്റത്തെ ലോക്കുമിട്ട് തേച്ചു തുടങ്ങിയപ്പോൾ തൂവെള്ള ഷർട്ടിൽ കരിപിടിച്ചതും, സങ്കടത്തോടെ പെട്ടി വട്ടവള്ളിൽ വച്ചപ്പോൾ പുറത്തേക്ക് ചാടിപ്പോയതും, എല്ലാം പൊടിപിടിക്കാത്ത ഓർമ്മകളാണ്.....
പാപ്പന്മാർ വീതിയുള്ള വെള്ള ഇലാസ്റ്റിക് ബാൻ്റിട്ട് ബുക്ക് കൊണ്ടു പോവുന്നത് കണ്ടിട്ട് കൊതി തോന്നിയിട്ടുണ്ട്. പക്ഷെ കാലം അപ്പോഴേയ്ക്കും അലൂമിനിയപ്പെട്ടിയുടെ ഭദ്രതകളിലേയ്ക്ക് പുസ്തകങ്ങളെ ഒതുക്കിയിരുന്നു.
പാഠപുസ്തകങ്ങൾക്ക് ശ്വാസം മുട്ടി, അവയ്ക്ക് പുറം ലോകത്തെ കാറ്റും സുഗന്ധവും അന്യമായത് എൺപതുകളുടെ തുടക്കത്തിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്....
നേരത്തെയെഴുനേറ്റ് മുന്നിലെ ആലയുടെ മൂലയിൽ തൂക്കിയിട്ട വട്ടയിൽ നിന്നും ഉമിക്കരിയെടുത്ത് പല്ല് വെളുപ്പിച്ച്, കിണറ്റിൻ കരയിൽ നിന്നും തണുത്ത വെള്ളം കോരിക്കുളിച്ച്, അച്ചമ്മയുടെ കൈപ്പത്തിരിയും കറിയും കഴിച്ച് കണ്ണാടിയുടെ മുന്നിൽ....
മുടിചീകൽ അടക്കം എല്ലാ ജോലിയും അമ്മയ്ക്ക്. ഷർട്ടും ഇൻ ചെയ്ത്, നീണ്ട കോലായിൽ വാൽസല്യത്തോടെ വാലാട്ടി നോക്കിനിൽക്കുന്ന ടോമിയോടും, പഴയ പൊട്ടിയ കറിച്ചട്ടികളിൽ മുളപ്പിച്ച ചെട്ടി തൈകളോടും, യാത്രപറഞ്ഞ് അലൂമിനിയപ്പെട്ടിയും തൂക്കി റോഡിനു സൈഡിലൂടെ പയ്യടിമീത്തലിലെ വെള്ളായിക്കോട് സ്കൂളിലേയ്ക്ക്...
സ്ലേറ്റും, മഷിത്തണ്ടും, പഴം കഞ്ഞിയും, തുള്ളിത്തൊട്ടും, പുളിക്കെറിയലും, പഠിത്തവും ചിത്രം വരയലും സ്പോർട്സും , അടിപിടിയും, ഏറെ ഇഷ്ടപ്പെട്ട മാഷുമാരും ടീച്ചർമാരും, കൂട്ടുകാരുമൊത്ത് ചളിയിൽ കളിച്ച് തിമിർത്ത നാളുകൾ...
നിനച്ചിരിക്കാതെ പെയ്ത മഴയിൽ വാഴയില തലയ്ക്ക് മീതെ പിടിച്ച് വീട്ടിലേക്കോടിയത്, നാലോ അഞ്ചോ കൈകൾ വാരിത്തിന്ന ആ ചെറിയ ചോറ്റുപാത്രവും ചമ്മന്തിയുടെ സ്വാദും. പ്രിയപ്പെട്ടവർ ക്ലാസ് മാറിയപ്പോൾ അറിയാതെ കണ്ണു നിറഞ്ഞത്....
സ്കൂളിൽ നിന്നും മടങ്ങും വഴി മൂന്നാളുകൾ ചൂടിയ കുടയിലേക്ക് നടുവിൽ നുഴഞ്ഞുകയറിയത്... !!!!
വർത്തമാനം പറഞ്ഞ കൂട്ടുകാരന്റെ പേര് മാഷറിയാതെ വെട്ടിയത്, ഓർമ്മപ്പുസ്തകത്തിലെ ഏറ്റവും പ്രിയതരമായൊരേട് ...
സൈക്കിൾ ടയറുരുട്ടലും, കോട്ടി കളിയും, കൊത്തൻ കല്ലും, പുളിങ്കുരു പെറുക്കലും, കാശിക്കുഞ്ചിയും, ഓല മേഞ്ഞ ടോക്കീസിൻ്റെ മുന്നിലെ പൂഴിയിൽ ചുവപ്പ് ബക്കറ്റിനരികിൽ മുകളിലോട്ട് നോക്കി സിനിമ കാണലും, പുര കെട്ടലും, പനമട്ടലിലൂടെ ഊർന്നിറങ്ങലും, ഇടങ്കാലിട്ട് സൈക്കിൾ പഠിക്കലും, കല്യാണ വീട്ടിൽ ഈന്തോല കെട്ടലും....
അങ്ങനങ്ങനെ....
ഇനിയൊരിക്കലും..., തിരിച്ചുവരാത്ത..., ഏറെ മനോഹരമായ ആ കാലത്തേയ്ക്ക്....
ആ പഴയൊരു ജൂൺ തുടക്കത്തിലേയ്ക്ക്....