കഥ : ജീവിതത്തിൽ ജയിച്ചവരും ജയിക്കാത്തവരും
രചന : മധു നിരഞ്ജൻ
ഇത് നിങ്ങൾ വായിച്ചു നോക്കുക, ഇത് മൂലം എന്തെങ്കിലും പ്രയോജനം നിങ്ങൾക്ക് ജീവിതത്തിൽ ഉണ്ടാകുമെങ്കിൽ അത്രയും നല്ല കാര്യം. ഇത് നമ്മുടെ മക്കളെ വായിച്ചു മനസ്സിലാക്കി കൊടുക്കുക. അല്ലെങ്കിൽ അവരെ ഇത് വായിച്ചു മനസ്സിലാക്കാൻ അനുവദിക്കുക.
"ജീവിതത്തിൽ തോറ്റുപോയി എന്ന് സ്വയം ചിന്തിക്കുന്നവർ.." ശരിക്കും അവർ തോറ്റവർ അല്ല, അവർ സ്വയം ചിന്തകൾ കൊണ്ട് തോൽപ്പിച്ചതാണ്.. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവും മിത്രവും ചിന്തകളാണ്. ആവശ്യമുള്ളതും, അനാവശ്യവുമായ ഒരുപാട് ഒരുപാട് ചിന്തകൾ. ചിന്തകൾ കാടുകയറുമ്പോൾ മനസ്സ് ഒരുപാട് വിഷമിക്കുമ്പോൾ, നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം യാത്ര പോകുക എന്നുള്ളതാണ്.
മഞ്ഞുമലകളിലും, ഗിരിശൃംഗങ്ങളിലും, തെരുവുകളിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒന്നും പറ്റിയില്ലെങ്കിൽ അടുത്ത ഒരു സ്ഥലത്തേക്ക് എങ്കിലും യാത്ര പോവുക..
"ഒന്നും ആലോചിക്കരുത് ഒന്നിനെക്കുറിച്ചും ചിന്തിക്കരുത്.."
എത്ര പ്രയാസമുണ്ടായാലും ഒരു പുഞ്ചിരിയോടു കൂടി നേരിടാൻ ശ്രമിക്കുക. ഒന്നും അവസാനം അല്ല. ചില അനുഭവങ്ങൾ ജീവിത വിജയത്തിലേക്കുള്ള പടിവാതിലുകൾ ആകാം..
"ജയിക്കും നമ്മൾ ജയിക്കുമെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കണം".
ചിലപ്പോൾ തോറ്റുപോകാം, അതൊരു അവസ്ഥ മാത്രമാണ്..!!
തോൽവിയും ജയവും ഒക്കെ ജീവിതത്തിന്റെ ഭാഗമാണ്.
ഓരോ തോൽവിയിലും നമ്മൾ വിജയിക്കാനായി ശ്രമിച്ചുകൊണ്ടേയിരിക്കണം. ചുറ്റുമുള്ളവർ പലതും പറയും അതിനൊന്നും മുഖം കൊടുക്കരുത്. അവർ അങ്ങനെയാണ് നമ്മൾ എന്ത് ചെയ്താലും പറഞ്ഞുകൊണ്ടേയിരിക്കും.
ഒരുവനെ തളർത്തുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് കൂടുതൽ പേരും. അവരിൽ നിന്നും ഒരു നല്ല വാക്ക് പ്രതീക്ഷിക്കേണ്ടതില്ല അത് അങ്ങനെയാണ്. ഒരു വാക്കു കൊണ്ടോ, ഒരു പ്രവർത്തി കൊണ്ടോ, നല്ലത് പറയാൻ ബുദ്ധിമുട്ടുള്ളവരാണ് അല്ലെങ്കിൽ, ഒന്നു പുഞ്ചിരിക്കുവാൻ മനസ്സുനിറഞ്ഞു പുഞ്ചിരിക്കുവാൻ, ബുദ്ധിമുട്ടുള്ളവരാണ് കൂടുതൽ പേരും.
നമ്മൾക്ക് നേരെ വരുന്ന ഒരുവന്റെ മുഖത്തുനോക്കി നമുക്ക് പുഞ്ചിരിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു അത്ഭുതമായിരിക്കും അവിടെ സംഭവിക്കുന്നത്. പുഞ്ചിരി കൊണ്ട് ഈ ലോകത്ത് അത്ഭുതങ്ങൾ ഉണ്ടാക്കാൻ പറ്റും. ആത്മാർത്ഥമായി ചിരിക്കുക അഭിനയിച്ചു, ചിരിക്കേണ്ട കാര്യമില്ല.
"എന്തൊക്കെ സംഭവിച്ചാലും എത്ര പ്രയാസമുണ്ടായാലും തളർന്നു പോകരുത്".
ജീവിതമെന്നാൽ നമ്മുടെ ഇഷ്ടങ്ങൾക്കും, പ്രതീക്ഷകൾക്കും അനുസരിച്ച് മാത്രം നടക്കുന്ന ഒരു കാര്യമായി കാണരുത്. ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങളിലൂടെ പ്രയാസങ്ങളിലൂടെ കടന്നു പോകേണ്ടിവരും.
എങ്കിലും തളരാതെ മനസ്സിനെ ഏകാഗ്രമാക്കി മുന്നോട്ടു പോകണം, ജീവിതം എന്നാൽ കുറെ പണം ഉണ്ടാക്കി സ്വത്തുക്കൾ ഉണ്ടാക്കി അടുത്ത തലമുറയ്ക്കും അതിനടുത്ത തലമുറയ്ക്കും കൂടി ജീവിക്കാനുള്ളത് ഉണ്ടാക്കി വെച്ചിട്ട് പോവുക എന്നുള്ളതല്ല. ദൈവം നമ്മുളെ ഈ ഭൂമിയിലേക്ക് വിട്ടത് ജീവിക്കാനാണ് അല്ലാതെ പണമുണ്ടാക്കാൻ അല്ല, അത് മറക്കരുത്.
അവൻ ഒന്നുമില്ലാതെയാണ് നമ്മളെ ഭൂമിയിലേക്ക് വിട്ടത്, അതുപോലെ ഒന്നുമില്ലാതെ തന്നെയാണ് അവൻ നമ്മളെ ഇവിടെ നിന്നും കൊണ്ടുപോകുന്നത്. അതുകൊണ്ട്, അഹങ്കാരവും ഗർവും ഞാനെന്ന ഭാവവും മാറ്റിവെക്കുക. ഒരു വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുക. ഞാനെന്റെ ബൃഹത്തായ സംഭവബഹുലമായ ജീവിതത്തിൽ നിന്നും മനസ്സിലാക്കിയതാണ് അറിഞ്ഞതാണ് ഇതെല്ലാം.
യാത്രകളും ജീവിതവും ലോകവും എന്റെ മനസ്സിനെയും ഒരുപാട് പരുവപ്പെടുത്തി. കഴിയുന്ന സന്ദർഭങ്ങളിൽ ഒക്കെ പറ്റുന്ന പോലെ മറ്റുള്ളവരെ സഹായിക്കാനും ഒന്നുമില്ലെങ്കിൽ ഒരു നല്ല വാക്ക് എങ്കിലും പറയാനും ശ്രമിക്കുക. പിന്നെ തെമ്മാടികളെയും ചതിയന്മാരെയും വഞ്ചകരയും ആ രീതിയിൽ തന്നെ നേരിടുകയും വേണം. കാരണം അർഹിക്കുന്നവർക്ക് മാത്രമേ അവർക്ക് അർഹമായ സ്ഥാനവും വിലയും കൊടുക്കുവാൻ പാടുള്ളൂ. നമ്മുടെ സ്ഥായിഭാവം ശാന്തത ആണെങ്കിലും പ്രതികരിക്കേണ്ട സമയത്ത് സംഹാര രുദ്ര ആവേണ്ട സമയത്ത് അത് ചെയ്യുക തന്നെ വേണം. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹമാകാതിരിക്കുക. നമ്മുടെ ആ കഴിവുകേടുകളാണ് മറ്റുള്ളവർ മുതലെടുക്കുന്നത് എന്നും, നമ്മുളെ ഭരിക്കുന്നവർ മുതലെടുക്കുന്നത് എന്ന് മനസ്സിലാക്കുക.
അവസ്ഥകൾ മാറിമറിഞ്ഞു കൊണ്ടേയിരിക്കും ഒന്നും ശാശ്വതമല്ല. ഈ മായാ ലോകത്തെ, മായ കാഴ്ചകളാണ് നമുക്ക് ചുറ്റുമുള്ളതൊക്കെ. നമ്മളെല്ലാം വാടകക്കാരാണ് ഈ ഭൂമിയിലേക്ക് ജീവിക്കാൻ വന്ന വാടകക്കാർ. സമയമാകുമ്പോൾ ഒഴിഞ്ഞു പോകേണ്ടവർ. പോകുമ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്നു എന്ന് വിചാരിക്കുന്നവർ ഒന്നും നമ്മുടെ കൂടെ ഉണ്ടാവുകയില്ല നമ്മുടെ കൂടെ വരികയുമില്ല. കൂടുതലും പണാധിഷ്ഠിത ബന്ധങ്ങളും സൗഹൃദങ്ങളുമാണ് നമുക്ക് ചുറ്റുമുള്ളത് എന്ന് മനസ്സിലാക്കുക. അങ്ങനെയല്ലാത്തവരെ നെഞ്ചോട് ചേർത്തു പിടിക്കുക.
"നിങ്ങൾ ജീവിക്കുക ഇന്ന് ജീവിക്കുക".
"ഇന്ന് എന്നുള്ളത് മാത്രമാണ് സത്യം. ഇന്നലെകൾ ഓർമ്മകളും നാളെ എന്നുള്ളത് ഒരു വിശ്വാസവുമാണ്".
പരീക്ഷയിൽ ജയിച്ച് ഉന്നത റാങ്കുകൾ, ഫസ്റ്റ് റാങ്കും സെക്കൻഡ് റാങ്കും നേടുന്നത് മാത്രമല്ല ജീവിതം. അതുകൊണ്ട് മാത്രം ജീവിതവിജയം ആകുകയില്ല. അത് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ കരിപിടിപ്പിക്കാനുള്ള ഉപാധികൾ മാത്രമാണ്. മികച്ച ജോബുകൾ നേടാൻ പറ്റും അതിലൂടെ മികച്ച വരുമാനവും ജീവിത ചുറ്റുപാടുകളും ഉണ്ടാക്കാൻ പറ്റും. എന്നുവെച്ച് പരീക്ഷകളിൽ തോറ്റവരെല്ലാം ജീവിതത്തിൽ തോൽക്കുന്നില്ല, തോൽക്കണം എന്നില്ല. ഉന്നത ബിരുദങ്ങളും റാങ്കുകളും നേടിയവരെക്കാൾ ജീവിതത്തിൽ വിജയിച്ചവർ ഒരുപാടുണ്ട് നമുക്ക് ചുറ്റും, ഒരുപാട് ഉദാഹരണങ്ങൾ.
പരീക്ഷയിൽ ഉന്നത മാർക്കുകൾ നേടിയെന്ന് വെച്ച് ഒരുവൻ ജീവിതത്തിൽ വിജയിക്കണമെന്നും ഇല്ല. പരീക്ഷകളിലെ വിജയവും പരാജയവും, ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അതിനേക്കാൾ ഉപരി ഇച്ഛാശക്തി ഉണ്ടെങ്കിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഉയരങ്ങളിലേക്ക് എത്താൻ പറ്റും, എല്ലാ രീതിയിലും നിങ്ങൾ ജീവിതത്തിൽ വിജയിക്കും.
ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ പാടില്ല. പ്രശ്നങ്ങളെ അഭിമുഖീകരിച്ച് തരണംചെയ്ത് വേണം നമ്മൾ മുന്നോട്ടു പോകുവാൻ. ഒരു ചെറിയ കാര്യത്തിന് പോലും തളർന്നു പോകുവാൻ പാടില്ല.
ജീവിതത്തിൽ ഉണ്ടാകുന്ന കടുത്ത പ്രതിസന്ധികളിൽ ആത്മഹത്യ ചെയ്യുക എന്നതല്ല ചെയ്യേണ്ടത്. അത് ഭീരുത്തമാണ് അത് ഭീരുക്കളുടെ പ്രവർത്തിയാണ്. ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും നിശ്ചയദാർഢ്യത്തോടെ സമചിത്തതയോടെ അഭിമുഖീകരിക്കുക, അതിനെ തരണം ചെയ്യാനുള്ള വഴികൾ കണ്ടെത്തുക. അല്ലാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്.
ഓരോ മനുഷ്യജീവിതവും പലപല അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. പലരും ജീവിക്കാനുള്ള ഓട്ടത്തിലാണ് നിർത്താതെയുള്ള ഓട്ടം സമയമില്ല ഒന്നിനും. പലരുടെയും മനുഷ്യ ജീവിതത്തിലെ സുവർണ കാലഘട്ടം എന്നു പറയുന്നത് ചിലപ്പോൾ അവരുടെ ബാല്യകാലമായിരിക്കും. എല്ലാവർക്കും അല്ല കുറെ പേർക്ക്, കാര്യങ്ങൾ നോക്കുവാൻ മാതാപിതാക്കൾ ഉണ്ടാവും അല്ലെങ്കിൽ ആരെങ്കിലുമൊക്കെ ഉണ്ടാവും. പഠിക്കുന്നത് വരെ ഒന്നും അറിയണ്ട. പഠിച്ചു കഴിഞ്ഞാൽ ജോലി കിട്ടാൻ നെട്ടോട്ടം, ജോലി കിട്ടിക്കഴിഞ്ഞാൽ കല്യാണം കഴിക്കാൻ വധുവിനെ തേടി നെട്ടോട്ടം, അല്ലെങ്കിൽ വരനെ തേടി നെട്ടോട്ടം. വരുന്നയാൾ ജീവിതത്തിൽ നമ്മുടെ ഉത്തമ പങ്കാളി ആണോ എന്ന് അറിയാതെയുള്ള ടെൻഷൻ. വിവാഹം കഴിഞ്ഞാൽ ഭാര്യയെ സന്തോഷിപ്പിക്കാൻ നെട്ടോട്ടം. അല്ലെങ്കിൽ ഭർത്താവിനെ സന്തോഷിപ്പിക്കാനുള്ള നെട്ടോട്ടം. കുട്ടികൾ പിറന്നാൾ, അവരെ വളർത്തുന്നതിനു സമ്പാദിക്കാൻ നെട്ടോട്ടം. അവർ നല്ലത് പോലെ പഠിച്ചാൽ നല്ല സ്കൂളിൽ അഡ്മിഷൻ കിട്ടാൻ നെട്ടോട്ടം. പഠിച്ചു ഡിഗ്രി നേടിയാൽ അവർക്ക് ജോലി മേടിച്ചു കൊടുക്കാൻ നെട്ടോട്ടം. അവരെ നല്ല രീതിയിൽ വിവാഹം ചെയ്തു അയക്കുവാനുള്ള നെട്ടോട്ടം. ചിലർ ഇനിയുള്ള 10 തലമുറയ്ക്ക് വേണ്ടി വരെ സമ്പാദിച്ചു വെക്കാനുള്ള നെട്ടോട്ടം.
"വയസ്സ് 60 കഴിഞ്ഞാൽ ആശുപത്രികൾ തേടി നെട്ടോട്ടം..."
ആകെ മൊത്തം മരിക്കുന്നതു വരെ നെട്ടോട്ടം. ഒന്നിനും സമയമില്ല,
"ഓടെടാ ഓട്ടം തന്നെ.." ഇതിനിടയിൽ ജീവിക്കുന്നുണ്ടോ ഇല്ല.. 😄😄😂
ഈ ഓട്ടങ്ങളൊക്കെ നടത്തിയാലും ഭൂരിഭാഗം പേരുടെ ജീവിതമോ കോഞ്ഞാട്ട. ഓട്ടം മാത്രം മിച്ചം, എന്നിട്ട് ഓടി ഓടി ജീവിതം തേഞ്ഞ് തീരും. മക്കൾക്കും ഇനി വരുന്ന തലമുറയ്ക്ക് ഇട്ടു മൂടാൻ സ്വത്ത് ഉണ്ടാക്കി കൊടുക്കാനുള്ള പാച്ചില് ആണ് ചിലർക്ക്. എത്രയുണ്ടായാലും എത്ര സമ്പാദിച്ചു കൂട്ടിയാലും ദാനധർമ്മം പോലും ചെയ്യില്ല. ജീവിതമില്ലാത്ത ഓട്ടം ഓടി ഓടി ആയുസ്സ് തീർന്ന് മടക്കം.
ആഘോഷിക്കുന്നുണ്ടോ ജീവിതം സന്തോഷിക്കുന്നുണ്ടോ...?
"ഇല്ല"..
നമ്മുടെ തലമുറയോട് കൂടി ഇത് തീരും. ഈ ഓട്ടങ്ങൾ തീരും.
(നമ്മുടെ തലമുറ എന്ന് പറഞ്ഞാൽ ഇപ്പോൾ ഉള്ള ഒരു ഏജ് ഗ്രൂപ്പിൽ പെട്ട 35 മുതൽ മുകളിലോട്ട് ഉള്ളവർ)
എനിക്ക് പറയാനുള്ളതു ഇതാണ് ജീവിതം ആഘോഷിക്കു, ഒരു ലൈഫ് അല്ലേ ഉള്ളൂ പറ്റുന്ന പോലെ ഒക്കെ സന്തോഷിക്കു. കുറച്ച് സമയങ്ങൾ എങ്കിലും നമുക്ക് വേണ്ടി മാറ്റിവയ്ക്കു.
ഇന്നത്തെ പുതിയ തലമുറയിൽ കുറെ പേരെങ്കിലും നമ്മുടെ കാലഘട്ടത്തിൽ നിന്നും കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമാണ്. അവരിൽ ഭൂരിഭാഗവും ജീവിതം ആഘോഷിക്കാൻ ഉള്ളതാണ് എന്ന് ചിന്തിക്കുന്നു നാളെയെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. അവരിൽ പലരും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പകരം സ്വന്തം കാലിൽ നിൽക്കുവാനാണ് ആദ്യം ശ്രമിക്കുന്നത്. എന്നിട്ട് വേണമെങ്കിൽ വിവാഹം കുട്ടികൾ അങ്ങനെയാണ്. വിവാഹമെന്ന ചടങ്ങ് പോലും വേണമെന്നില്ല പലർക്കും. കണ്ട് ഇഷ്ടപ്പെട്ടാൽ പറ്റുന്ന പോലെ ജീവിക്കും ഒന്നിച്ച്. ഒന്നിച്ചു പോകാൻ പറ്റിയില്ലെങ്കിൽ ഷെയ്ഖ് ഹാൻഡ് കൊടുത്ത് പിരിയും, ഉടുപ്പ് മാറുന്നതുപോലെ ബന്ധങ്ങൾ മാറുന്നവർ. പരിഭവമില്ല, പരാതിയില്ല. അവർക്ക് ഡൈവേഴ്സ് എന്നത് സാധാരണ സംഭവം മാത്രമാണ്, അതത്ര വലിയ സംഭവം ഒന്നുമല്ല.
പുതുതലമുറയിലെ എല്ലാവരും അല്ല കുറച്ചു പേരെങ്കിലും അങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ട് അവർ ആഘോഷിക്കട്ടെ ജീവിതം. ആഘോഷിക്കാൻ പറ്റുന്നവരൊക്കെ ജീവിതം ആഘോഷിക്കട്ടെ. കാരണം ഈ ലോകവും മനുഷ്യവംശവും ഇനി എത്രനാൾ ഉണ്ടാകും എന്ന് ഒരു ധാരണയുമില്ല. അതിനു കാരണം നമ്മൾ ഈ പ്രകൃതിയോട് ഭൂമിയോട് ലോകത്തോട് ചെയ്തുകൂട്ടുന്ന പ്രവർത്തികൾ തന്നെയാണ്. നമ്മൾ ഒരു കാര്യം എത്ര സൂക്ഷ്മതയോടെ സൂക്ഷിക്കുന്നോ അത്രമേൽ നമ്മുടെ കൂടെ ഉണ്ടാകും..