ചേച്ചി തന്ന ഊർജത്തിൽ ഞാൻ അതു വെട്ടി നല്ല മോഡലായി ചുരിദാർ തയ്ച്ചു. എങ്കിലും നെഞ്ചിൽ കനമുള്ളതെന്തോ കയറ്റി വച്ച ഒരു ഫീൽ ഉണ്ടായിരുന്നു എനിക്ക്. ആറുമണി ആയപ്പോൾ ആ ചേട്ടൻ വന്ന് ഡ്രസെല്ലാം വാങ്ങി കൊണ്ട് പോയി

ചുരിദാർ


കഥ : ചുരിദാർ


രചന : ശാലിനി ഇ എ

 

കഴിഞ്ഞ ദിവസം മോളുടെ കുട്ടിക്ക് അവരുടെ തറവാട്ടിൽ ചോറ് കൊടുത്തു വരുമ്പോൾ ഞാൻ ഒരു ചേച്ചിയെ കണ്ടു. കെട്ട്യോന്റെ സ്കൂട്ടിക്ക് പിറകിൽ ഇരുന്നു വരുമ്പോഴാണ് ഞാൻ അവരെ കാണുന്നത്.

 

ഞാൻ വേഗം എന്റെ തല അവർ കാണാതിരിക്കാൻ കെട്ട്യോന്റെ പുറത്തേക്ക് ചെരിച്ചു വച്ചു. അങ്ങേർക്കാ ണെങ്കിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഞാൻ എവിടെയും പിടിക്കാൻ പാടില്ല.. 

 

പിടിക്കുന്നിടത്തൊക്കെ ചൂടാണത്രേ..

 

ഇങ്ങനെയും മനുഷ്യരുണ്ടോ ആവോ.. ????

 

ഞാൻ പറയാൻ വന്നത് അതൊന്നുമല്ല..

 

ആ ചേച്ചിയെ കാണുമ്പോ കാണുമ്പോ എനിക്കെന്തോ ഭയമാണ്.

 

അതിന്റെ കാരണം ഞാൻ പറയാം..

 

കുറച്ചു കാലം മുൻപ് ഞാനൊരു സ്റ്റിച്ചിങ് സെന്റർ നടത്തിയിരുന്നു.

 

വീടിന്റെ അടുത്ത് തന്നെ ആയിരുന്നു അത്. കോവിഡിന്റെ സമയത്താണ് ഞാൻ കട പൂട്ടി സ്റ്റിച്ചിങ് വീട്ടിലാക്കിയത്. ഒരു ആറേഴ് കൊല്ലം മുൻപാണ്.

 

ഒരു ദിവസം ഈ ചേച്ചിയുടെ ഹസ്ബൻഡ് എന്റെ വീട്ടിൽ വന്നു.

 

അവരുടെ മകൾ നഴ്സിംഗ് ദൂരെ എവിടെയോ പഠിക്കുന്നുണ്ട്. അവളുടെ കോളേജിൽ രണ്ടു ദിവസം കഴിഞ്ഞാൽ എന്തോ പരിപാടി നടക്കുന്നുണ്ട്.

 

അതിനു ഈ ചേച്ചിയും ചേട്ടനും പോകുന്നുണ്ട്. അപ്പോൾ മകൾക്കു കൊണ്ടു പോകാൻ മൂന്നാലു ജോഡി ചുരിദാർ തയ്ക്കാൻ കൊണ്ടു വന്നതാണ്.

 

മൂന്നു ചുരിദാർ ബിറ്റും ഒരു സെറ്റ് സാരിയും.

 

"ഈ സാരി എന്തിനാ ചേട്ടാ.." ഞാൻ ചോദിച്ചു.

 

അതും ചുരിദാർ അടിക്കാൻ.അയാൾ പറഞ്ഞു.

 

ഈ സാരിയോ.. !!!!! എന്റെ സംശയം തീരുന്നില്ല. കാരണം സീൽ പൊട്ടിച്ചില്ല എന്നു പറയുന്ന പോലെ പുതിയ സാരി. ഉടുത്ത പാട് പോലും അതിനില്ലഅതുകൊണ്ടാണ് എനിക്ക് സംശയം തീരാത്തത്.

 

ചുരിദാർ

അതേ.. അതിലുള്ളത് മുഴുവൻ ചുരിദാർ അടിക്കാൻ ഉള്ള തുണി യാണ്.

 

തൈക്കാൻ തന്നാൽ തൈക്ക .. വേറെ ചോദ്യം ഇല്ല .. അയാൾ കുറച്ചു ദേഷ്യത്തിൽ എന്നോട് പറഞ്ഞു.

 

അല്ല .. അപ്പോ ഇതോണ്ട് തന്നെയാണോ പാന്റും തൈക്കണ്ടത്..?

 

എന്റെ അടുത്ത ചോദ്യം.

 

അല്ലാണ്ട് പിന്നെ ... 

 

അപ്പോഴേ പാന്റിന് ലൈനിങ് ഇടേണ്ടി വരും അല്ലേൽ നിഴലടിക്കും.

 

അപ്പോഴോ..???

 

നിഴലടിക്കുന്ന തുണി ആണെങ്കിൽ ലൈനിങ് ഇടണംഇനി അതും ഞാൻ നിനക്ക് പറഞ്ഞ് തരണോ. എന്റെ ചോദ്യങ്ങൾ അയാൾക്ക്‌ നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

 

ശരി.. എന്നാൽ പറഞ്ഞത് പോലെഎന്നു ഞാൻ പറഞ്ഞു.

 

എങ്കിൽ ഞാൻ മറ്റന്നാൾ വൈകുന്നേരം വരാം. പിറ്റേന്നാൾ പുലർച്ചെ ഞങ്ങൾ പോകും. അതും പറഞ്ഞ് ആ ചേട്ടൻ പോയി.

 

ഞാൻ വേഗം ചുരിദാർ ബിറ്റുകളെല്ലാം തയ്ച്ചു. ലാസ്റ്റ് ഡെലിവറി ചെയ്യേണ്ട അന്നാണ് ഞാൻ ആ സെറ്റ് സാരി കട്ട്‌ ചെയ്യാൻ എടുക്കുന്നത്.

 

ആദ്യം ലൈനിങ് കട്ട്‌ ചെയ്തു. പിന്നെ സെറ്റ് സാരി എടുത്ത് കട്ടിങ് മേശയിൽ മടക്കി ഇട്ടു അതിന്റെ മേലെ കറക്ട് ആയി കട്ട്‌ ചെയ്ത ലൈനിങ് എടുത്തു വച്ചു.

 

എന്തോ.. എത്ര ശ്രമിച്ചിട്ടും എനിക്കതിൽ കത്രിക വക്കാൻ തോന്നുന്നില്ല.

 

എന്റെ ആലോചന കണ്ട് സ്റ്റിച്ച് ചെയ്യാൻ ഇരിക്കുന്ന ചന്ദ്രിക ചേച്ചി എന്നെ നോക്കുന്നുണ്ട്.

 

നീയെന്താടി പെണ്ണെ ആലോചിച്ച് നിൽക്കുന്നെ. അവരെന്നോട് ചോദിച്ചു.

 

അല്ലേച്ചീ... ഇതിൽ കത്രിക വക്കാൻ എന്തോ ഒരു മടി പോലെ.

 

ഇത്രയും പുതിയൊരു സാരി വെട്ടി ചുരിദാർ അടിക്കാന്നു പറഞ്ഞാൽ.

 

ഭക്ഷണം കഴിച്ചിട്ട് ദഹിക്കാത്ത  പോലെ ഒരവസ്ഥ.

 

എന്റെ വിമ്മിഷ്ടം കണ്ട് ചന്ദ്രികേച്ചിയ്ക്ക് ദേഷ്യം വന്നു.

 

അവർക്കില്ലാത്ത വിമ്മിഷ്ടം എന്തിനാടി നിനക്ക്.

 

നീ വേഗം കട്ട്‌ ചെയ്തേ. വൈകുന്നേരം അയാൾ വാങ്ങാൻ വരുമ്പോൾ തയ്ച്ചു കഴിഞ്ഞില്ലെങ്കിൽ അയാളുടെ വായിൽ ഇരിക്കുന്നത് മുഴുവൻ നീ കേൾക്കേണ്ടി വരും.

 

ചേച്ചിയുടെ വാക്കുകൾ കേട്ടതും ഞാൻ കർത്തവ്യനിരതയായി.

 

ചേച്ച്യേ ... ഞാൻ വെട്ടി.

 

ഇനി വരുന്നിടത്തു വച്ചു കാണാം.

 

അല്ല പിന്നെ.

 

ചേച്ചി തന്ന ഊർജത്തിൽ ഞാൻ അതു വെട്ടി നല്ല മോഡലായി ചുരിദാർ തയ്ച്ചു. എങ്കിലും നെഞ്ചിൽ കനമുള്ളതെന്തോ കയറ്റി വച്ച ഒരു ഫീൽ ഉണ്ടായിരുന്നു എനിക്ക്. ആറുമണി ആയപ്പോൾ ആ ചേട്ടൻ വന്ന് ഡ്രസെല്ലാം വാങ്ങി കൊണ്ട് പോയി.

 

കാലത്ത് ആറു മണിക്കുള്ള ബസിൽ പോണം എന്നും പറഞ്ഞ് സന്തോഷത്തോടെയാണ് ആ ചേട്ടൻ പോയത്. കുറച്ച് കഴിഞ്ഞ പ്പോഴാണ് അതിലെ ഒരു ഷാൾ കൊടുക്കാൻ മറന്നു പോയത് എന്റെ കണ്ണിൽ പെട്ടത്.

 

ശ്യോ... ഇനിയിപ്പോ എന്തു ചെയ്യുംഅവർക്കാണേൽ നാളെ കാലത്ത് തന്നെ ആവശ്യമുള്ളതും ആണ്. ഞാൻ കൊണ്ടു കൊടുക്കാം എന്നു വച്ചാൽ അവരുടെ വീട്ടിലേക്കു കുറച്ച് ദൂരമുണ്ട്. ഓരോന്നാലോചിച്ച് നിൽക്കുമ്പോഴാണ് എന്റെ കെട്ട്യോൻ ഷോപ്പിലേക്കു കയറി വന്നത്. അങ്ങേർക്കാണേൽ ഒരു കല്ല്യാണ തലേദിവസം ഉണ്ട് മുളമുക്കിൽഅങ്ങോട്ടു പോകേണ്ടത് കൊണ്ട് എന്നോട് വേഗം ഷോപ്പ് അടച്ചു വീട്ടിൽ പോകാൻ പറയാൻ കയറിയതാണ്.

 

ദേന്ന്.. നിങ്ങള് കല്യാണത്തിന് പോകുമ്പോൾ ഇത്‌ ആ ചേട്ടന്റെ വീട്ടിൽ ഒന്നു കൊടുക്കുവോ. അവർക്ക് നാളെ മോളുടെ കോളേജിൽ പോകുമ്പോൾ കൊണ്ട് പോകാൻ ഉള്ളതാ.

 

കവറിലിട്ടു തന്നോ.. ഞാൻ കൊടുക്കാം.. അങ്ങേര് അതുമായി പോയി.

 

ഞാൻ കടയടച്ചു വീട്ടിലും പോയി. ഷോള് കൊടുക്കാനായി ആ ചേട്ടന്റെ വീട്ടിലേക്കു കയറി ചെന്ന എന്റെ കെട്ട്യോൻ കാണുന്നത്. വലിയ വായിലെ നിലവിളിക്കുന്ന ആ ചേട്ടന്റെ ഭാര്യയെയാണ്.

 

ഈശ്വരാ.. ഇവർക്കിതെന്തു പറ്റി എന്ന വേവലാതിയോടെ. അദ്ദേഹം എന്താ.. എന്തു പറ്റി. എന്നു ചോദിച്ചു.

 

ഇങ്ങേരെ കണ്ടതുംനിലത്തു കിടന്നു ഉരുളുകയായിരുന്ന ആ ചേച്ചി സംഹാരരുദ്രയെ പോലെ ചവിട്ടി കുലുക്കി കൊണ്ട് അതിയാന്റെ മുന്നിൽ വന്ന് നിന്നു.

 

എന്റെ നാളെ ഉടുക്കാൻ വച്ച സാരി വെട്ടി ചുരിദാർ അടിക്കാൻ ആരാടാ നിന്റെ കെട്ട്യോളോട് പറഞ്ഞത്. പുതിയ സാരിയുടെ കര അടിക്കാൻ പ്രത്യേകം പറഞ്ഞു കൊടുത്തയച്ചതല്ലേ ഞാൻ. എത്ര രൂപ വിലയുള്ള സാരിയാണെന്ന് അറിയോ..???

 

അവളെ ഇപ്പോ എന്റെ കയ്യില് കിട്ടിയാലുണ്ടല്ലോ. പപ്പടം പോലെ പൊടിക്കും ഞാൻ. ഞാൻ കുളിയൊക്കെ കഴിഞ്ഞ് മക്കളുടെ കൂടെ ഇരിക്കുമ്പോഴാണ് അങ്ങേരുടെ വിളി വരുന്നത്.

 

കര അടിക്കാൻ തന്ന സാരി കൊണ്ട് ചുരിദാർ അടിക്കാൻ നിന്നോട് ആരാ പറഞ്ഞതെന്നുംഅങ്ങേര് എന്റടുത്തു കുറെ ചൂടായി. ഞാൻ പറഞ്ഞു ആ ചേട്ടൻ പറഞ്ഞത് പോലെ തന്നെയാണ്. ആ ചേട്ടന് ഫോൺ കൊടുത്തപ്പോഴാല്ലേ രസം അങ്ങേര് പ്ലേറ്റ് തിരിച്ചിട്ടു.

 

കര അടിക്കാൻ പ്രത്യേകം പറഞ്ഞു കൊടുത്ത സാരി വെട്ടി ഓള് ചുരിദാർ അടിച്ചു എന്ന പേര് എനിക്ക് നൈസായി ചാർത്തി തന്നു. എന്താലെ എനിക്ക് ഭ്രാന്തല്ലേ. അത്രയും നല്ല സാരി വെട്ടി ചുരിദാർ അടിക്കാൻക്ഷമ എന്തെന്ന് പഠിച്ചത് ഞാൻ ഈ ഫീൽഡിൽ വർക്ക്‌ ചെയ്തിട്ടാ..

 

ചുരിദാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.