മ്മള് ചട്ടിനെ മയക്കാൻ നോക്കീത് താത്ത തെറ്റിദ്ധരിച്ച് കാണണം. ബെർതെയല്ല മടക്കി കുത്തിയ നൈറ്റി താഴ്ത്തിക്കൊണ്ട് പെണ്ണുമ്പിള്ള ഔത്തേക്ക് പോയത്. ങ്ങള് തെറ്റിദ്ധരിച്ചത ണ്ടായത് ഞാമ്പറയാന്നും പറഞ്ഞോണ്ട് മ്മള് ണ്ടായ കാര്യം പറഞ്ഞപ്പം അയൽവാസികളായ ദരിദ്രവാസികൾ പറയാണ് പിന്നെ ഒരു ചട്ടിനെ മയക്കലും കൊണ്ട് വന്നിക്ക്ന്ന്

chatti - malayalam story


കഥ : ചട്ടി  

രചന :  ഷാഭാസൻ


ഒരീസം രാവിലെ കെട്യോള് ചോയ്ക്കാങ്ങക്ക് ചട്ടി മയക്കാൻ അറിയൊന്ന്. 


പെണ്ണുങ്ങളെ മയക്കാന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ചട്ടിനെ മയക്കാന്ന് കേക്കുന്നത് ആദ്യായിട്ടാ.


ചിലപ്പം മ്മളെ ഉള്ളിലെ കോയി സ്വഭാവം തിരിച്ചറിയാനും മാണ്ടി, ഓളെന്തെങ്കിലും അടവും കൊണ്ട് വന്നതാണോന്ന് നിരീച്ചെങ്കിലും ങ്ങനല്ലാന്ന് മനസിലായെത് ഓൾടെ കയ്യിലെ ഇരുമ്പ് ചട്ടി കണ്ടപ്പളാണ്.


"ആണുങ്ങളായാൽ എല്ലാം അറിഞ്ഞിരിക്കണം ന്നല്ലേ പറയല്..."


മാത്രല്ല എന്ത് കാര്യോം പ്രത്യേകിച്ച് സ്ത്രീകളോട് അറിയൂലാന്ന് പറഞ്ഞാൽ അവർക്ക് മ്മളോട് പുച്ഛമാരിക്കും ണ്ടാവാന്ന് അക്കയുടെ മീറ്റിംഗിൽ പലരും പറയാറുമുണ്ട്.


അതോണ്ടന്നെ ഹിതൊക്കെ ന്ത് ന്നുള്ള മട്ടിൽ മ്മള് അറിയാന്ന് തലയാട്ടി. ആരായാലെന്താ മയക്കിയാ പോരെ.


കെട്യോൾടെ വീടും മ്മളെ വീടിന്റെ അടുത്തന്നാ, കൂടി വന്നാ ഒരു അഞ്ചു മിനിറ്റ് നടക്കാൻ ണ്ടാവും, അത്രന്നെ.


ആടെ പ്പം ഓൾടെ പ്രായായ ഉമ്മേം വാപ്പേം മാത്രേ ള്ളൂ.


മ്മക്ക് അങ്ങോട്ട് താമസം മാറിയാൽ പ്രായായ അവരെ നോക്കാനും പറ്റൂലോ ന്നൊക്കെ കെട്യോള് ഇടക്കിടെ പറയാറുണ്ടെങ്കിലും അക്ക മെംബേർസ് അത്തരം രീതികളെ പ്രോത്സാഹിപ്പിക്കൂലാന്നും പറഞ്ഞോണ്ട് ഓൾടെ വായടിപ്പിക്ക ചെയ്യല്.


അതീ പിന്നെ എന്നും രാവിലേ ഓളങ്ങോട്ട് ചെന്ന് അവർക്ക് വേണ്ടതൊക്കെ ചെയ്തോണ്ട് വരലെനും പതിവ്.


അന്നും ഓള് ഓൾടെ വീട്ടിൽക്ക് പോയി.


മ്മള് മയക്കാനുള്ള ചട്ടിയും എടുത്തോണ്ട് പുറത്തേക്ക് നടന്ന്.


തലേന്ന് രാത്രി പെയ്ത മഴയുടെ ആലസ്യത്തിൽ മയങ്ങുന്ന പുൽക്കൊടി തുമ്പിൽ മഴതുള്ളികൾ കാണാനുണ്ട്. മഴ സമ്മാനിച്ച ചുംബനത്തിന്റെ പാടുകളാവണം. തിന്നാനും മാണ്ടി വല്ലതും താടെ ന്നുള്ള മട്ടിൽ മതിലിനപ്പുറത്തെ മരക്കൊമ്പിൽ ഇരുന്നോണ്ട് കാക്ക കറുമ്പൻ വെറുതെ ഒച്ച ണ്ടാക്കുന്നുണ്ട്.


ഊര് തെണ്ടിയുടെ ഓട്ടകീശയിൽ ന്തുണ്ട് കൊടുക്കാൻ?


അതോണ്ടന്നെ പോ ... കാക്കേ ന്നും പറഞ്ഞോണ്ട് അയ്നെ ഓടിച്ചു വിട്ട്. മതിലിനപ്പുറത്ത് നൈറ്റി മടക്കി കുത്തിക്കൊണ്ട് അലക്ക് കല്ലിനോട് മല്ല യുദ്ധതിന് തയാറെടുക്കാണ് താത്ത.


ചട്ടിനെ മയക്കുന്ന കാര്യം അവരോട് ചോയ്ച്ചാലോ ന്ന് നിരീച്ചെങ്കിലും കെട്യോൾക്ക് വെറുതെ സംശയം തോന്നി അതൊരു വയക്കായി മയങ്ങാൻ കിടന്ന ചട്ടി ഉണരണ്ടാന്ന് കരുതി മാത്രം ചോയ്ക്കാതിരുന്നതാ.


പകരം താത്താക്ക് നിറഞ്ഞൊരു ചിരി സമ്മാനിച്ചോണ്ട് മ്മള് ചട്ടിനെ മയക്കാനുള്ള തയാറെടുപ്പ് തൊടങ്ങി. മ്മളെ ചിരി താത്തക്ക് പിടിക്കാഞ്ഞോണ്ടാണോന്നറിയൂല മൂപ്പത്യാര് അപ്പോ തന്നെ ബക്കറ്റിൽ ണ്ടാരുന്ന വെള്ളം നീട്ടി ങ്ങടോഴിച്ചു തുറിച്ചൊരു നോട്ടം നോക്കി.


കൺട്രി ഫെലോസ് ....!!!!


വിദേശത്തൊക്കെ ആണേൽ ങ്ങനെ ചിരിച്ചാ തിരികേം ചിരിച്ചോണ്ട് ഹൗ ആർ യൂ ന്നൊക്കെ ചോയ്ച്ചേനെ. മ്മളെ നാട്ടിൽ ചിരിച്ചു കാണിച്ചാലും ന്തോ വൃത്തികേട് ചെയ്ത പോലാണ്. മസിലും പിടിച്ച് നിക്കുന്ന കെട്യോനെ പോലെള്ള ഈ മുരടൻ ചട്ടിനെ എന്ത് കാട്ടി മയക്കുന്ന് കൺഫൂശൻ ണ്ടെങ്കിലും കെട്യോളെ മുമ്പിൽ തോൽക്കാൻ പാടില്ലാന്നുള്ള ഒറ്റ വാശിയിൽ മ്മള് രണ്ടും കല്പിച്ചോണ്ട് ചട്ടിനെ നോക്കി കണ്ണിറുക്കി കാണിച്ചു.


പിന്നെ ചെറു ചിരിയോടെ ചൂളമടിച്ചു. അനവസരത്തിലുള്ള ചൂളമടി കേട്ടാവണം താത്ത മ്മളെ ഒന്ന് നോക്കി. മ്മളത് കാര്യാക്കാതെ പിന്നേം ചൂളമടിച്ചു. അഞ്ചാറ് ഫ്ലയിങ് കിസ്സുകൾ ചട്ടിക്ക് നേരെ വാരിയെറിഞ്ഞു.


ചുംബനത്തിൽ വീഴാത്ത ആരേങ്കിലും ണ്ടാവോ ....!!!


അയിന്റെടെല് അലക്ക് നിർത്തി താത്ത ഔത്തേക്ക് പോവുന്ന കണ്ടെങ്കിലും മ്മക്ക് പ്രത്യേകിച്ചൊന്നും തോന്നീല. മ്മളെ ശ്രദ്ധ മുയ്മൻ ചട്ടിനെ ങ്ങിനെ മയക്കും എന്നതിലാർന്നു. ഇത്രയൊക്കെ കാണിച്ചിട്ടും യാതൊരു മാറ്റോം ല്ലാന്ന് കണ്ടപ്പോളാണ് പ്ലാൻ ബി ഒന്ന് പരീക്ഷിച്ചാലോന്ന് നിരീച്ചേ.


അതായത് വാക്കുകൾ കൊണ്ട് വീഴ്ത്താ. വാക്കിൽ മയങ്ങാത്ത ആരെങ്കിലും ണ്ടാവൊ ....!!!!!


മ്മള് മെല്ലെ ചട്ടിനെ കയ്യിലെക്കെടുത്ത്. അയിനെ മുഖത്തിനരികിലേക്ക് ചേർത്ത് വെച്ചോണ്ട് പഞ്ചാര വർത്താനം പറയാൻ തൊടങ്ങുമ്പളുണ്ട്, അപ്പറത്ത് ഒരു ബൈക്ക് വന്ന് നിർത്തുന്ന സൗണ്ട് കേക്കുന്ന്. താത്താന്റെ കെട്യോനെരിക്കും. ഈ നേരത്ത് പതിവില്ലാത്തതാണ്. 

 

ഹാ ന്തേലും ആവട്ട്. ഓലായി ഓലെ പാടായി. അതോണ്ടന്നെ മ്മളതൊന്നും കാര്യക്കാതെ ങ്ങനേലും ചട്ടിനെ മയക്കി വശത്താക്കാനുള്ള ശ്രമത്തിലെനും. അന്നെരുണ്ട് താത്തയും കെട്യോനും കൂടി മതിലിന്നടുത്തെക്ക് വരുന്ന്.


ന്തോ കാര്യുണ്ടെന്ന് തോന്നിയ മ്മള് ചട്ടിനെ താഴെയിട്ടോണ്ട് അങ്ങോട്ടേക്ക് ചെന്നപ്പ ആ ദ്രോഹി പറയാണ് യ്യ് മാനം മര്യാദക്ക് ജീവിക്കുന്ന പെണ്ണുങ്ങളെ നോക്കി ചൂളമടിക്കും ല്ലെടാ ന്ന്. ചൂളടി മാത്രല്ല ചുണ്ടോണ്ട് എലിന്റെ മായിരി സൗണ്ടും ണ്ടാക്കിന്ന് താത്തയും കൂട്ടിച്ചേർത്ത്.


പടച്ചോനെ ഇതെന്താപ്പം കഥ ...!!!!!!!!!


മ്മള് ചട്ടിനെ മയക്കാൻ നോക്കീത് താത്ത തെറ്റിദ്ധരിച്ച് കാണണം. ബെർതെയല്ല മടക്കി കുത്തിയ നൈറ്റി താഴ്ത്തിക്കൊണ്ട് പെണ്ണുമ്പിള്ള ഔത്തേക്ക് പോയത്. ങ്ങള് തെറ്റിദ്ധരിച്ചത ണ്ടായത് ഞാമ്പറയാന്നും പറഞ്ഞോണ്ട് മ്മള് ണ്ടായ കാര്യം പറഞ്ഞപ്പം അയൽവാസികളായ ദരിദ്രവാസികൾ പറയാണ് പിന്നെ ഒരു ചട്ടിനെ മയക്കലും കൊണ്ട് വന്നിക്ക്ന്ന്.


ലോകത്താരും ചെയ്യാത്ത പോലെന്ന്. അതെന്താപ്പം ങ്ങനൊരു ടോക്ക്. 

 

അപ്പളേക്കും കെട്യോള് വന്ന്. കുടുമ്മം കലക്കാൻ കിട്യ അവസരല്ലേ രണ്ടും കൂടി ചേർന്ന് ള്ളതും ഇല്ലാത്തതും കൂടി ചേർത്തോണ്ട് ഓളോട് പറഞ്ഞോട്ത്ത്.


ആളോളെ മുമ്പില് നാണം കെടുത്തിപ്പം ങ്ങക്ക് സമാധാനം ആയല്ലോന്നും പറഞ്ഞോണ്ട് ഓള് ചൗട്ടി കുലുക്കി അകത്തേക്ക് പോയി. 

 

കുലുക്കത്തിന്റെ ശക്തി കൊണ്ടാണോ ന്തോ കറവ വറ്റിയ അകിട് പോലെ രണ്ട് മൂന്ന് തേങ്ങ ണ്ടാരുന്ന തെങ്ങിൽ നിന്നൊരു പരട്ട തേങ്ങ പൊത്തോന്ന് തായെക്ക് വീയേം ചെയ്ത്.


എടി മ്മള് ചട്ടിനെ മയക്കാൻ നോക്കീതാ അല്ലാതെ വേറൊന്നും ചെയ്തില്ലാന്നൊക്കെ പറയണം ണ്ടാരുന്നെങ്കിലും ഇനി എന്ത് പറഞ്ഞാലും 


" നീയെന്റേതല്ലേ വാവേ .... ച്ചേ തെറ്റി എന്ത് പറഞ്ഞാലും ഓള് വിശ്വസിക്കൂലാന്നുള്ളതോണ്ട് മ്മള് തിരുത്താൻ പോയീല്ല.


ന്താന്നേലും കാര്യറിയണല്ലോ.

ശരിക്കും ങ്ങനന്നല്ലേ ചട്ടിനെ മയക്കണ്ടേ ന്നറിയാൻ വെറുതെ യൂ ടൂബോന്ന് നോക്കിയതേനും. അന്നേരാണ് പണ്ടാരം പിടിച്ച ചട്ടി മയക്കം ന്താന്ന് പിടി കിട്യേത്.


"വേണു മാഷിന്റെ മോൻ എല്ലാം പഠിച്ചു ചട്ടിനെ മയക്കാൻ മാത്രം പഠിച്ചീല.."


ആരോട് പറയാനാണ്...!!!!

 

chatti - malayalam story

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.