വൈകിവന്ന വസന്തം – Part 5 (അവസാനഭാഗം)
രചന : ഷിജിത് പേരാമ്പ്ര
താലം അവളുടെ കയ്യിലേയ്ക്ക് കൊടുത്തു കൊണ്ട് ടീച്ചർ പറഞ്ഞു.
നീയാ മണ്ഡപത്തിലേക്ക് നോക്കിക്കേ ടീച്ചർ പറഞ്ഞതും മണ്ഡപത്തിനടുത്ത് കൂടി നിന്നവർ ഒരു വശത്തേക്ക് മാറി നിന്നു. അവൾ കല്യാണ മണ്ഡപത്തിലേക്ക് എത്തി നോക്കി.
ചന്ദനക്കളർ ഷർട്ടും മുണ്ടും, നെറ്റിയിൽ ചന്ദനക്കുറിയുമായി വിവാഹ വേഷത്തിൽ തന്നെ നോക്കി ചിരിച്ചുകൊണ്ട് മണ്ഡപത്തിലിരിക്കുന്ന ആളെ കണ്ട് രേഷ്മ ഞെട്ടിത്തരിച്ചു നിന്നു. തൊണ്ടയിൽ നിന്നും പ്രാവു കുറുകുന്ന പോലെയൊരു ശബ്ദം മാത്രം പുറത്തുവന്നു.
"പ്ര. . പ്രകാശേട്ടൻ,
അവൾ താഴെ വീഴുമെന്നു തോന്നിയപ്പോഴേക്കും കൂടെയുള്ള സ്ത്രീകളും ടീച്ചറും രേഷ്മയെ താങ്ങിപ്പിടിച്ചു കഴിഞ്ഞിരുന്നു.
അവൾ തളർച്ചയോടെ പ്രകാശനെ നോക്കി, കണ്ണുകൾ നിറഞ്ഞു തുളുമ്പി, ചുണ്ടുകൾ വിതുമ്പിക്കൊണ്ടിരുന്നു.
ടീച്ചർ അവളെ പിടിച്ച് കല്യാണ മണ്ഡപത്തിലേക്ക് കയറ്റി പ്രകാശനരുകിലായി ഇരുത്തി. താൻ കാണുന്നതെല്ലാം സ്വപ്നമോ, അതോ സത്യമോയെന്നറിയാതെ അവൾ പകച്ച് എല്ലാവരെയും നോക്കിക്കൊണ്ടിരുന്നു.
ടീച്ചർ അവളുടെ അടുത്തിരുന്നു കൊണ്ട് ചെവിയിൽ മെല്ലെപ്പറഞ്ഞു.
എല്ലാം പിന്നെ പറയാം. ഇപ്പോ നല്ല കുട്ടിയായിരുന്ന് നീയൊരു കല്യാണം കഴിക്ക് കേട്ടോ" അതുകേട്ട് ചുറ്റും കൂടി നിന്നവരെല്ലാം ചിരിച്ചു.
മുഹൂർത്തമായി എന്ന കർമ്മിയുടെ ഉച്ചത്തിലുള്ള സ്വരം കേട്ടതും, സൗണ്ട് ബോക്സിൽ നിന്നും കല്യാണ മേളം ഉയർന്നു കേട്ടു.
കർമ്മി താലത്തിൽ നിന്നു എടുത്തു കൊടുത്ത താലിമാല വാങ്ങി പ്രകാശൻ രേഷ്മയുടെ കഴുത്തിലേക്ക് വെച്ചു കൊടുത്തു. നേരത്തേ കണ്ട പ്രൗഢയായ സ്ത്രീ തൻ്റെ മുടി ഉയർത്തിയെടുത്ത് അവർ താലിയുടെ കൊളുത്ത് അടുപ്പിക്കുന്നതുമെല്ലാമൊരു സ്വപ്നം പോലെ അവളറിയുന്നുണ്ടായിരുന്നു.
കർമ്മിയുടെ നിർദ്ദേശപ്രകാരം പരസ്പരം മാല ചാർത്താനായി എഴുന്നക്കുമ്പോൾ പ്രകാശനെ രണ്ടു പേർ ചേർന്ന് പിടിച്ചെഴുന്നേൽപിച്ചപ്പോളാണ് രേഷ്മ പ്രകാശനെ ശ്രദ്ധിച്ചത്.
പ്രകാശന് രണ്ടാൾ പിടിക്കാതെ നേരെ നിൽക്കുവാനാകുമായിരുന്നില്ല. പരസ്പരം മാല ചാർത്തുമ്പോൾ പ്രകാശൻ്റെ കൈ മടങ്ങുന്നുണ്ടായിരുന്നില്ല. അവളുടെ കൈപിടിച്ച് ടീച്ചർ പ്രകാശൻ്റെ കൈകളിലേക്ക് വെച്ചു കൊടുത്തു.
ആൾക്ക് വയ്യാത്തത് കൊണ്ട് മണ്ഡപം ചുറ്റണ്ട എന്ന് കർമ്മി പറഞ്ഞപ്പോൾ രണ്ടു പേർ ചേർന്ന് പ്രകാശനെ മണ്ഡപത്തിൽ നിന്നും പിടിച്ചിറക്കി.
അപ്പോഴേക്കും മണ്ഡപത്തിനു സൈഡിൽ വെച്ചിരുന്ന വീൽചെയർ ആരോ ഉന്തിക്കൊണ്ടുവന്നു, പ്രകാശനെ മെല്ലെ അതിലിരുത്തി, അപ്പോഴും പ്രകാശൻ രേഷ്മയുടെ കൈളിലെ പിടുത്തം വിട്ടിരുന്നില്ല. രേഷ്മയുടെയും പ്രകാശൻ്റെയും കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
കടുത്ത മാനസിക സംഘർഷത്താൽ ഉഴറിക്കൊണ്ടിരുന്ന രേഷ്മ പെട്ടെന്ന് തളർന്നുവീണു. ടീച്ചറും മറ്റുള്ളവരും ചേർന്ന് വേഗം തന്നെ അമ്പലത്തിൻ്റെ ഓഫിസ് റൂമിലേക്ക് രേഷ്മയെ എടുത്തു കിടത്തി.
അവളുടെ വീഴ്ച കണ്ട് പകച്ചു പോയ പ്രകാശനോടായി ടീച്ചർ പറഞ്ഞു.പേടിക്കാനൊന്നുമില്ല. ടെൻഷനായതിൻ്റെ ആയിരിക്കും, അവളിത്തിരി നേരം കിടക്കട്ടെ.
വീൽ ചെയറിൻ്റെ ഹാൻഡിൽ പിടിച്ചു കൊണ്ടു നിൽക്കുകയായിരുന്ന സുധിയോടായി പ്രകാശൻ അമ്പലത്തിനു മുമ്പിലേക്ക് തന്നെ കൊണ്ടുപോകാൻ ആഗ്യം കാണിച്ചു.
സുധി വീൽചെയർ ശ്രീകോവിലിനു മുന്നിലേക്ക് ഉരുട്ടിക്കൊണ്ടുപോയി.
പ്രകാശൻ ശ്രീ കോവിലിലേക്ക് നോക്കി കൈകൂപ്പി മൂകമായി പ്രാർത്ഥിച്ച ശേഷം അമ്പലം ചുറ്റാനായി ആഗ്യം കാണിച്ചു. സുധി പ്രകാശനെയും കൊണ്ട് വീൽ ചെയർ ഉന്തിക്കൊണ്ട് അമ്പലം ചുറ്റാൻ തുടങ്ങി.
ആനയെ അടുത്തു കണ്ട സന്തോഷത്താൽ ചിരിച്ചുകൊണ്ട് ആൽത്തറയിലേക്ക് നടക്കാൻ തുടങ്ങിയ അബി കണ്ടത് വീൽ ചെയറിലിരിക്കുന്ന ആളെ ആയിരുന്നു. ആളെ അവനൊന്നു സൂക്ഷിച്ചു നോക്കി. പിന്നെ അവൻ "ടീച്ചറേന്നും ' വിളിച്ച്, ഒറ്റയോട്ടമായിരുന്നു.
രേഷ്മയെ വെള്ളം കുടഞ്ഞ് ഉണർത്തിയ ശേഷം അവൾ പറഞ്ഞതനുസരിച്ച് അബിയെ തപ്പിയിറങ്ങിയ ടീച്ചർ കാണുന്നത്, ഓടി വരുന്ന അബിയെയായിരുന്നു.
ദൂരെ നിന്നും ടീച്ചറെ കണ്ടതും അവനോടി വന്ന് കൊണ്ടു പറഞ്ഞു. ഓടി വന്ന് സംസാരിച്ചപ്പോൾ അവന് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല.
അവൻ കിതച്ചുകൊണ്ടു പറയാൻ തുടങ്ങി.
ടീച്ചറേ അവിടെ, അ. അ...വിടെ, ഒരാൾ, അവൻ ശ്വാസമെടുത്ത് വിക്കി വിക്കിക്കൊണ്ട് പറഞ്ഞു.
എവിടെ ഒരാൾ 'എന്താ അബീ, അവിടെ ഒരാളല്ലല്ലോ, ഒരുപാടു പേരില്ലേ, ഓണാഘോഷം നടന്നുകൊണ്ടിരിക്കുകയല്ലേ,
'അതല്ല , അതല്ല, ടീച്ചറേ,
നീ പേടിച്ചിട്ടുണ്ടല്ലോ, നീ ആനയുടെ അടുത്ത് പോയോ, നിന്നെ ആരെങ്കിലും ഉപദ്രവിച്ചോ,
ഇല്ല. പക്ഷേ അവിടെ ഒരാൾ. എനിക്കറിയാ അയാളെ, ടീച്ചർ വാ, വേഗം വാ, അവൻ ടീച്ചറുടെ കൈപിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.
'ടീച്ചറേ, ഞാൻ കഴിഞ്ഞ ദിവസം വരച്ച ചിത്രമില്ലേ, അതിലുള്ള ആൾ ദേ, അവിടുണ്ട്, അവൻ ദൂരേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അയാളെ നീ കണ്ടോ,
കണ്ടു.,
എന്നിട്ട് അയാൾ നിന്നോട് എന്തെങ്കിലും മിണ്ടിയോ,
ഇല്ല, അയാളെ കണ്ടപ്പോൾ തന്നെ ഞാനോടിവന്നില്ലേ, അതാരാ ടീച്ചറേ,
'അതാരാണെന്ന്, നിന്നോട് നിൻ്റെ അമ്മ പറയും.
അമ്മയ്ക്കറിയോ അയാളെ, എവിടുള്ള ആളാ അയാൾ,
എല്ലാം അമ്മ പറയും, നീ വന്നേ,
ടീച്ചർ അവനെയും കൂട്ടി രേഷ്മയ്ക്കരുകിലേക്ക് നടന്നു.
ടീച്ചർ ചെല്ലുമ്പോൾ രേഷ്മ എഴുന്നേറ്റിരിപ്പു ണ്ടായിരുന്നു
രേഷ്മയുടെ കഴുത്തിലെ പൂമാല കണ്ടപ്പോൾ അബി ചോദിച്ചു.
'ഇതെന്താ അമ്മേ, അമ്മയുടെ കല്യാണം കഴിഞ്ഞോ,
അതു കേട്ടതും അവിടെ കൂടി നിന്നവരെല്ലാം കൂടെ ചിരിക്കാൻ തുടങ്ങി..
രേഷ്മ അബിയെ പിടിച്ചു തൻ്റെയരുകിലേക്ക് ചേർത്തു നിർത്തി. പിന്നീടവളൊന്നു പൊട്ടിക്കരഞ്ഞു. നെഞ്ചു പിളർന്നുള്ള അവളുടെ കരച്ചിൽ കേട്ടതും ടീച്ചർ അവളുടെ പുറത്ത് തഴുകിക്കൊണ്ട് പറഞ്ഞു.
"രേഷ്മേ , ഇവിടെ കൂടി നിൽക്കുന്നവരെല്ലാം പ്രകാശൻ്റെ സഹോദരങ്ങളും, ബന്ധുകളുമാണ്. നിൻ്റെ കഴുത്തിലെ താലി മുറുക്കിത്തന്ന ചേച്ചിയില്ലേ അതാണ് പ്രകാശൻ്റെ മൂത്ത ചേച്ചി, പിന്നെ ഈ കാണുന്നവരെല്ലാം ഇപ്പോ നിൻ്റെയും കൂടെ ബന്ധുക്കളാണ്.
പിന്നെ അന്ന് നിൻ്റെയടുത്തു നിന്നും പ്രകാശൻ അവൻ്റെ നാട്ടിലേക്ക് പോന്ന ദിവസം രാത്രി നല്ല മഴയായിരുന്നു. നാട്ടിൽ ബസ്സിറങ്ങിയ പ്രകാശനെ കൂട്ടാൻ അവൻ്റെ ഒരു സുഹൃത്ത് ബൈക്കുമായി വന്നിരുന്നു.അവർ വരുന്ന വഴി ചുരത്തിൽ ശക്തമായ മലയിടിച്ചിലും വെള്ളച്ചാട്ടവുമുണ്ടായി, കുത്തൊഴുക്കിൽപ്പെട്ട് പ്രകാശനും കൂട്ടുകാരനും അപകടത്തിൽപ്പെട്ടു. പ്രകാശൻ തലയിടിച്ച് വീണത്, റോഡിന് താഴെയുള്ള പാറക്കെട്ടുകൾക്കിട യിലേക്കാണ്' ഹെൽമറ്റ് വെച്ചത് കൊണ്ട് കൂട്ടുകാരന് കാര്യമായ പരിക്കൊന്നും പറ്റിയിരുന്നില്ല. കൈകാലുകളുടെ എല്ലുകൾ പൊട്ടി എന്നേയുണ്ടാ യിരുന്നുള്ളു. അതുവഴി വന്ന മറ്റു വണ്ടിക്കാരാണ് മറിഞ്ഞു വീണ ഇവരുടെ ബൈക്ക് കണ്ടതും വിവരമറിയിച്ച് ഫയർ ഫോഴ്സിനെ കൊണ്ടു വന്നതുമെല്ലാം.
കുറെക്കാലം ആശുപത്രിയിൽ തന്നെയായിരുന്നു പ്രകാശൻ, അന്ന് വീണപ്പോൾ പ്രകാശൻ്റെ ഫോണ് തെറിച്ച് മലവെള്ളത്തിൽ ഒലിച്ചും പോയി. തലക്ക് പരിക്ക് പറ്റിയത് കൊണ്ട് സംസാര ശേഷി ഇപ്പഴും പ്രകാശന് തിരിച്ചു കിട്ടിയിട്ടില്ല. നട്ടെല്ലിന് പ്രശ്നമുള്ളത് കൊണ്ട് നടക്കാനും ബുദ്ധിമുട്ടുണ്ട്. ഒരാൾ പിടിച്ചാൽ നടക്കാൻ പറ്റും. കാലക്രമേണ എല്ലാം ശരിയാവു മെന്നാ ഡോക്ടർ പറഞ്ഞത്. സ്പീച്ച് തെറാപ്പിയും, ഫിസിയോതെറാപ്പിയുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്. എല്ലാം ശരിയാവുമെന്ന് നമ്മുക്ക് വിശ്വസിക്കാം,
"പിന്നെ നീ തന്ന ഫോട്ടോ ഞാൻ സുധിയേട്ടൻ്റെ വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഇവിടുള്ള പലർക്കും ഇങ്ങനെ ഒരാളെ അറിയില്ലായിരുന്നു ഫോട്ടോ ക്ലിയറല്ലായിരുന്നു അതുകൊണ്ടാണ്. പക്ഷേ, ആ ഫോട്ടോ ഞാൻ അബിയെ കൊണ്ട് വരപ്പിച്ചു. അബി വരച്ചത് പ്രകാശൻ്റെ ജീവൻ തുടിക്കുന്ന ഫോട്ടോ ആയിരുന്നു. ആ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടും അറിയാൻ കഴിഞ്ഞിരുന്നില്ല. കാരണം എട്ടൊൻപത് വർഷമായി പ്രകാശൻ വീട്ടിന് പുറത്തിറങ്ങിയിട്ട്, പിന്നീട് ആംബുലൻസ് ഡ്രൈവർമാരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോഴാണ് പ്രകാശനെ പറ്റി കൂടുതൽ വിവരങ്ങളറിയാൻ കഴിഞ്ഞത്.. പ്രകാശന് അപകടം പറ്റിയ അന്ന് ആശുപത്രിയിൽ കൊണ്ടുപോയ ഡ്രൈവറാണ് പ്രകാശനെപറ്റി സുധിയേട്ടനെ അറിയിച്ചത്. പ്രകാശൻ്റെ അയൽപക്കക്കാര നായിരുന്നു ആ ഡ്രൈവർ, അയാളോട് ചോദിച്ച് പ്രകാശൻ്റെ വീട്ടുകാരുടെ നമ്പർ വാങ്ങി സുധിയേട്ടൻ സംസാരിച്ചിരുന്നു.
അപ്പോഴാണ് നിങ്ങൾ തമ്മിലുള്ള കാര്യങ്ങളെല്ലാം സുധിയേട്ടൻ വീട്ടുകാരെ അറിയിച്ചത്. സംസാരിക്കാൻ കഴിയാത്തതും കൈകൾക്കുള്ള പ്രശ്നവുമെല്ലാം കാരണം പ്രകാശന് നിന്നെപ്പറ്റി ഒന്നും ഇവരെ അറിയിക്കാൻ കഴിഞ്ഞതുമില്ല. അതു മാത്രവുമല്ല വർഷങ്ങളായി പ്രകാശൻ ചികിൽസയിലുമായിരുന്നല്ലോ, നിങ്ങൾക്ക് ഒരു കുട്ടിയുള്ള കാര്യമൊന്നും പ്രകാശൻ അറിഞ്ഞിരുന്നില്ല. എല്ലാം സുധിയേട്ടൻ പ്രകാശൻ്റെ മൂത്ത ചേച്ചിയെ അറിയിച്ചു. അവർ എല്ലാക്കാര്യവും പ്രകാശനോട് പറഞ്ഞു. അന്നുമുതൽ പ്രകാശൻ്റെ കണ്ണീര് തോർന്നിരുന്നില്ല. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. നിന്നെയും മോനെയും ഇവിടെ കൊണ്ടുവന്നതുമെല്ലാം പ്ലാനിങ്ങോടെ തന്നെയായിരുന്നു. നിനക്കൊരു സർപ്രൈസ്സായി ക്കോട്ടെയെന്നു കരുതി. എല്ലാക്കാര്യവും മുൻകൂട്ടിയറിഞ്ഞ് നീ ഈ കല്യാണത്തിന് സമ്മതിച്ച് 'ഇങ്ങോട്ട് വരികയായിരുന്നെങ്കിൽ ഈ കല്യാണം ഇത്രകണ്ട് മനോഹരമാവുമായിരുന്നില്ല. ഈ കല്യാണത്തിന് പങ്കെടുത്ത ഓരോരുത്തരും നിങ്ങളെ രണ്ടാളെയും ഒരിക്കലും മറക്കുകയില്ല.
എല്ലാം കേട്ടുകൊണ്ട് കണ്ണീരോടെ ടീച്ചറെത്തന്നെ നോക്കിയിരിക്കാനെ രേഷ്മയ്ക്ക് കഴിഞ്ഞുള്ളൂ,
അവരുടെ സംസാരത്തിനിടയ്ക്ക് സുധി അങ്ങോട്ട് കയറി വന്നു കൊണ്ടു പറഞ്ഞു.
ഭക്ഷണം ആയീന്ന് അവർ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും ഭക്ഷണം ഏർപ്പാടാക്കിയ ഹാളിലേക്ക് പോകാം.
രേഷ്മ അബിയെ ചേർത്തുപിടിച്ചുകൊണ്ട് ഓഫീസിനു പുറത്തിറങ്ങിയപ്പോൾ പ്രകാശൻ വീൽചെയറിലിരുന്ന് അവൾക്കു നേരെ കൈനീട്ടുണ്ടായിരുന്നു. രേഷ്മ അബിയെ പ്രകാശനു നേര തിരിച്ചു നിർത്തി, മടങ്ങാത്ത കൈ കൊണ്ട് വളരെ ബുദ്ധിമുട്ടി അബിയെ, പ്രകാശൻ തന്നിലേക്ക് ചേർത്തുപിടിച്ച് നെറ്റിൽ ഉമ്മ കൊടുത്തു.കണ്ടു നിന്നവരുടെയെല്ലാം കണ്ണു നിറഞ്ഞൊരു കാഴ്ചയായിരുന്നു അത്.
പിന്നീട് രേഷ്മ വീൽചെയർ ഉന്തിക്കൊണ്ട് ഭക്ഷണം ഏർപ്പാടാക്കിയ ഹാളിലേക്ക് നടന്നു.
രേഷ്മയും പ്രകാശനും അവർക്കായി അലങ്കരിച്ച സീറ്റിലിരുന്നു കൊണ്ട് സദ്യ കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൻ്റെ ഇലയിൽ വിളമ്പിയ കൂട്ടുകറിയെടുത്ത് അബിയുടെ ഇലയിൽ വെച്ചു കൊണ്ട് ടീച്ചർ ചോദിച്ചു
"ഈ കറിയെന്താണെന്ന് നിനക്കറിയോ??"
ഇല്ല.
ഇതാണ് കൂട്ടുകറി, കഴിച്ചോടാ, നിൻ്റെ അച്ഛൻ്റെയും അമ്മയുടെയും കല്യാണ സദ്യയാ, അവൻ നാണത്താലൊരു ചിരി, ചിരിച്ചിട്ട് സ്വാദോടെ സദ്യ കഴിക്കുന്നത് ടീച്ചർ നോക്കി നിന്നു.
വിഭവ സമൃദ്ധമായ സദ്യയ്ക്ക് ശേഷം വധുവരൻമാർ പ്രകാശൻ്റെ തറവാട്ടിലേക്ക് പോകാനൊരുങ്ങവേ ടീച്ചർ രേഷ്മയോട് പറഞ്ഞു,
"നിങ്ങളുടെ കല്യാണം നിൻ്റെ അമ്മ കണ്ടിരുന്നു. ' സിനാൻ്റെ ഉമ്മയെ വീഡിയോ കോൾ വിളിച്ച് കല്യാണം കാണാനുള്ള സൗകര്യം ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ഒരാഴ്ച നീ പ്രകാശൻ്റെ കൂടെ നിൽക്ക്. അതുവരെ അമ്മയെ സിനാൻ്റെ വീട്ടിൽ നിർത്തിക്കോളാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തിരിച്ചു പോവുമ്പോൾ നീയും മോനും കൂടെ പോരണം. ഈ വർഷം സ്കൂൾ അടയ്ക്കുന്നത് വരെ നീ നാട്ടിൽ തന്നെ നിന്നോ, സ്കൂൾ അടയ്ക്കുമ്പോൾ, അബിയുടെ ടി സി വാങ്ങി ഇവിടെയുള്ള സ്കൂളിൽ ചേർത്താ മതി. അപ്പോഴേക്കും നിൻ്റെ അമ്മയുടെ അസുഖവും ഭേദമാവും. പിന്നീട് നിങ്ങളെല്ലാവരും കൂടെ പ്രകാശൻ്റെ തറവാട്ടിൽ താമസിച്ചോ, തറവാട് പ്രകാശൻ്റെ പേരിലാണ്, പ്രകാശൻ്റെ സഹോദരങ്ങൾക്കെല്ലാം ജോലിയും ബിസിനസ്സുമെല്ലാം ഉണ്ട്, നീയിങ്ങോട്ട് വന്നാൽ ബാക്കി കാര്യങ്ങളെല്ലാം അവര് നോക്കിക്കോളും, നീയിനി ഒന്നു കൊണ്ടും പേടിക്കണ്ട.
രേഷ്മ ടീച്ചറുടെ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് കണ്ണീരോടെ പറഞ്ഞു.
ഇതിനെല്ലാം കൂടെ എങ്ങനെയാ നന്ദി പറയേണ്ട തെന്നെനിയ്ക്കറിയില്ല.
അത്രയും പറയുമ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു. തൻ്റെ തോളത്തേയ്ക്ക് ചാഞ്ഞ് ആർത്തലച്ചു കരയുന്ന അവളെ തന്നിൽ നിന്നും അടർത്തി മാറ്റി സാന്ത്വനിപ്പിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു.
നന്ദിയൊന്നും പറയണ്ട രേഷ്മേ , എല്ലാവരിലേക്കും ഒരു വസന്തകാലം വന്നു നിറയാറുണ്ട്. ചിലരിലേക്ക് വസന്തങ്ങൾ വൈകിയേ വരൂ, സന്തോഷത്തോടെ ഇനിയുള്ള കാലം പ്രകാശൻ്റെ കൂടെ ജീവിക്ക്, അവന് ട്രീറ്റ്മെൻ്റുകൾ കൊണ്ട് ഒരുപാടു ഭേദമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വൈകി വന്ന വസന്തത്തെ ചേർത്തുപിടിച്ച്, നിനക്കിനിയൊരു വസന്തകാലം തന്നെയുണ്ടാവട്ടെ. വധുവരൻമാർക്ക് എല്ലാ വിധ ആശംസകളും നേരുന്നു"
കൈകൂപ്പിക്കൊണ്ട് അവർക്ക് ആശംസകളർപ്പിച്ച ശേഷം ദിവ്യ ടീച്ചറും സുധിയും അവരുടെ കാറിനടുത്തേയ്ക്ക് നടന്നകന്നു.
(അവസാനിച്ചു)
രചന : ഷിജിത് പേരാമ്പ്ര