വൈകിവന്ന വസന്തം – Part 1
രചന : ഷിജിത് പേരാമ്പ്ര
"അപ്പോ നമുക്ക് സാമ്പാറായി, കാളനായി, അവിയലും, പച്ചടിയും, പുളിയിഞ്ചിയുമായി പക്ഷേ കൂട്ടുകറിയുടെ കാര്യമാരും പറഞ്ഞില്ലല്ലോ. ഓരോ ബെഞ്ചുകാരും ഓരോ ഐറ്റംസ് കൊണ്ടുവന്നാ മതി. ചോറും, പായസവും സ്കൂളിലിൽ ഉണ്ടാക്കും. സദ്യക്കാവശ്യമായ കറികളും മറ്റും ഓരോരുത്തര് വീട്ടിൽ നിന്നും കൊണ്ടുവരണമെന്നറിയാമല്ലോ?
ലാസ്റ്റ് ബെഞ്ചുകാര് കൂട്ടുകറികൊണ്ടു വരട്ടെ.
"എന്താ ലാസ്റ്റ് ബെഞ്ചുകാർക്ക് ഒരു ഉഷാറില്ലാതെ, ആരും ഒന്നും മിണ്ടുന്നില്ലാലോ, എല്ലാരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കാതെ എന്റെ മുഖത്തോട്ട് നോക്കി പറ".
"അബിൻ പ്രകാശ്, സ്റ്റാൻഡപ്പ്".
ടീച്ചറ് പറയുന്നതൊന്നും തന്നോടല്ല എന്നുള്ള മട്ടിൽ ജനലിൽ കൂടെ അലസമായി പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന അബിൻ ടീച്ചറുടെ ശബ്ദം കേട്ട് ചാടിയെഴുന്നേറ്റു.
"ഞാനിത്ര നേരവും ഓണ സദ്യയുടെ കാര്യം പറഞ്ഞിട്ടും നിന്റെ ബെഞ്ചിലിരിക്കുന്നവര് മാത്രമെന്താ അബീ, ഒന്നും പറയാത്തത്. ബാക്കിയുള്ള എല്ലാ ബെഞ്ചുകാരും ഓരോ ഐറ്റംസ് കൊണ്ടുവരാമെന്നു സമ്മതിച്ചു.. ടീച്ചറുടെ ചോദ്യം കേട്ടിട്ടും അബിൻ മറുപടിയൊന്നും പറയാതെ തലയും താഴ്ത്തി നിന്നു..
ടീച്ചർ മെല്ലെ നടന്നു വന്ന് അവന്റെ താടി പിടിച്ചുയർത്തി കൊണ്ടു ചോദിച്ചു.
"ഞാൻ പറഞ്ഞത് അബിൻ കേട്ടില്ലാന്നുണ്ടോ. ഓണസദ്യയ്ക്ക് കൂട്ടുകറികൊണ്ടുവരണം. അബിൻ കൊണ്ടുവരാമെന്നു പറഞ്ഞാൽ ഈ ബെഞ്ചിലെ മറ്റു നാലു പേരും കൊണ്ടുവരും. നീയാണല്ലോ അവരുടെ നേതാവ്. പറ, കൂട്ടുകറികൊണ്ടു വരുമോ .
പെട്ടെന്ന് അബിനിന്റെ അടുത്തിരുന്ന സിനാൻ എഴുന്നേറ്റ് നിന്നുകൊണ്ടു പറഞ്ഞു.
"അവൻ കൊണ്ടു വരില്ല ടീച്ചറേ"
"അതെന്താ കൊണ്ടുവരാത്തെ"
"ടീച്ചറീ പറഞ്ഞ കൂട്ടുകറി എന്ന സാധനം അവനിതുവരെ കണ്ടിട്ടു കൂടെയുണ്ടാവില്ല, ടീച്ചറവന്റെ യൂനിഫോമിന്റെ ബട്ടൻസ് നോക്കിയേ, അഞ്ച് ബട്ടൻസ് അഞ്ച് കളറിലാ, ഞങ്ങളവനെ മഴവില്ല്ന്നാ വിളിക്കാറ്". സിനാൻ ചിരിയോടെ പറഞ്ഞു കൊണ്ടിരുന്നു.ക്ലാസ്സിലെ മൊത്തം കുട്ടികളും അബിൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ടിരുന്നു.
എഴുന്നേറ്റ് നിൽക്കുന്ന അബിന്റെ കണ്ണുകൾ ഈറനായത് കണ്ടതു കൊണ്ട് ടീച്ചർ വേഗം അവനോട് ഇരിക്കാൻ പറഞ്ഞു. അബിൻ ഡസ്ക്കിൽ കൈ മടക്കിവെച്ച് അതിനു മുകളിൽ തല താഴ്ത്തിക്കിടന്നു.
ശരി!! എന്നാൽ അബിൻ കൊണ്ടു വരേണ്ട ബാക്കിയുള്ളവർക്ക് കൊണ്ടു വരാലോ, പെട്ടെന്ന് സിനാൻ എഴുന്നേറ്റ് നിന്നു പറഞ്ഞു.
ഞാൻ ഉമ്മിയോട് പറഞ്ഞ് നോക്കാ ടീച്ചറേ!! ഉമ്മി ഉണ്ടാക്കിത്തന്നാൽ കൊണ്ടു വരാം.
ബാക്കി മൂന്നുപേരും കൂട്ടുകറി കൊണ്ടുവരുമോ? മൂന്നാളുമൊന്നെഴുന്നേറ്റു നിന്നേ.
ടീച്ചർ പറഞ്ഞത് കേട്ട് , ജോയലും റിഷാനും , അശ്വജിത്തും എഴുന്നേറ്റു നിന്നു.
"എന്താ നിങ്ങളുടെ അഭിപ്രായം കൊണ്ടു വരുമോ?"
മൂന്നുപേരും തമ്മിൽ തമ്മിൽ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
ഇനി നിങ്ങൾക്ക് കൂട്ടുകറികൊണ്ടുവരാൻ പറ്റില്ലങ്കിൽ എന്താ കൊണ്ടുവരാൻ പറ്റുക എന്ന് പറയ്"..
"ഞാൻ പപ്പടം കൊണ്ടുവരാ ടീച്ചറേ".. ജോയൽ മെല്ലെ പറഞ്ഞു.
"ശരി, റിഷാൻ എന്താ കൊണ്ടുവരിക",
"ഞാൻ... ഞാൻ ... വാഴയിലകൊണ്ടുവന്നാ മതിയോ ടീച്ചറെ".
മതി. ഞാനടക്കം നാൽപത്തിയൊന്ന് വാഴയിലകൊണ്ടുവരണം, അതും നാക്കില തന്നെ വേണം. പറ്റുമോ?
കൊണ്ടരാം ടീച്ചറേ റിഷാൻ തലകുലുക്കി കൊണ്ട് പറഞ്ഞു.
അശ്വജിത്ത് എന്താ മിണ്ടാതെ നിൽക്കുന്നത് നീയെന്താ കൊണ്ടുവരിക.
ഞാൻ.. വീട്ടിൽ ചെന്നിട്ട് അമ്മയോട് ടീച്ചറെ വിളിക്കാൻ പറയാം.
അശ്വജിത്ത് വിക്കി വിക്കി പറഞ്ഞു കൊണ്ടിരുന്നു.
ശരി ഞാൻ നിന്റെ അമ്മയോട് സംസാരിച്ചോളാം..
ടീച്ചർ പിന്നീട് എല്ലാവരോടുമായി പറഞ്ഞു.
ഓണ സദ്യ എന്നാണെന്ന് ഞാൻ വൈകീട്ട് ക്ലാസ് വാട്സപ്പ് ഗ്രൂപ്പിൽ മെസേജിട്ട് അറിയിക്കുന്നതായിരിക്കും എല്ലാവരും രാത്രിയിൽ ഗ്രൂപ്പ് നോക്കണം. ഇനി എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ ഗ്രൂപ്പിൽ അറിയിച്ചിരിക്കും.
ടീച്ചർ പറഞ്ഞു നിർത്തിയപ്പോഴേക്കും ഇന്റെർവെല്ലിനുള്ള ബെല്ലടിച്ചു.
ടീച്ചർ ക്ലാസിനുപുറത്തേക്കു നടക്കുന്നതിനിടയിൽ ടീച്ചറെ തള്ളി മാറ്റി ക്കൊണ്ട് ചില വിരുതൻമാർ ക്ലാസ്സിനു പുറത്തേക്കോടിക്കഴിഞ്ഞിരുന്നു.
നീളൻ വരാന്തയിലൂടെ സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ എന്തോ ഓർത്ത് ടീച്ചർ തിരിച്ച് മൂന്ന് "ബി" ക്ലാസ്സിലേക്കു തന്നെ തിരിച്ചു വന്നു..
ടീച്ചർ ക്ലാസ്സിലേക്ക് കയറി ലാസ്റ്റ് ബെഞ്ചിലേക്ക് നോക്കി.
അബിൻ പ്രകാശ്, അപ്പോഴും ഡസ്കിൽ തലവെച്ചു കിടക്കുന്നു. അവനു കൂട്ടായി അവന്റെ ഉറ്റ ചങ്ങാതി സിനാനും അവന്റെടുത്ത് ചേർന്നിരിപ്പുണ്ടായിരുന്നു.
ദിവ്യ ടീച്ചർ ക്ലാസ്സിലേക്ക് കയറി വരുന്നത് കണ്ട് സിനാൻ വേഗം ചാടിയെഴുന്നേറ്റു.
എടാ, അബീ എഴുന്നേക്കടാ ദാണ്ടെ, ടീച്ചർ വരുന്നു. അവൻ അബിനിനെ തോണ്ടിക്കോണ്ടു പറഞ്ഞു.
ടീച്ചറ് പോവുമ്പോ എന്തേലും എടുക്കാൻ മറന്ന് കാണും അതാ, നീയവിടെ ഇരി അബിൻ തലയുയർത്താതെ തന്നെ പറഞ്ഞു.
ദാണ്ടെ ടാ ടീച്ചറ് നമ്മുടെ അടുത്തേക്കാവരുന്നത്, എണീക്ക്.
ടീച്ചർ അടുത്തെത്തിയെന്ന് തോന്നിയപ്പോൾ അബിൻ ചാടിയെഴുന്നേറ്റു,
"എന്തേ രണ്ടു പേരും പുറത്തേക്ക് പോവുന്നില്ലേ.."
"അബിൻ വരാത്തോണ്ട് ഞാനും പോയില്ല ടീച്ചറേ.." യുനീഫോമിന്റെ അവസാനത്തെ ബട്ടൻസ് രണ്ടു കൈ കൊണ്ടും പിടിച്ച് തിരിച്ചു കൊണ്ട് സിനാൻ പറഞ്ഞു..
അതെന്താ അവനുണ്ടങ്കിലേ നിനക്ക് പുറത്ത് പോവാൻ പറ്റൂന്നുണ്ടോ,
അതല്ല ടീച്ചറേ ഞങ്ങള് രണ്ടും നഴ്സറി ക്ലാസ് മുതൽ ഒന്നിച്ചാ വരവും പോക്കുമെല്ലാം. പിന്നെ ടീച്ചറ് നേരത്തെ കറിയുടെ കാര്യം ചോദിച്ചപ്പോ അവന് വിഷമമായി. അതാ ഞാനവന് കൂട്ടിരുന്നത്.
ടീച്ചർ നോക്കുമ്പോൾ അബിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടു.
അവനെ കൂടുതൽ വിഷമിപ്പിക്കേണ്ടന്നു കരുതി, ടീച്ചർ സിനാനോട് പറഞ്ഞു.
നീയൊന്നു വന്നേ ചോദിക്കട്ടെ. നമുക്ക് പുറത്തേക്ക് പോവാം.
സിനാൻന്റെ കൂടെ അബിനും ഇറങ്ങുനത് കണ്ട് ടീച്ചർ പറഞ്ഞു..
അബിൻ വരണ്ട, ക്ലാസ്സിലിരുന്നോ ഞങ്ങളൊന്നു പുറത്ത് പോയിട്ട് വരാം.
ടീച്ചർ പറഞ്ഞത് കേട്ട് സിനാൻ ടീച്ചറുടെ കൂടെ പുറത്തേക്ക് നടന്നു.
സ്റ്റാഫ് റൂമിനടുത്തെത്തുമ്പോഴേക്കും അടുത്ത പിരീഡിനുള്ള ബെല്ലടിച്ചിരുന്നു..
സ്റ്റാഫ് റൂമിൽ നിന്നും മൂന്ന് ബി യിലേക്ക് അടുത്ത പിരീഡിൽ ക്ലാസ്സെടുക്കാനായി പുറത്തിറങ്ങിയ സിമി ടീച്ചറോടായി ദിവ്യ ടീച്ചർ പറഞ്ഞു..
"മൂന്ന് ബി യിലെ കുട്ടിയാണ് ഇവൻ, പേര് സിനാൻ. ഇവനെ ഇപ്പോ വിട്ടേക്കാം ടീച്ചറെ, ഇവനോട് ഇത്തിരി കാര്യങ്ങൾ ചോദിക്കാനുണ്ട്.
സിമി ടീച്ചർ അവന്റെ തലയിലൊന്ന് തലോടിയിട്ട്, തലകുലുക്കി രണ്ടുപേരെയും നോക്കി ചിരിച്ചു കൊണ്ട് ക്ലാസ്സിലേക്ക് നടന്നു പോയി..
ദിവ്യ ടീച്ചർ സിനാനെയും കൂട്ടി ലൈബ്രറിയിലേക്ക് നടന്നു.
അവനെ ലൈബ്രറിയിലെ ബെഞ്ചിലിരിത്തിയ ശേഷം ടീച്ചർ അടുത്തിരുന്നു കൊണ്ട് ചോദിച്ചു.
"നീ നേരത്തെ പറഞ്ഞില്ലെ. അബിയെ "മഴവില്ല് എന്നാണ് വിളിക്കുന്നേന്ന് .
അതെന്തിനാ അങ്ങനെ വിളിക്കുന്നെ അതു കേൾക്കുമ്പോൾ അവന് വിഷമമാവില്ലെ??"
"ഞാൻ വിളിക്കാറില്ല ടീച്ചറെ ക്ലാസ്സിലെ മറ്റുകുട്ടികളാ വിളിക്കാറ്. അത് അബിൻ ഇട്ടു കൊണ്ടുവരുന്ന യൂണിഫോമിന്റെ ബട്ടൻസുകൾ പലതിനും പലകളറാവും അതുകൊണ്ട് കളിയാക്കി വിളിക്കുന്നതാ.
"അതെന്താ അവന് നല്ല ഷർട്ട് ഒന്നുമില്ലേ ഇടാൻ, അവന്റെ വീടെവിടെയാ, അവന്റെ വീട്ടിലവന് അച്ഛനുമമ്മയുമൊന്നുമില്ലേ..?
"എന്റെ വീടിനടുത്താ അവന്റെ വീട്. അവന് അച്ഛനില്ല.. അമ്മയും അമ്മമ്മയും മാത്രമേ ഉള്ളൂ. അവന്റമ്മ അടുത്തുള്ള ഒരു തോട്ടത്തിൽ പണിക്ക് പോന്നുണ്ട്.. അത്രയേ എനിക്കറിയൂ".
"അവന്റെ വീടെങ്ങനെയാ, വാർപ്പ് വീടാണോ,
"അല്ല ടീച്ചറേ ഒരു ഷെഡ്ഡാണ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒരു കുഞ്ഞു വീട്..
"അബിയുടെ അമ്മയുടെ ഫോൺ നമ്പർ നിനക്കറിയാമോ?
"അവന്റമ്മയ്ക്ക് ഫോണില്ലാലോ ടീച്ചറേ. ക്ലാസ്സ് ഗ്രൂപ്പിലെ കാര്യങ്ങൾ അവന്റമ്മ, എന്റെ ഉമ്മിയോട് ചോദിച്ചാ അറിയുന്നെ.
"അതു ശരിയാണല്ലോ , ഞാനത് മറന്ന് പോയി. നിന്റെ ഉമ്മിയുടെ നമ്പർ ഗ്രൂപ്പിലുണ്ട് ഞാനത് തപ്പിയെടുത്തോളാം. എന്നാ നീയിപ്പോ പൊയ്ക്കോ, പിന്നെ അബിയെ ഇനി കളിയാക്കരുത്ന്ന് മറ്റു കുട്ടികളോട് പറയണം.
അബിയുടെ കാര്യം അവനോട് ചോദിക്കാതെ നിന്നോട് ചോദിച്ചതെന്താണെന്ന് വെച്ചാൽ. അവനോട് വീട്ടിലെ കാര്യങ്ങൾ ചോദിച്ചാൽ അവന് വിഷമമാവും അതുകൊണ്ടാണ്. ഇനി നീയിവിടെ ചുറ്റിത്തിരിയാതെ വേഗം ക്ലാസ്സിൽ പോകണം കേട്ടോ,
ടീച്ചറുടെ അനുമതി കിട്ടിയതോടെ സിനാൻ ക്ലാസ്സിലേക്കോടി. ദിവ്യ ടീച്ചർ നേരെ ഓഫീസ് റൂമിൽ എച്ച് എം നെ കാണാൻ പോയി.
ദിവ്യ ടീച്ചർ ക്ലാസ്സിൽ ഓഫീസിലേക്ക് കയറി വരുന്നത് കണ്ടു കൊണ്ട് എച്ച് എം ശാന്തകുമാരി ടീച്ചർ ചോദിച്ചു.
"ദിവ്യ ടിച്ചർക്ക് ഈ പിരീഡ് ഇല്ലേ?""
ഉണ്ട് ടീച്ചറേ അത് പറയാനാ ഞാൻ വന്നത്. ഞാൻ മൂന്ന് ബി ക്ലാസിൽ ക്ലാസ്സെടുക്കുമ്പോൾ ഓണ സദ്യയുടെ കാര്യം കുട്ടികളോട് പറഞ്ഞിരുന്നു. അതിൽ ബാക്ക് ബെഞ്ചിലെ ഒരു കുട്ടിയോട് കൂട്ടുകറിയുടെ കാര്യം പറഞ്ഞപ്പോൾ അവനങ്ങനെ ഒരു പേര് കേട്ടിട്ടു കൂടെയില്ല. അവന്റെ കൂട്ടുകാരനോട് അവനെ പറ്റി അന്വേഷിച്ചപ്പോൾ. ആ കുട്ടി വളരെ പരിതാപകരമായ അവസ്ഥയിൽ നിന്നാ സ്കൂളിലേക്ക് വരുന്നതെന്ന് മനസ്സിലായി.
ആ കുട്ടിയുടെ അമ്മയ്ക്ക് ഫോണില്ല. ഉണ്ടായിരുന്നെങ്കിൽ അവരോട് കാര്യങ്ങളന്വേഷിച്ചറിയാമായിരുന്നു. അവന്റെ വീട്ടിനടുത്തുള്ള അവന്റെ കൂട്ടുകാരന്റെ ഉമ്മയ്ക്ക് ഫോണുണ്ട്. അവരോട് അന്വേഷിച്ചാൽ ആ കുട്ടിയുടെ വീട്ടിലെ സ്ഥിതി അറിയാൻ പറ്റും . ഞാനിപ്പോൾ അവരെ വിളിച്ച് കാര്യങ്ങളന്വേഷിക്കാൻ പോവാണ്. അതുകൊണ്ട് ഈ പിരീഡിൽ എനിക്ക് പകരം മറ്റാരെയെങ്കിലും ക്ലാസ്സിലേക്ക് വിടണം.
നമ്മളത്രയ്ക്ക് അന്വേഷിക്കേണ്ടതുണ്ടോ . ഈ സ്കൂളിലധികവും പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് പഠിക്കുന്നത്. ഇതൊരു സർക്കാർ സ്കൂളാണെന്നറിയാവുന്നതല്ലേ. ഇനി അവന്റെ കാര്യങ്ങളന്വേഷിച്ചേ മതിയാവൂന്നുണ്ടെങ്കിൽ ഉച്ചക്ക് ഇന്റർവെൽ സമയത്ത് അന്വേഷിച്ചാ പോരെ..
അതല്ല ടീച്ചർ. ആ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നമ്മളുടെ കുട്ടികളൊക്കെ ഭക്ഷണം കൊടുത്താൽ പോലും കഴിക്കാതെ വേസ്റ്റാക്കി കളയുമ്പോൾ. നമ്മളൊക്കെ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരുപോലുമറിയാത്ത കുട്ടികളുമുണ്ടെന്നറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത നോവ്. അതുകൊണ്ട് ആ കുട്ടിയുടെ വിവരങ്ങൾ അറിയണമെന്നൊരു വല്ലാത്ത ആഗ്രഹം.
അതുകൊണ്ട് ഒരു പിരീഡ് ഒന്ന് അഡ്ജസ്റ്റാക്കിത്തരണം.
ശാന്തകുമാരി ടീച്ചർ തടിച്ച കണ്ണടയ്ക്കുള്ളിലൂടെ ദിവ്യ ടീച്ചറുടെ മുഖത്തേയ് നോക്കിക്കൊണ്ട് ടേബിൾ ബെല്ലിന്റെ മുകളിൽ വിരലമർത്തി.
ബെൽ ശബ്ദം കേട്ട് പ്യൂൺ പ്രശാന്ത് ഓടി വന്നു.
പ്രശാന്തെ സ്റ്റാഫ് റൂമിൽ ഏതേലും ടീച്ചേഴ്സ് ഇരിപ്പുണ്ടെങ്കിൽ ഒന്നിവിടം വരെ വരാൻ പറയൂ.
പ്രശാന്ത് സ്റ്റാഫ് റൂമിലേക്ക് നടന്നപ്പോൾ എച്ച് എം നോട് നന്ദി പറഞ്ഞ് ദിവ്യ ടീച്ചറും സ്റ്റാഫ് റൂമിലേക്ക് നടന്നു.
സ്റ്റാഫ്റൂമിൽ കയറി തന്റെ സീറ്റിലിരുന്ന ശേഷം ഫോണിലെ ക്ലാസ്സ് വാട്സപ്പ് ഗ്രൂപ്പിൽ നിന്നും സിനാന്റെ ഉമ്മയുടെ നമ്പർ തപ്പിയെടുത്ത് അവരെ കോൾ ചെയ്തു. കോൾ കണക്ടായതും അങ്ങേത്തലയ്ക്കൽ നിന്നും വേവലാതിയോടെയുള്ള ഒരു "ഹലോ" കേട്ടു..
അതു തിരിച്ചറിഞ്ഞ ദിവ്യ ടീച്ചർ ചെറിയ ചിരിയോടെ പറഞ്ഞു.
ഹലോ! സിനാന്റെ ഉമ്മയല്ലേ, വേവലാതിപ്പെടാനൊന്നുമില്ല. ഞാനൊരു കാര്യമന്വേഷിക്കാൻ വേണ്ടി വിളിച്ചതാ.
എന്താ ടീച്ചറെ കാര്യം, സിനാൻ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ?
ടീച്ചറിന്റെ നമ്പറിൽ നിന്നും കോൾ കണ്ടപ്പോഴേ ഞാൻ ഞെട്ടിയിരിക്കുകയാണ്.
അത് ശരിയാണ്, രാവിലെ സ്കൂളിലേക്ക് വിട്ട കുട്ടി യുടെ ക്ലാസ് ടീച്ചർ, കുട്ടിയുടെ വീട്ടിലേക്ക് കോൾ ചെയ്താൽ വീട്ടുകാർക്കൊരു ഞെട്ടലുണ്ടാവും, കാരണം ഒന്നുകിൽ കുട്ടി വല്ല കുസൃതിയും കാണിച്ചിട്ടുണ്ടാവും, അല്ലെങ്കിൽ വല്ല അപകടം പറ്റിയോ എന്നുള്ള ചിന്തയും. എന്നാലിപ്പോൾ ഒന്നും പേടിക്കണ്ട കേട്ടോ, ഞാൻ സിനാന്റെ കാര്യം പറയാനല്ല വിളിച്ചത്. അവന്റെ കൂടുകാരനില്ലേ അബിൻ പ്രകാശ്, അവന്റെ കാര്യം അന്വേഷിക്കാൻ വിളിച്ചതാണ്.
"എന്താ ടീച്ചറേ!! അവനിന്ന് ക്ലാസ്സിൽ വന്നില്ലേ".
അവൻ വന്നിട്ടുണ്ട്. പക്ഷേ അവനെ പറ്റി കൂടുതലറി യണമെന്ന് തോന്നി. അവന്റെ വീട്ടിൽ ആരൊക്കെ യുണ്ട്. കഴിഞ്ഞ പി ടി എ മീറ്റിംഗിൽ അവന്റെ അമ്മ വന്നപ്പോഴും ഞാൻ കാര്യമായി ഒന്നും അന്വേഷിച്ചിരുന്നില്ല.
ഞങ്ങളുടെ വീട്ടിന്റെ കുറച്ചു മാറിയാണ് അവന്റെ വീട്. വീടെന്ന്, പറയാനൊന്നുമില്ല. ഒരു ഷെഡ് ആണ്. ഏതാണ്ട് ഒരു ഒൻപതു വർഷം മുമ്പാണ് അവരാ സഥലം വാങ്ങി ഷെഡ് വെച്ച് താമസം തുടങ്ങിയത്. അവരിവിടെ വരുമ്പോൾ അവർ ഗർഭിണി യായിരുന്നു. ഞാനതോർത്തു വെയ്ക്കാൻ കാരണ മെന്താണെന്നു വെച്ചാൽ, ഞാനും അതേ സമയം ഗർഭിണിയായിരുന്നു. ഒരേ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ഞങ്ങളുടെ പ്രസവം. അതും ഒരേ ദിവസം തന്നെ. വാർഡിലേക്ക് മാറ്റിയപ്പോഴും അടുത്തടുത്ത ബെഡ്ഡിലായിരുന്നു ഞങ്ങൾ കിടന്നിരുന്നത്. അവിടുന്നാ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത്. കുഞ്ഞുങ്ങളിത്തിരി അറിവാ യപ്പോൾ മുതൽ അവരും നല്ല കൂട്ടുകാരുമാണ്.
"അബിന്റെ അച്ഛൻ?
ഈ ഒൻപതു വർഷത്തിനിടയ്ക്കും അങ്ങനെയൊരാളെ ഞങ്ങളാരുമവിടെ കണ്ടിട്ടില്ല..
ഇനിയിപ്പോ അബിനിന്റെ അച്ഛൻ മരിച്ച് പോയതായിരിക്കോ?
അതെനിയ്ക്കറിയില്ല ടീച്ചറേ, ഞാൻ പലപ്പോഴും അവളോട് ചോദിച്ചിട്ടുണ്ട് പക്ഷേ മറുപടിയൊന്നും പറഞ്ഞിട്ടില്ല.
വേദനിപ്പിയ്ക്കണ്ടെന്നു കരുതി പിന്നീടാരും ആ കാര്യത്തെപ്പറ്റി അവളോട് ചോദിച്ചിട്ടില്ല.
"എനിക്കവരുടെ നമ്പർ ഒന്നു തരാമോ"
"അവൾക്ക് ഫോണില്ല ടീച്ചറെ, ക്ലാസ് ഗ്രൂപ്പിലെ കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞാണവള് അറിയുന്നത്. ടീച്ചറൊരു കാര്യം ചെയ്യ് . ഒരു ദിവസം അവരുടെ വീട്ടിൽ ചെല്ല്. നേരിട്ട് കാര്യങ്ങളൊക്കെ ചോദിച്ചറിയാമല്ലോ..
" ഉം... ടീച്ചറൊന്നു മൂളി. എന്നാൽ നാളെ രാവിലെ സ്കൂളിൽ പോകുന്ന വഴി ഞാനതിലെ വരാം, രാവിലെ ഞാനീ നമ്പറിൽ വിളിക്കും. വരുമ്പോളെനിയ്ക്ക് വഴി പറഞ്ഞു തരണം.
അതു കുഴപ്പമില്ല ടീച്ചറേ ഞാൻ മോനെ റോഡിലേക്ക് പറഞ്ഞ് വിടാം, അവന്റെ കൂടെ നേരെയിങ്ങ് പോന്നാ മതി.
എന്നാ ശരി. ഞാൻ രാവിലെ വിളിക്കാം. ടീച്ചർ ഫോൺ കട്ടു ചെയ്ത് സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകളടച്ചു.
അബിൻ പ്രകാശിന്റെ ദൈന്യതയേറിയ മുഖം ദിവ്യടീച്ചറുടെ ഹൃദയത്തെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.
പിന്നീട് ടീച്ചർക്ക് ക്ലാസ്സെടുക്കാനുള്ള മൂഡൊന്നും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ഇന്ന് രാത്രി കഴിഞ്ഞ്, നേരം വെളുത്താൽ മതിയെന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ.
പിറ്റേന്ന് രാവിലെ തന്നെ ദിവ്യ ടീച്ചർ അബിൻ പ്രകാശിന്റെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായി. രാവിലെ തന്നെ സിനാന്റെ ഉമ്മയെ വിളിച്ച് സിനാനോട് വഴിയിൽ കാത്തു നിൽക്കാൻ ഏൽപ്പിച്ചു.
സ്കൂട്ടിയിൽ വരുന്ന ടീച്ചറെ കണ്ടപ്പോൾ തന്നെ സിനാൻ റോഡരികിലേക്ക് നീങ്ങി നിന്നു. അവനെ കണ്ടപ്പോൾ ടീച്ചർ അവനരുകിൽ വണ്ടി നിർത്തി.
"വാടാ! കേറ് നമുക്ക് വേഗം പോയി വരേണ്ടതല്ലേ". ടീച്ചർ പറഞ്ഞത് കേട്ട് അവൻ വണ്ടിയിൽ കയറിയിരുന്നു. പിന്നീട് ടീച്ചറോട് വഴി പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. ടീച്ചർ വരുമ്പോൾ അബിൻ, പഞ്ചായത്ത് പൈപ്പിൽ നിന്നും ബക്കറ്റിൽ വെള്ളം നിറച്ച് മുറ്റത്തെ വീപ്പയിൽ ഒഴിക്കുകയായിരുന്നു. ഇടവഴിയിലൂടെ നടന്ന് മുറ്റത്തേക്ക് കയറി വരുന്ന സിനാനെയും പുറകിലുള്ള ടീച്ചറെയും കണ്ട് അബിൻ പ്രകാശ് ഞെട്ടി. പിന്നെ "അമ്മേ"യെന്നു വിളിച്ചു കൊണ്ട് വീടിനകത്തേക്ക് ഓടി.
എന്താടാ !! നീ വീപ്പ പൊട്ടിച്ചോന്നും ചോദിച്ചു കൊണ്ട് മുറ്റത്തേക്ക് വന്ന അബിനിന്റെ അമ്മ, ടീച്ചറെ കണ്ട് വേഗം എളിയിൽ കുത്തിയിരുന്ന നൈറ്റിയുടെ തുമ്പഴിച്ചിട്ടു. അബിൻ നിറം മങ്ങിയ ഒരു ഷർട്ടുമിട്ടു വന്ന് അകത്തു നിന്നും കൈ കൊണ്ട് എന്താടാ പ്രശ്നംന്ന് ആംഗ്യ ഭാഷയിൽ സിനാനോട് ചോദിച്ചു കൊണ്ടിരുന്നു.
ഇടയ്ക്കിടെ കണ്ണടച്ചു കാണിച്ചു കൊണ്ട് എനിക്കറിയില്ലാന്ന് സിനാനും അറിയിച്ചു കൊണ്ടിരുന്നു. അവരുടെ നിശബ്ദമായ ആശയവിനിമയം കണ്ട് ടീച്ചർ ചിരിച്ചു കൊണ്ട് അബിനിന്റെ അമ്മയുടെ അടുത്ത് ചെന്ന് കൈയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു..
"എന്നെ മനസ്സിലായോ! ഞാൻ അബിനിന്റെ ടീച്ചറാണ്. പുതുതായി വന്നതാണ് ഈ സ്കൂളിൽ ,ഇതു വഴി പോയപ്പോൾ വെറുതേയൊന്ന് കേറിയ ന്നേയുള്ളൂ"..
തിരിച്ചെന്തു പറയേണ്ടൂവെന്നറിയാതെ അബിന്റെ അമ്മ ഉഴറിക്കൊണ്ടിരുന്നു.
ടീച്ചർ തലയൽപ്പം താഴ്ത്തിപ്പിടിച്ച് ഉമ്മറത്തേയ്ക്കു കയറി.
ആകെയുണ്ടായിരുന്ന ഒരു കസേരയിലിരുന്നു കൊണ്ടു ചോദിച്ചു.
അബിനിന്റെ അമ്മയുടെ പേര് പറഞ്ഞില്ല. ക്ലാസ്സ് ഗ്രൂപ്പിൽ നിങ്ങളില്ലാത്തത് കൊണ്ടെനിക്ക് പേരറിയാനും സാധിച്ചിട്ടില്ല.
എന്റെ പേര് രേഷ്മ., എന്താ ടീച്ചറെ മോൻ വല്ല കുരുത്തക്കേടുമൊപ്പിച്ചോ രാവിലെ തന്നെ ഇങ്ങോട്ട് വന്നത് കൊണ്ട് ചോദിച്ചതാ.
"ഏയ് !!അവൻ ക്ലാസ്സിൽ കുഴപ്പക്കാരനൊന്നുമല്ല. നല്ല കുട്ടിയാ, പിന്നെ പഠനത്തിൽ എല്ലാവരുടെയുമത്ര മിടുക്കനല്ലാന്നേയുള്ളു. എന്നാലും ആവറേജ് പഠിപ്പൊക്കെയുണ്ട്.
പിന്നെ ... പിന്നെന്താ ടീച്ചറേ. രേഷ്മ സംശയത്തോടെ ചോദിച്ചു
"ഒന്നുമില്ലാന്നെ, എന്നാലും ചില കാര്യങ്ങളറിഞ്ഞിരിക്കണമെന്ന് തോന്നി. അതാ ഞാൻ വന്നത്. അത് പറയാം.
ടീച്ചർ സിനാനോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞ ശേഷം അബിനിനോടായി പറഞ്ഞു.
"നീ വേഗം സ്കൂളിൽ പോകാൻ റെഡിയായിക്കോ, നമുക്കൊരുമിച്ച് പോകാം". അത് കേട്ടതേ അബിൻ കുളിക്കാനായി ഓടി.
(തുടരും ...)