വൈകിവന്ന വസന്തം – Part 3
രചന : ഷിജിത് പേരാമ്പ്ര
ടീച്ചർ കണ്ണു തുടയ്ക്കുന്നത് കണ്ടുകൊണ്ട് രേഷ്മ ചിരിയോടെ ചോദിച്ചു. ''ടീച്ചറെന്തിനാ കണ്ണു തുടയ്ക്കുന്നത്. അബിയുടെ ചിത്രം മോശമായത് കൊണ്ടാണോ?"
"ഏയ് അതൊന്നുമല്ല, ചിത്രം ഗംഭീരമായിട്ടുണ്ട്' അബിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എൻ്റെ കണ്ണുനിറഞ്ഞത്, എന്താണെന്നറിയാമോ, അവൻ ക്ലാസ്സിൽ പഠനത്തിൽ മോശമായത് കൊണ്ട് അവനെ ഞാൻ പലപ്പോഴും വഴക്കുപറഞ്ഞിട്ടുണ്ട്. ക്ലാസ്സിൽ ശ്രദ്ധിക്കണമെന്നു പറഞ്ഞിട്ട് അടിച്ചിട്ടുണ്ട്. ചിലപ്പോൾ ഇങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും സ്കൂളിലേക്ക് വരുന്നത് കൊണ്ടാവാം അവൻ ക്ലാസ്സിൽ ശ്രദ്ധയില്ലാതെ എന്തോ ആലോചിച്ചിരിക്കുന്നത്. ക്ലാസിലെ മറ്റു കുട്ടികളെല്ലാം പുതിയ വസ്ത്രങ്ങൾ ധരിച്ചും നല്ല ചെരുപ്പുമൊക്കെയിട്ട് ക്ലാസിൽ വരുമ്പോൾ തനിക്ക് അതൊന്നും സാധിക്കുന്നില്ലാലോ എന്നൊക്കെ അവൻ ചിന്തിക്കുന്നുണ്ടാവാം, പഠനത്തിൽ മോശമായാലും വരയ്ക്കാനുള്ള കഴിവ് അവന് ഈശ്വരൻ അനുഗ്രഹിച്ച് കൊടുത്തിട്ടുണ്ടല്ലോ, പല കുട്ടികളിലും പലതരത്തിലുള്ള കഴിവുകൾ ഉണ്ടാവാം, പലതും അറിയാതെ പോവുന്നതുകൊണ്ടാണ് പലരും എവിടെയും അറിയപ്പെടാതെ പോവുന്നതും. എന്തായാലും ഈ നോട്ട്ബുക്ക് ഞാൻ അബിയുടെ കയ്യിൽ പിന്നീട് കൊടുത്തു വിടാം. സമയം വൈകി. എന്നാൽ ഞാനിറങ്ങട്ടെ, രേഷ്മയ്ക്ക് നേരെ കൈ ഉയർത്തിക്കാട്ടി ടീച്ചർ റോഡിലേക്ക് നടന്നു. റോഡിലെത്തി വണ്ടിയെടുത്ത് അബിനെയുംയും കൂട്ടി, ടീച്ചർ സ്കൂളിലേക്ക് മടങ്ങി.
സ്കൂൾ ഗേറ്റിനടുത്ത് ടീച്ചറുടെ വണ്ടിയെത്തിയപ്പോൾ അബിയെയും കാത്ത് സിനാൻ ഗേറ്റിനരുകിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. സിനാനെ കണ്ടപ്പോൾ ടീച്ചർ ചോദിച്ചു
"അബി ചിത്രം വരയ്ക്കുമെന്ന് നീയെന്താടാ എന്നോട് പറയാതിരുന്നത്.
ടീച്ചറുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സിനാൻ അത്ഭുതത്തോടെ ചോദിച്ചു.
“ങേ." അബി ചിത്രം വരയ്ക്കുമെന്നോ, എപ്പോ? എവിടെ, ഞാൻ കണ്ടിട്ടില്ലാലോ, ടീച്ചറേ,
"അപ്പോ, നിൻ്റെ വല്യ കൂട്ടുകാരാനായിട്ടും നീയീക്കാര്യം അറിഞ്ഞിരുന്നില്ലേ
"ഇല്ലല്ലോ ടീച്ചറേ, ഇവനിതുവരെ മലയും, പുഴയും സൂര്യൻ്റെയും പടം പോലും വരച്ച് ഞാൻ കണ്ടിട്ടില്ല. ' എന്നോട് ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുമില്ല.
ആണോ എന്നാൽ നീയറിഞ്ഞോ അബി നല്ലൊരു ചിത്രകാരനാണ്, ഞാൻ സ്റ്റാഫ്റൂമിലേക്ക് ചെന്നിട്ട് ക്ലാസിലേക്ക് വരാം. നിങ്ങള് നടന്നോ, അതും പറഞ്ഞ് ടീച്ചർ സ്റ്റാഫ് റൂമിലേക്ക് നടന്നു.
സിനാനും അബിയും ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിൽ സിനാൻ അബിയോട് ചോദിച്ചു. ടീച്ചർ പറഞ്ഞത് നേരാണോടാ, നീ വരയ്ക്കുമോ,
ഏയ് അത്രയ്ക്കൊന്നുമില്ലെടാ, ചുമ്മാ എന്തേലും വരച്ച് വെക്കുന്നതാ
എന്നിട്ട് നീയെന്താ അതെന്നോട് പറയാഞ്ഞെ, ഞാനല്ലേ നിൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ..
അതൊക്കെ ശരിയാണ്, നീയെൻ്റെ ചങ്കാണ്. ചിത്രം വരയ്ക്കുന്ന കാര്യം പറയാഞ്ഞത് വേറൊന്നും കൊണ്ടല്ല, നീയറിഞ്ഞാൽ, നീ ടീച്ചറോട് പറയും. ടീച്ചറ് അറിഞ്ഞാല് എന്നെ പല സ്കൂളുകളിലേക്കും മത്സരത്തിന് കൊണ്ടു പോവും. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമെല്ലാം, ഇതിനൊക്കെ പോവാൻ പൈസാ വേണ്ടേ, അമ്മ പണിക്ക് പോയാൽ അമ്മമ്മയുടെ കാര്യം നോക്കാൻ പോലും പൈസ തികയുന്നില്ല. അപ്പോ ഞാനിങ്ങനെയൊരു കാര്യം പറഞ്ഞാൽ അമ്മയ്ക്കത് വിഷമമാവും. എന്നെ മത്സരത്തിന് വിടാൻ കഴിഞ്ഞില്ലെങ്കിൽ അമ്മക്കും സങ്കടമാവും. വെറുതെയെന്തിനാ അമ്മയെ വിഷമിപ്പിക്കുന്നത്. നിനക്കറിയാലോ വീട്ടിലെ സ്ഥിതി.
അതും ശരിയാ, ഇനിയിപ്പോ ടീച്ചറ് ക്ലാസ്സിൽ എല്ലാരോടും പറയും. മറ്റു ടീച്ചർമാരുമെല്ലാം അറിയും. ഇനി നിന്നെ മത്സരത്തിനുമെല്ലാം കൊണ്ടുപോവുമായിരിക്കും.. പൈസയില്ലാന്ന് ടീച്ചറോട് പറ. ടീച്ചർ പൈസ മുടക്കി കൊണ്ടുപോവട്ടെ.. എന്നാലും നീയെന്നോട് ഇങ്ങനെയൊരു കാര്യം പറഞ്ഞില്ലാലോ? സിനാൻ പരിഭവത്തോടെ പറഞ്ഞു കൊണ്ടിരുന്നു. സംസാരിച്ചു കൊണ്ടു നടക്കുന്നതിനിടയിൽ അവർ ക്ലാസ്സിലെത്തി.
അൽപ്പസമയം കഴിഞ്ഞ് ടീച്ചർ ക്ലാസ്സിലെത്തിയതും കുട്ടികളെല്ലാം എഴുന്നേറ്റു നിന്ന് വിഷ് ചെയ്തു. എല്ലാരോടും ഇരിക്കാൻ പറഞ്ഞ ശേഷം ടീച്ചർ പറഞ്ഞു,
ഈ ക്ലാസ്സിൽ ഒരു ചിത്രകാരനുണ്ട് നിങ്ങൾക്കാർക്കെങ്കിലും അറിയാമോ അതാരാണെന്ന്?
കുട്ടികൾ പരസ്പരം നോക്കിയതല്ലാതെ ആരും മറുപടി പറഞ്ഞില്ല.
ടീച്ചർ മേശപ്പുറത്തു നിന്നു നോട്ടുബുക്ക് എടുത്ത് അതിനുള്ള ചിത്രങ്ങൾ ഓരോ പേജായി മറിച്ചു കൊണ്ടു ചോദിച്ചു.
"ഇതിലുള്ള ചിത്രങ്ങൾ എങ്ങനെയുണ്ട് നിങ്ങൾ പറ".
ഓരോ പേജ് മറിയ്ക്കുമ്പോഴും കുട്ടികൾ അത്ഭുതത്തോടെ "ശ്ശ് ; എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ചിത്രങ്ങൾ കണ്ടു കഴിഞ്ഞ ശേഷം കുട്ടികൾ ഒരേ സ്വരത്തിൽ ചോദിച്ചു.
"ഇതെല്ലാം ആരു വരച്ചതാ ടീച്ചറെ. നല്ല ഭംഗിയുള്ള ചിത്രങ്ങൾ, ടീച്ചറുടെ പടമെല്ലാം അതേപോലെ തന്നെയുണ്ട്.
"ഇതെല്ലാം വരച്ചത് ഈ ക്ലാസ്സിലുള്ള നിങ്ങളുടെ ഒരു കൂട്ടുകാരൻ തന്നെയാണ്. പക്ഷേ നിങ്ങളെപ്പോലെ തന്നെ ഞാനും അവൻ വരയ്ക്കുമെന്ന് അറിഞ്ഞിരുന്നില്ല. ഇന്ന് യാദൃശ്ചികമായി അവൻ്റെ വീട്ടിൽ എനിക്ക് പോകേണ്ടി വന്നു. അതുകൊണ്ടു മാത്രമാണ് ഈ വിവരം എനിക്കറിയാൻ കഴിഞ്ഞത്. നിങ്ങളിൽ പലരും അവനെ കളിയാക്കാറുണ്ട്, അവൻ നല്ല വേഷം ധരിച്ചല്ല ക്ലാസ്സിൽ വരാറ്. അവൻ നല്ലവണ്ണം പഠിക്കുന്ന കുട്ടിയല്ല. അതുകൊണ്ടുതന്നെ നിങ്ങളാരും അവനെ ശ്രദ്ധിക്കാറുമില്ല. നിങ്ങളിൽ പലരും അവനെ മഴവില്ല് എന്ന് വിളിച്ച് കളിയാക്കാറുണ്ട്.
അത്രയും കേട്ടപ്പോൾ തന്നെ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും അബി ഇരിക്കുന്ന ലാസ്റ്റ് ബെഞ്ചിലേക്ക് നോക്കുന്നുണ്ടായിരുന്നു.
എല്ലാവരും തന്നെ നോക്കുന്നു എന്നറിഞ്ഞപ്പോൾ എന്തിനോ കണ്ണുകൾ നിറഞ്ഞു വന്ന അബിൻ, ഡെസ്കിലേക്ക് കൈ മടക്കി വെച്ച് അതിലേക്ക് മുഖമമർത്തി കിടന്നു.
അബി കിടക്കുന്നതു കണ്ട് ടീച്ചർ അവൻ്റെയടുത്തേക്ക് വന്ന് ബലമായി അവൻ്റെ മുഖം പിടിച്ചയുർത്തി. അവൻ കൂടുതൽ ശക്തിയോടെ ഡസ്കിലേക്ക് മുഖമമർത്തിപ്പിടിച്ചു കൊണ്ടിരുന്നു. ടീച്ചർ സിനാനെ മാറ്റിയിരുത്തി അബിയ്ക്കരുകിലിരുന്നു കൊണ്ട് പറഞ്ഞു.
എടാ അബീ, നീയൊന്നു തലയുയർത്തി നോക്കിക്കേ, ഈ ക്ലാസ്സിലെ എല്ലാ കുട്ടികളും ആരാധനയോടെയാ നിന്നെയിപ്പോ നോക്കുന്നത്. ഇനി ഇവരാരും നിന്നെ കളിയാക്കില്ല കേട്ടോ. അബി തലയുയർത്താൻ കൂട്ടാക്കാതെ ഡസ്കിൽ മുറുകെപ്പിടിച്ച് കിടന്നു.
ഇത്തിരി നേരം അവൻ്റെ സങ്കടങ്ങളെ അവനിലേക്ക് തന്നെ വിട്ടുകൊടുത്തു കൊണ്ട് ടീച്ചർ എഴുന്നേറ്റ് ടീച്ചറുടെ സീറ്റിലേക്ക് നടന്നു.
കുട്ടികൾക്കഭിമുഖമായി മേശമേൽ ചാരി നിന്നുകൊണ്ടു പറഞ്ഞു.
അബി വരച്ച ചിത്രങ്ങൾ നിങ്ങളെല്ലാം കണ്ടതാണല്ലോ, അവൻ നല്ലൊരു കലാകാരനാണ്. ചിത്രം വരയ്ക്കാൻ കഴിയുക എന്നു വെച്ചാൽ ദൈവത്തിൻ്റെ അനുഗ്രഹമാണ്. ആ കഴിവ് നമുക്കെല്ലാവർക്കും കിട്ടിയെന്നു വരില്ല. ഇനിയാരും അബിയെ മാത്രമല്ല പരസ്പരം ആരെയും കളിയാക്കരുത്. പലരുടെയും വീട്ടിലെ ഇല്ലായ്മ കൊണ്ടാവും, നിറം മങ്ങിയ വസ്ത്രങ്ങളും തേഞ്ഞു തീരാറായ ചെരുപ്പും ഒക്കെ ഇട്ടു വരുന്നത്. അത് അവരുടെ കുറ്റമല്ല. അവരുടെ വീട്ടിലെ സാഹചര്യം അങ്ങനെയായിരിക്കും അതാണ്. നിങ്ങളിൽ പലരും പലതരത്തിലുള്ള കഴിവുകൾ ഉള്ളവരായിരിക്കും. പക്ഷേ കഴിവുകളില്ലാത്തവർ മോശക്കാരാണെന്ന് ചിന്തിക്കരുത്. ഇപ്പോ അവർക്ക് നിങ്ങളെപ്പോലെ ആകാൻ കഴിഞ്ഞില്ലെങ്കിലും നാളെയൊരു നാൾ അവരും അവരുടെ കഴിവുകളാൽ ഉയർന്നുവരും. അബിയുടെ കാര്യം തന്നെ നോക്കൂ. നമുക്കാർക്കെങ്കിലുമറിയാമായിരുന്നോ അബി ഒരു ചിത്രകാരനാണെന്ന്. ഇന്ന് യാദ്യശ്ചികമായി അവൻ്റെ വീട്ടിൽ എനിക്ക് പോകേണ്ടിവന്നു. അതുകൊണ്ടു മാത്രമാണ് ഒരു കലാകാരനെ നമുക്ക് അറിയാൻ കഴിഞ്ഞത്. കുട്ടികളോടായി ഇത്രയും പറഞ്ഞ ശേഷം ടീച്ചർ അബിയെ നോക്കി ഉറക്കെപ്പറഞ്ഞു.
"അബിൻ പ്രകാശ്, സ്റ്റാൻഡപ്പ്"
ടീച്ചറുടെ ഗൗരവമുള്ള ശബദം കേട്ടതും സിനാൻ, ഡസ്കിൽ തല ചായ്ച്ചു കിടക്കുന്ന അബിയെ മെല്ലെ തോണ്ടിക്കൊണ്ടു പറഞ്ഞു.
'ഡാ, ടീച്ചറ് ഗൗരവത്തിലാടാ, വേഗം എണീറ്റ് നിൽക്ക്'
നിറഞ്ഞു വന്ന കണ്ണുകൾ രണ്ടു കൈ കൊണ്ടും തുടച്ചു കൊണ്ട് അബി എഴുന്നേറ്റ് നിന്നു..
അബിയുടെ അടുത്തേക്ക് നടന്ന് അവനെ അവനിരുന്ന ബഞ്ചിൽ നിന്നും കൈ പിടിച്ച് ക്ലാസ്സ് റൂമിൻ്റെ മുമ്പിൽ എല്ലാവർക്കും അഭിമുഖമായി നിർത്തിക്കൊണ്ട് ടീച്ചർ പറഞ്ഞു.
"എല്ലാരും അബിക്കൊരു നല്ല കയ്യടി കൊടുത്തേ"
അബിയെ നോക്കി എല്ലാ കുട്ടികളും ഉറക്കെ കയ്യടിച്ചു കൊണ്ടിരുന്നു.
കയ്യടി കേട്ടപ്പോൾ അബിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.
"അബീ , ഇനി നിൻ്റെ ചുണ്ടിലീപുഞ്ചിരി എപ്പോഴുമുണ്ടാകണം. ഈ ക്ലാസ്സിലെ ആരെക്കാളും കഴിവുള്ള കുട്ടിയാണ് നീ. പിന്നെ പഠനത്തിൻ്റെ കാര്യം, അത് നീ ക്ലാസ്സിൽ ശ്രദ്ധിച്ചാൽ നമുക്ക് ശരിയാക്കി എടുക്കാവുന്നതേയുള്ളൂ, അടുത്ത പരീക്ഷയ്ക്ക് നമുക്ക് നല്ല മാർക്ക് വാങ്ങണം കേട്ടോ,, നമുക്ക് ശരിയാക്കാം എല്ലാം, ഇനി നീ സീറ്റിൽ പോയിരുന്നോ.
അബിൻ അവൻ്റെ സീറ്റിലേക്ക് നടക്കുമ്പോൾ ക്ലാസ്സിലെ മറ്റു കുട്ടികളുടെ കണ്ണുകൾ മുഴുവനും അവനിലേക്കായിരുന്നു.
വൈകീട്ട് ടീച്ചർ വീട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് തൻ്റെ ഭർത്താവിനോട് ഈ കാര്യം പറയുക എന്നതായിരുന്നു.
സുധിയേട്ടാ ഇതു കണ്ടോ, ഈ ബുക്ക് ഒന്നു നോക്കിക്കേ, ടീച്ചർ ബുക്ക് സുധീഷിൻ്റെ കൈകളിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.
ബുക്ക് വാങ്ങി നോക്കിക്കൊണ്ട് സുധീഷ് ആശ്ചര്യത്തോടെ പറഞ്ഞു.
" വൗ"!! വണ്ടർഫുള്ളായിരിക്കുന്നല്ലോ, നിന്നെ കണ്ട് ആരാധനമുത്ത് സ്കൂളിലെ ഡ്രോയിംഗ് മാഷ് വരച്ചതാണോ ഇത്.
"ഒന്നു പോ സുധിയേട്ടാ, ഇത് എൻ്റെ ക്ലാസ്സിലെ അബിൻ പ്രകാശ് എന്ന കുട്ടി വരച്ചതാ, അവൻ വരച്ചതല്ല അത്ഭുതം, അവൻ വരയ്ക്കുമെന്ന് ക്ലാസ്സിലെ കുട്ടികൾക്കോ, അവൻ്റെ ഉറ്റ കൂട്ടുകാരനോ പോലും അറിയില്ലാന്നുള്ളതാണ് സത്യം.
അവനിങ്ങനെയൊരു കഴിവുണ്ടെന്ന് അവനാരോടും ഇതുവരെ പറഞ്ഞിട്ടില്ല. പഠിത്തത്തിലാണെങ്കിൽ ഏറ്റവും മോശമായ കുട്ടി, ഒരു നല്ല വസ്ത്രമോ, ചെരുപ്പോ ഒന്നും അവനില്ല. അവൻ്റെ അവസ്ഥ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി എന്തോ കുഴപ്പമുണ്ടല്ലോന്ന് അതുകൊണ്ട് ഞാനവൻ്റെ വീടുവരെ ഇന്ന് പോയി. അവൻ്റെ അമ്മയെ കണ്ട് കാര്യങ്ങളൊക്കെ അന്വേഷിച്ചു.
അതെന്താ അമ്മയെ കണ്ട് അന്വേഷിച്ചത് അവന് അച്ഛനില്ലേ, അതു പറയാൻ കൂടിയാണ് ഞാനീ ബുക്കും കൊണ്ട് വന്നത്, തുടർന്ന് അബിയുടെ വീട്ടിൽ പോയതും അവിടെ ചെന്നപ്പോഴുള്ള അവരുടെ അവസ്ഥയുമെല്ലാം ടീച്ചർ സുധീഷിനോട് വിവരിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സുധിഷ് പറഞ്ഞു.
'ഹൊ!! കഷ്ടായല്ലോ അവരുടെ കാര്യം, ഇതിൽ നമുക്കിപ്പോളെന്താ ചെയ്യാൻ കഴിയാ"
സുധിയേട്ടൻ്റെ സുഹൃത്തുക്കളും നാട്ടുകാരും, ബന്ധുക്കളുമൊക്കെയായിട്ട് ഇപ്പഴും കുറേ ആൾക്കാര് കട്ടപ്പനയിൽ ഇല്ലേ, അവരോട് ഇങ്ങനെയൊരാളെ അറിയാമോന്ന് ചോദിക്കാമല്ലോ,
അതിനിപ്പം ഇടുക്കി ജില്ലയില് എത്രയോ പ്രകാശൻമാരുണ്ട്, അതിൽ ഏതു പ്രകാശനാണെന്ന് വിചാരിച്ചിട്ടാണ്. ഇയാൾ കട്ടപ്പനയല്ലല്ലോ ' ഇടുക്കി ജില്ലയിൽ എവിടെയോ ആണെന്നല്ലേ അറിയൂ.
അത്രയേ രേഷ്മക്കും അറിയൂ. എന്തായാലും സുധിയേട്ടൻ ഈ ഫോട്ടോ ഏട്ടൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യ്. ഇങ്ങനെയൊരാളെ അറിയുമോന്ന് ചോദിക്ക്..
ടീച്ചർ കൊടുത്ത ഫോട്ടോ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് സുധി പറഞ്ഞു.
"ഈ, ഫോട്ടോ കണ്ട് എങ്ങനെ ആളെ തിരിച്ചറിയാനാ ദിവ്യേ, പെറ്റമ്മ കണ്ടാൽ പോലും തിരിച്ചറിയില്ല. പിന്നെയാ നാട്ടാര്"
'ശ്ശൊ, ഇനിയിപ്പോ എന്താ ചെയ്യാ.. ഇയാളെ കണ്ടെത്താൻ കഴിഞ്ഞാൽ, അല്ലെങ്കിൽ ആള് ജീവിച്ചിരിപ്പില്ലാന്നെങ്കിലും അറിയാൻ കഴിഞ്ഞാൽ ആ കുടുംബത്തിൻ്റെ കാത്തിരിപ്പിനൊരു അവസാനമാവും, 'ഭൂമിയിലെ ഏറ്റവും സങ്കടകരമായ കാര്യം എന്താണെന്നറിയോ സുധിയേട്ടാ, അത് മരണമോ, രോഗമോ, പ്രണയ നൈരാശ്യമോ, നമ്മുടെ തോൽവികളോ ഒന്നുമല്ല, ഒരാളെ കാത്തിരിപ്പാണ് ഏറ്റവും വലിയ സങ്കടം. നമ്മുടെ കൂടെ നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും കളിചിരിയിലുമെല്ലാം കൂടെയുണ്ടായിരുന്ന ഒരാള് പെട്ടെന്നൊരു ദിവസം മാഞ്ഞുപോവുക, അയാളെ അത്രമേൽ സ്നേഹിക്കുകയും, അയാളെ അത്രകണ്ട് വിശ്വസിക്കുകയും, ആയാളെ മാത്രം ആശ്രയിച്ച് ജീവിക്കുകയും ചെയ്യുന്ന മറ്റൊരാൾക്ക് അതെങ്ങനെ സഹിക്കാൻ കഴിയും സുധിയേട്ടാ, ഒന്നോർത്തു നോക്കൂ. നല്ല മഴയത്ത് കുടയും ചൂടിയൊരാൾ ദൂരെ നിന്നും നടന്നു വരുന്നത് കണ്ടാൽ, നല്ല മഞ്ഞുള്ള പ്രഭാതത്തിൽ നമ്മുടെ നേരെ ഒരാൾ നടന്നു വരുന്നത് അവ്യക്തമായി കണ്ടാൽ, രാത്രിയിൽ മുറ്റത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടാൽ, അടച്ചിട്ട വാതിലിനു പുറത്ത് ഉമ്മറത്തു നിന്നും ഒരു ചുമ കേട്ടാൽ, രാത്രിയിൽ നല്ല ഉറക്കത്തിൽ വീടിനു പുറത്ത് നിന്നും എന്തെങ്കിലുമൊരു ശബ്ദം കേട്ടാൽ എല്ലായിടത്തും നമ്മളിൽ നിന്നും മാഞ്ഞുപോയ ആളുടെ മുഖമല്ലേ ഓർമ്മ വരിക. ആള് മരിച്ചു പോയി എന്നറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ സങ്കടമാണെങ്കിലും ആള് ഈ ഭൂമിയിലില്ലല്ലോയെന്ന് വേദനയോടെയാണെങ്കിലും ഓർക്കാൻ കഴിയും. ഇതിപ്പോ രേഷ്മയുടെയും, അച്ഛൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നു പോലുമറിയാത്ത ഒരു കുട്ടിയുടെയും വേദന എത്രത്തോളമുണ്ടാവും.
"ഇതൊക്കെ എനിക്കും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. പക്ഷേ നമുക്കിപ്പോൾ എന്ത് ചെയ്യാൻ കഴിയും, ചിലപ്പോൾ പ്രകാശൻ എന്ന ആൾ അവളെ ഉപേക്ഷിച്ച്, അവൾ തലയിലാവുമല്ലോ എന്നു കരുതി സ്ഥലം വിട്ടതാണെങ്കിലോ, വല്ല കേസ്സും വന്നാലോ എന്ന് കരുതി ഫോണൊക്കെ ഉപേക്ഷിച്ചതാണെങ്കിലോ?'
ഏയ്, അങ്ങനെയാവാൻ വഴിയില്ലാ, എന്നാണ് രേഷ്മയുടെ സംസാരത്തിൽ നിന്നും എനിക്ക് തോന്നുന്നത്. പ്രകാശൻ ഒരിക്കലും അവളെ ഉപേക്ഷിച്ച് പോവില്ലാന്നാ അവൾ പറഞ്ഞത്.
"അതൊക്കെ അവരുടെ വിശ്വാസമല്ലേ, മനുഷ്യൻ്റെ മനസ്സിനെ പൂർണ്ണമായി മനസ്സിലാക്കിയവരാരുണ്ട്, ഉറക്കത്തിൽ ഭാര്യയെയും മക്കളെയും കഴുത്ത് ഞെരിച്ച് കൊല്ലുന്നവരുടെ കാലമാ, സ്വന്തം ഭർത്താവ് തന്നെയോ മക്കളെയോ നുള്ളിനോവിക്കുക പോലുമില്ലാന്ന് വിശ്വസിച്ച് കൂടെ കിടന്നുറങ്ങുന്നവളാവും അയാളുടെ ഭാര്യ' എന്നിട്ടവളെ കഴുത്തു മുറുക്കിയും, കഴുത്തറുത്തുമെല്ലാം കൊല്ലുന്നില്ലേ,. ഉറങ്ങിക്കിടക്കുന്ന ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന്, എവിടെയെങ്കിലും ഉപേക്ഷിച്ച്, കാമുകൻ്റെ കൂടെ പോകുന്ന ഭാര്യമാരില്ലേ. ഇങ്ങനെയുള്ള വാർത്തകളൊക്കെ ദിവസവും നമ്മൾ കാണുന്നതല്ലേ.
അതൊക്കെ ശരിയാണ് ഏട്ടാ, ഞാനൊരു തർക്കത്തിനില്ല, ഏട്ടൻ ഈ ഫോട്ടോ ഏട്ടൻ്റെ വാട്സപ്പ് ഗ്രൂപ്പിലിട് എന്നിട്ട് ആർക്കേലും ഇങ്ങനെ ഒരാളെ പരിചയമുണ്ടോന്ന് ചോദിക്ക്.
അപ്പോഴും ഒരു പ്രശ്നമുണ്ടല്ലോ ദിവ്യേ , നമുക്ക് പരിചയമില്ലാത്ത ഒരാളുടെ ഫോട്ടോ വെച്ച് ഇയാളെ പരിചയമുള്ളവർ നമ്മളെ അറിയിക്കണം എന്ന് പറഞ്ഞാൽ, എന്താ കാര്യം 'എന്താ കേസ്, ഇയാൾ പ്രതിയാണോ, എന്തേലും കുറ്റംചെയ്തിട്ടുണ്ടോ, പോലീസിലറിയിച്ചോ, എന്നിങ്ങനെ നൂറായിരം ചോദ്യത്തിന് നമ്മൾ സമാധാനം പറയേണ്ടിവരും.. അത് മാത്രമല്ല, ഇയാളിപ്പോ നാട്ടിൽ വേറെ വിവാഹം കഴിഞ്ഞ് കുട്ടികളുമായി കഴിയുകയാണെങ്കിൽ, നമ്മളയാളെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണവും വരും.
"ഏട്ടെനെന്തായാലും ഈ ഫോട്ടോ ഗ്രൂപ്പിലിട്. അഥവാ ആരെങ്കിലും ചോദിച്ചാൽ അതിൻ്റെ മറുപടി ഗ്രൂപ്പിൽ പറയാതെ അയാളോട് പേഴ്സണലായി പറഞ്ഞാ മതി,ഇതാ കാര്യമെന്ന്. 'ഇനിയഥവാ പ്രകാശൻ വേറെ വിവാഹം ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെ അയാൾ സുഖിക്കുന്നതും ശരിയല്ലാലോ, ഒരു പാവം പെണ്ണിൻ്റെ കണ്ണീരിൽ അയാളുടെ സുഖങ്ങൾ ഒഴുകിയില്ലാതാവുന്നതു തന്നെയാണ് നല്ലത്, അയാളെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാൽ രേഷ്മയെ അറിയിച്ച് വേണ്ടതെന്താണെന്നു വെച്ചാൽ നമ്മൾക്ക് ചെയ്യാമല്ലോ, അവളുടെ സങ്കടങ്ങളിൽ അവളുടെ കൂടെ നിൽക്കാനും അവളെ ധൈര്യപ്പെടുത്തി ചേർത്തുപിടിക്കാൻ ആരുമില്ലാത്തതുകൊണ്ടാണ് അവൾ തളർന്നു പോവുന്നത്. പ്രകാശൻ ഇന്നുവരും നാളെ വരും എന്നു പ്രതീക്ഷിച്ച് അവൾ കാത്തിരിക്കുന്നത്. സത്യാവസ്ഥ എന്താണെന്നറിഞ്ഞ് അവളുടെ കാത്തിരിപ്പിന് ഒരു വിരാമമാവട്ടെ..
ദിവ്യയുടെ വാക്കുകൾ കേട്ട്, അൽപ്പ നേരത്തെ ആലോചനയ്ക്ക് ശേഷം സുധീഷ് തൻ്റെ ഫോണിൽ വാട്സപ്പെടുത്ത് ,വാട്സപ്പ് ഗ്രൂപ്പുകളിൽ പ്രകാശൻ്റെ ഫോട്ടോ പോസ്റ്റ് ചെയ്തു.
പ്രകാശൻ്റെ ഫോട്ടോ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ പലതരം കമൻ്റുകളുമായി പലരും വന്നു.
"ഈ ഫോട്ടോ വെച്ച് ഒരാളെ എങ്ങനെ കണ്ടുപിടിക്കുമെന്നും,, കുറച്ചുകൂടെ ക്ലിയറുള്ള ഫോട്ടോ കിട്ടുമോയെന്നും, ഇയാളെന്താ വല്ല കുറ്റവാളിയുമാണോയെന്നുമുള്ള ചോദ്യങ്ങൾ കൊണ്ട് ഗ്രൂപ്പുകൾ നിറഞ്ഞു കൊണ്ടിരുന്നു. പോസ്റ്റിലെ ഫോട്ടോ കണ്ട് അത് ഫോർവേർഡ് ചെയ്ത് പലരും ചിരിക്കുന്ന ഇമോജികൾ ഇട്ടുകൊണ്ടിരുന്നു.
പലരുടെയും മറുപടികൾ കണ്ട് സുധീഷ് ദിവ്യയോടായി പറഞ്ഞു.
"ഞാനപ്പഴേ പറഞ്ഞില്ലേ ടീച്ചറേ ഇതായിരിക്കും അവസ്ഥയെന്ന്, ചിലരുടെ ജീവതവും ആരുമില്ലാത്ത അവസ്ഥയുമെല്ലാം മറ്റു ചിലർക്ക് തമാശയും നേരമ്പോക്കുകളുമായിരിക്കും, അവരെ പറഞ്ഞിട്ടും കാര്യമില്ല. ഫോട്ടോക്ലിയർ ഇല്ലാലോ, എന്തായാലും നമുക്ക് നോക്കാം. ആ പോസ്റ്റ് പല ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്യാനായി പേഴ്സണലായി അടുത്ത സുഹൃത്തുക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട്.
സുധീഷിൻ്റെ സംസാരത്തിനിടയിൽ ടീച്ചർ എന്തോ ആലോചിച്ചു കൊണ്ട് തലയാട്ടി കൊണ്ടിരുന്നു.
പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ ടീച്ചർ ആദ്യം ചെയ്തത് അബിയെ കാണുക എന്നതായിരുന്നു. സ്ക്കൂളിൽ ബെല്ലടിക്കുന്നതിനു മുമ്പായിട്ടു തന്നെ അബിയെയും കൂട്ടി ടീച്ചർ ലൈബ്രറിയിലേക്ക് നടന്നു. അവനെ ഒരു ബഞ്ചിലിരുത്തിയ ശേഷം ടീച്ചർ കയ്യിലുള്ള ബാഗിൽ നിന്നും കുറച്ച് പേപ്പറും കടലാസ് പെൻസിലും എടുത്ത് അബിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"ഡാ, അബി നീയെനിക്ക് വേണ്ടി ഒരുപകാരം ചെയ്യണം, നീയൊരാളുടെ പടം വരയ്ക്കണം. വരച്ച് കഴിയുമ്പോൾ അതിന് ജീവനുള്ള പോലെ തോന്നണം. എന്നിട്ട് നീയതെനിക്ക് തരണം. എത്ര സമയം വേണമെങ്കിലും നീ വരയ്ക്കാനായി എടുത്തോളു. വൈകീട്ട് സ്കൂൾ വിടുന്നതിന് മുമ്പായി എനിക്ക് പടം വരച്ച് കിട്ടണം."
ആരുടെ പടമാ ടീച്ചറേ,
ഇതാ, ഈ പടം, ഇതാരാണെന്ന് നിനക്കറിയാമോ?
ടീച്ചറുടെ കയ്യിൽ നിന്നും ആ ഫോട്ടോ വാങ്ങി നോക്കിക്കൊണ്ട് അബി പറഞ്ഞു.
എനിക്കറിയില്ല ടീച്ചർ,
ശരിയാ നിനക്കറിയാൻ വഴിയില്ല. എന്തായാലും നീ വരയ്ക്ക്.
പുറത്ത് ബെല്ലടിയ്ക്കുന്ന ശബ്ദം കേട്ടതും ടീച്ചർ പുറത്തേക്ക് നടന്നു.
അബി ആ പൂർണ്ണതയില്ലാത്ത ഫോട്ടോ നോക്കി തൻ്റെ മുമ്പിലുള്ള കടലാസിലേയ്ക്കയാളെ പകർത്താൻ തുടങ്ങി.
ഇൻ്റർവെൽ സമയമായപ്പോഴേയ്ക്കും അബിയാ ചിത്രം വരച്ച് പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. അവൻ നേരെ സ്റ്റാഫ് റൂമിലേക്ക് നടന്നു. സ്റ്റാഫ് റൂമിൽ മറ്റു ടീച്ചേഴ്സുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ദിവ്യ ടീച്ചർ അബിയെ കണ്ട് വാതിൽക്കലേക്ക് നടന്നു.
വരച്ചു കഴിഞ്ഞോടാ,
ഉം, ഇതാ ടീച്ചറെ, അവനാ പടം ടീച്ചർക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു,
ടീച്ചറാ പേപ്പർ വാങ്ങി നിവർത്തി നോക്കി. ഫോട്ടോ കണ്ടതും ,ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു വന്നു. സ്വന്തം അച്ഛൻ്റെ ഫോട്ടോയാണ് വരച്ചതെന്ന് ഇവനറിയില്ല. ഇതിവിൻ്റെ അച്ഛനാണെന്ന് പറഞ്ഞാൽ പിന്നെ ഏതൊരാൾക്കൂട്ടത്തിനു നടുവിലും അവൻ ഈ മുഖമുള്ളയാളെ തിരഞ്ഞു കൊണ്ടിരിക്കും. ഇയാൾ എന്നെങ്കിലും വരുമെന്നോർത്ത് ഇവനും കാത്തിരിക്കും. അതു വേണ്ട.
ടീച്ചർ അബിയുടെ തലയിൽ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു.
ഒത്തിരി നന്നായിട്ടുണ്ട് അബീ, വളരെ മനോഹരം. നിന്നെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.. അത്രയ്ക്കും നീ അർഹിക്കുന്നുണ്ട്.
(തുടരും ...)