കഥ : പ്രണയമഴ
രചന :
സിനാസ് അലി
ഉച്ഛത്തിലുള്ള അലാറത്തിന്റെ ശബ്ദം കേട്ട്
രാജീവ് ഞെട്ടി ഉണര്‍ന്നു,
കട്ടിലില്‍ നിന്നും ചാടി എണീറ്റ് അവന്‍
കുളിമുറിയിലേക്ക് ഓടി,
പല്ല് തേപ്പും, കുളിയും പെട്ടെന്ന്
കഴിച്ച് അവന്‍ അടുക്കളയിലേക്ക് ഓടി.
"അമ്മേ, ചായ താ"
അമ്മ കൊണ്ടു വെച്ച ദോശയും, തേങ്ങാ
ചമ്മന്തിനും വേഗത്തിൽ കഴിച്ച്, തന്റെ പോക്കറ്റില്‍
നിന്നും ബൈക്കിന്റെ ചാവിയെടുത്ത്, ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ടാക്കി
വേഗത്തില്‍ കുതിച്ചു.
അമ്പലത്തിനോട് തൊട്ട് നിൽക്കുന്ന ഒരു പാടം.
ഒരു ഓട്ടോരിക്ഷക്ക് കഷ്ടിച്ച് പോകാവുന്ന വഴി, അവിടെ രാജീവിന്റെ കൂട്ടുകാര്‍
അവനെ കാത്ത് നിൽപുണ്ടായിരുന്നു. അവിടെയായിരുന്നു പ്രത്യേകിച്ച്
പണിയൊന്നുമില്ലാത്ത രാജീവും കൂട്ടുകാരും ഒത്തു കൂടിയിരുന്നത്.
എന്നും ഈ സമയത്ത് രാജീവ് അവിടെ ഓടിയെത്തും. കാരണം പാർവതി
എന്നും ആ വഴിയാണ് അമ്പലത്തില്‍ പോയിരുന്നത്. അവന്‍ അവളെ പാറൂ എന്നായിരുന്നു
വിളിച്ചിരുന്നത്,
പക്ഷെ അത് അവള്‍ക്ക് അറിയില്ലായിരുന്നു.
ഒരു വൺ സൈഡ് പ്രണയമായിരുന്നു
രാജീവിന്റെത്. അവന്റെ അയൽവാസിയാണ് പാർവതി എന്ന പാറു.
വളരെ ചെറുപ്പത്തിലെ ഒന്നിച്ച് കളിച്ച് വളർന്നവരാണ് അവര്‍, പത്താം ക്ലാസ്സില്‍ പഠിക്കുന്ന വരെ അവര്‍ നല്ല കൂട്ടായിരുന്നു. അവര്‍ ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്, പഠിച്ചിരുന്നത്, കളിച്ചിരുന്നത് എല്ലാം. പക്ഷെ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് രാജീവ് തന്റെ മനസ്സിലുള്ള പ്രണയം പാറുവിനോട് ആദ്യമായി പറയുന്നത്, അന്ന്
പിണങ്ങിയതാണ്
അവള്‍ അവനോട്, പിന്നെ അവനെ കാണുന്നതേ
കലിപ്പാണ് അവള്‍ക്ക്. അതിനു ശേഷം അവളുടെ മുഖത്ത് നോക്കാന്‍ അവന്
ചെറിയ ചമ്മലായിരുന്നു. എന്നാലും അവള്‍ പോകുന്ന വഴികളിലൊക്കെ അവന്‍
ചുറ്റിപറ്റി നിക്കുമായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുക്കുന്ന
സമയത്ത് തന്റെ പ്രണയം പറഞ്ഞതിന് ശേഷം പിന്നീട് ഇതുവരെ
അവന്‍ അവളോട് പ്രണയത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല, അതിന്
കാരണം അന്ന് അവള്‍ പറഞ്ഞ തെറിയെ കുറിച്ച് ഓർത്തിട്ടായിരുന്നു.
ഒരിക്കല്‍ രാജീവിന്റെ ആത്മാർത്ഥ സുഹൃത്ത്
അവന് പാറുവിന്റെ മനസ്സില്‍ കയറി പറ്റാനുള്ള ഒരു ഐഡിയ പറഞ്ഞു
കൊടുത്തു " ടാ,
രാജീവേ, അവള് ഇപ്പോ ഇതുവഴി വരും. നീ നിന്റെ മുടിയൊക്കെ ഒന്ന് അലസമാക്കിയിട്ടേ, എന്നിട്ട് ആ മീശയൊന്ന്
പിരിച്ച്
വെക്ക്, മുഖത്ത് ഒരു പരുക്കന്‍ ഭാവം വരണം, അവളെ
കണ്ടതും നീ പോക്കറ്റില്‍ നിന്നും സിഗററ്റ് എടുത്ത് കത്തിച്ച്
ആഞ്ഞുവലിക്കണം,
അവളെ കണ്ട ഉടനെ അവളെ അപ്രതീക്ഷിതമായി
കണ്ടതുപോലെ മുഖത്ത് ഭാവം വരുത്തണം, എന്നിട്ട് നീ സിഗരറ്റ് വലിക്കുന്നത് അവള്‍ കണ്ടത് നിനക്ക് ഭയങ്കര വിഷമമായി എന്ന രീതിയില്‍ ആ സിഗററ്റ് വലിച്ചെറിയണം"
അപ്പോള്‍ രാജീവ് കൂട്ടുകാരനോട് സംശയം ചോദിച്ചു
"എടാ,
അതിന് എന്റെ പോക്കറ്റില്‍ സിഗററ്റ് ഇല്ലല്ലോ, നിനക്ക്
അറിഞ്ഞൂടെ ഞാന്‍
വലിക്കില്ലാ എന്ന്" കൂട്ടുകാരന്‍ രാജീവിനോട്
ദേഷ്യത്തോടെ
"എടാ പുല്ലേ, ഞാന്‍ പറയുന്നത് ആദ്യം നീ
മുഴുവനായി ഒന്ന് കേൾക്ക്,
സിഗററ്റൊക്കെ ഞാന്‍ തരാം"രാജീവ്
തലയാട്ടി. കൂട്ടുകാരന്‍ തുടര്‍ന്നു
"ഒരു ദുശ്ശീലവുമില്ലാത്ത നീ
സിഗററ്റ് വലിക്കുന്നത് കാണുമ്പോള്‍ എന്തായാലും അവള്‍
ഒന്ന് ഞെട്ടും,
നിന്റെ ഈ മാറ്റത്തിന് കാരണം അവളാണല്ലോ എന്നോര്‍ത്ത് അവളുടെ മനസ്സ് പിടയും,
അവള്‍ തന്റെ ഉണ്ട കണ്ണുകള്‍ കൊണ്ട് നിന്റെ കണ്ണിലേക്ക് നോക്കും. പിന്നെ നീ നോക്കിക്കോ അവള് നിന്നോട് ഇങ്ങോട്ട് വന്ന് പറയും I
love you എന്ന്"
രാജീവ് സന്തോഷം കൊണ്ട് കൂട്ടുകാരനെ കെട്ടിപ്പിടിച്ചു, അപ്പോള്‍
കൂട്ടുകാരന്‍ കുറച്ച് ഗൗരവത്തോടെ പറഞ്ഞു.
"പിന്നെ, അവള് ഇങ്ങോട്ട് വന്ന് I love you എന്ന് പറയുമ്പോള്‍ ചാടി കയറി അങ്ങ് സമ്മതിക്കാൻ നിക്കേണ്ട, നീ
കുറേ അവളുടെ പിറകെ നടന്നതല്ലേ, കുറച്ച് അവളും നടക്കട്ടെ
നിന്റെ പിറകെ" താന്‍ ആരുടെ മുന്നിലും തല കുനിക്കരുത് എന്ന് കരുതുന്ന ഇങ്ങനെയൊരു കൂട്ടുകാരനെ കിട്ടിയതിൽ രാജീവ് അഭിമാനിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പാറു അതുവഴി വന്നു. അവളെ കണ്ടതും രാജീവ് കൂട്ടുകാരന്‍ പറഞ്ഞതുപോലെ ചെയ്തു,
അവള്‍ അടുത്തെത്തിയപ്പോൾ രാജീവ് അപ്രതീക്ഷിതമായി അവളെ കണ്ടെതുപോലെ തന്റെ കയ്യിലുള്ള സിഗററ്റ് താഴേക്കിട്ടു, എന്നിട്ട്
ദുഃഖ ഭാവത്തില്‍ തലതാഴ്ത്തി നിന്നു. അവള്‍ അവന്റെ അടുത്തു കൂടെ കടന്നുപോയി. കൂട്ടുകാരന്‍ പറഞ്ഞതുപോലെ അവള്‍ തന്നെ തിരിഞ്ഞു
നോക്കുന്നുണ്ടോ എന്ന് അവന്‍ ഇടങ്കണ്ണിട്ട് നോക്കി. കുറച്ച്
മുന്നോട്ട് നടന്ന അവള്‍ പെട്ടെന്ന് നിന്നു, അവന്റെ
ഹൃദയം വേഗത്തില്‍ ഇടിച്ചു,
അവള്‍ അവനെ തിരിഞ്ഞു നോക്കി, അവളുടെ ഉണ്ട കണ്ണുകള്‍
അവന്റെ കണ്ണിലേക്ക് പതിഞ്ഞു. അവളുടെ ചുണ്ടുകള്‍ എന്തോ
മന്ത്രിക്കുന്നുണ്ടായിരുന്നു, അവന്‍ അവളുടെ ചുണ്ടിലേക്ക് ശ്രദ്ധിച്ചു "തെണ്ടി" എന്നായിരുന്നു അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചിരുന്നത്. അതും പറഞ്ഞ് അവള്‍ ദേഷ്യത്തോടെ നടന്നുപോയി. രാജീവ് തന്റെ കൂട്ടുകാരനെ ദയനീയമായി ഒന്നു നോക്കി,
കൂട്ടുകാരന്‍ തിരിച്ച് രാജീവിനേയും.
ആ സംഭവത്തിന് ശേഷം കുറച്ച് ദിവസം അവന്‍
അവളുടെ മുന്നിലേക്ക് തന്നെ പോയില്ല. അവന്റെ വീടിന്റെ ബാൽകണിയിൽ
നിന്ന് കൊണ്ട് അവന്‍ അവളെ നോക്കാറുണ്ടായിരുന്നു, അപ്പോഴൊക്കെ അവള്‍ അവനു
നേരെ കണ്ണുരുട്ടി. രാജീവിന്റെ കൂട്ടുകാരന്റെ അനിയത്തിയും, പാറുവിന്റെ
അടുത്ത സുഹൃത്തുമായ രമ്യയുടെ കല്യാണത്തിന്റെ തലേ ദിവസം
രാജീവും കൂട്ടുകാരും പാട്ടും, ഡാന്‍സുമൊക്കെയായി എല്ലാവരെയും കയ്യിലെടുത്തു. അവരുടെ പെർഫോമൻസ് കാണുന്ന കാണികളുടെ കൂട്ടത്തില്‍ പാറുവും ഉണ്ടായിരുന്നു. പാറു ഉള്ളത് കൊണ്ട് തന്നെ രാജീവ് തകർത്താടി, എല്ലാവരും കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു. നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് അടിച്ചു പൂസായ രാജീവിന്റെ ഒരു കൂട്ടുകാരന്‍ വാളുവെച്ചത്, അപ്പോള്‍ തന്നെ വേറെ രണ്ട്
പേരും കൂടെ വാള്
വെച്ചു. അതുവരെ കയ്യടിച്ചവർ അവരെ വഴക്കു പറയാന്‍ തുടങ്ങി.
പരിപാടി ആകെ
കുളമായി. ഒരു തുള്ളി പോലും മദ്യപിക്കാത്ത രാജീവും
പ്രതിസ്ഥാനത്തായി. പാറു രാജീവിനെ തുറിച്ചു നോക്കി അവിടെ നിന്നും
പോയി, നിസ്സഹായനായി നിൽക്കാനേ രാജീവിനായൊള്ളൂ. ചെയ്യാത്ത
കാര്യത്തിന് വീണ്ടും അവന്‍ അവളുടെ മുന്നില്‍ പ്രതിയായി.
അവളുടെ മുന്നില്‍ പോലും പോവാന്‍ പറ്റാത്ത അവസ്ഥയായി അവന്. എങ്ങനെ
അവളുടെ മനസ്സില്‍ കയറി പറ്റാം എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അവന്റെ കൂട്ടുകാരന്റെ ഫോണ്‍ വരുന്നത്
"രാജീവേ നീ അറിഞ്ഞില്ലേ ടാ, നിന്റെ
പാറൂനെ പെണ്ണ് കാണാന്‍ ഒരു കൂട്ടര് പോയിട്ടുണ്ട്, അവര്‍
എന്നോടാ അവളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചേ, കണ്ടിട്ട് നല്ല കൊമ്പത്തെ
ടീമാണെന്നാ തോന്നുന്നേ" രാജീവ് തിരിച്ച് ഒന്നും പറയാതെ
ഫോണ്‍ കട്ട് ചെയ്തു. അവന്റെ മനസ്സ് പിടഞ്ഞു, കണ്ണുകള്‍ നിറഞ്ഞു. അവന്‍ മനസ്സ് കൊണ്ട് എന്നോ ഉറപ്പിച്ചതാണ് പാറു തന്റെ പെണ്ണാണ് എന്ന്, അവളെ കുറിച്ച് ഓർക്കാതെ,
കാണാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ അവന് സാധിക്കില്ലായിരുന്നു. അവള്‍ തനിക്ക് സ്വന്തമാകും എന്ന് അവന് പ്രതീക്ഷ ഉണ്ടായിരുന്നു,
പക്ഷെ കാര്യങ്ങള്‍ കൈവിട്ട് പോയികൊണ്ടിരിക്കുകയാണ്, അവള്‍ തനിക്ക് നഷ്ടമാകും എന്ന് അവന്‍ ഉറപ്പിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത്, അതി
വേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ കുതിച്ചു, അവന്റെ
സങ്കടവും, ദേഷ്യവും എല്ലാം അവന്‍ ആക്സിലേറ്ററിൽ കാണിച്ചു. അവന്റെ
മനസ്സിലൂടെ അവരുടെ കുട്ടിക്കാല ഓര്‍മകള്‍ ഓരോന്നായി കടന്നു പോയി, പെട്ടന്നായിരുന്നു
അത് സംഭവിച്ചത്. ഒരു കാറുമായി അവന്റെ ബൈക്ക് കൂട്ടിയിടിച്ചു, അവന്‍
ദൂരേക്ക് തെറിച്ചു വീണു,
അവന്റെ ബോധം നഷ്ടമായി.
ബോധം വന്നപ്പോള്‍ അവന്‍
വീട്ടിലായിരുന്നു. തലക്കും,
മുട്ടു കാലിനും ചെറിയ പരിക്ക്
പറ്റിയിട്ടുണ്ട്. ഡോക്ടര്‍ കുറച്ച് ദിവസം വിശ്രമം പറഞ്ഞിട്ടുണ്ട്. അവനെ കാണാന്‍ കൂട്ടുകാരും, ബന്ധുക്കളും വന്നു, അയൽവാസികളും
വന്നു. ആ
കൂട്ടത്തില്‍ അമ്മയുടെ കൂടെ പാറുവും വന്നു. പാറു വന്ന
സമയത്ത് രാജീവിന്റെ അച്ഛന്‍ അവനെ വഴക്ക് പറഞ്ഞിട്ട് ബൈക്കിന്റെ
ചക്രങ്ങൾ ഊരി
മാറ്റുകയായിരുന്നു. പാറുന്റെ അമ്മ രാജീവിന്റെ മുറിയില്‍
കയറി കുറച്ചു സമയം
നിന്നിട്ട് അവന്റെ അമ്മയുടെ അടുത്തേക്ക് പോയി. പാറു അവന്റെ
മുറിയില്‍ തന്നെ
നിന്നു, അവന്‍ അളോട് ഒന്നും മിണ്ടാതെ തല താഴ്ത്തി
കിടന്നു. കുറച്ച് സമയം കഴിഞ്ഞ് പാറു അവനോട് ചോദിച്ചു
" എന്താ, എന്നോടൊന്നും മിണ്ടാത്തെ"
അവന്‍ അത്ഭുതത്തോടെ പാറുവിനെ നോക്കി, കാരണം
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാറു അവനോട് സംസാരിക്കുന്നത്. അവളുടെ
കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു. അവന്‍ എന്തോ
പറയാനൊരുങ്ങിയപ്പോൾ അവള്‍ തടഞ്ഞു
"വേണ് , ഒന്നും പറയേണ്ട. ആ കൂട്ടര് വന്നത് എന്നെ
പെണ്ണ് കാണാനല്ല. ചെന്നൈയിലുള്ള അമ്മാവന്റെ മോളെ കാണാനാ, അവള്‍
വന്നിട്ടുണ്ട് വീട്ടിലേക്ക്, ചെറുക്കന്റെ വീട്ടുകാർക്ക്
സൗകര്യം നാട്ടിലാണ് എന്ന് പറഞ്ഞോണ്ട് അത് എന്റെ വീട്ടില്‍ വെച്ചാക്കി
അത്രേ ഒള്ളൂ."
അവള്‍ ഒന്നു നിറുത്തി എന്നിട്ട് തുടര്‍ന്നു .
"എടാ മണ്ടൂസെ, ഒരുപാട്
പയ്യൻമാർ എന്റെ പിറകെ നടന്നിട്ടും ഞാന്‍ ആരെയും പ്രേമിക്കാത്തത്
എന്ത് കൊണ്ടാണ് എന്ന് നിനക്കറിയോ, അമ്പലത്തില്‍ പോവാന്‍ വേറെയും
വഴികൾ ഉണ്ടായിട്ടും നീ ഇരിക്കുന്ന വഴിയേ മാത്രം ഞാന്‍ എന്തിനാ വരുന്നേ എന്ന് നിനക്കറിയോ, അറിയില്ല കാരണം നീ ശരിക്കും മണ്ടൂസാ.
പത്താം
ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കാണിച്ച ധൈര്യം ഈ പോത്ത് പോലെ
വളർന്നിട്ടും
നിനക്ക് ഇല്ലാതായി പോയല്ലോടാ പോത്തേ, എത്ര
കാലായിന്നറിയോ ആ വായിൽ നിന്നും എന്നെ ഇഷ്ടാണ് എന്ന് പറയുന്നത്
കേൾക്കാൻ കാത്തിരിക്കുന്നു,
ഇനി നീ പറയും എന്ന് തോന്നുന്നില്ല, ഞാന്‍
തന്നെ പറയാം."
രാജീവ് അവളുടെ കണ്ണുകളിലേക്ക് നോക്കി
" എന്നാ പറ എന്നോട്, ഇഷ്ടാണ് എന്ന്"
പാറു അവനെ ദയനീയമായി ഒന്നു നോക്കിയിട്ട് പറഞ്ഞു
" മണ്ടൂസെ, ഇതില്‍ കൂടുതല്‍ ഞാന്‍ ഇനി എന്ത്
പറയാനാ"
അവര്‍ പ്രേമിക്കട്ടെ, എന്നിട്ട് പ്രേമം കൊണ്ട് മഴ
പെയ്യിക്കട്ടെ.....