കഥ : മഞ്ഞ്
രചന : രഘു കുന്നുമ്മക്കര
താഴത്തെ നിലയിലും, വാടകക്കാരാണ്. മഹാരാഷ്ട്ര യിലെ സാംഗ്ലിയിൽ നിന്നുള്ള, സ്വർണ്ണം ശുദ്ധീ കരിക്കുന്ന സേഠുവും കുടുംബവുമാണ് അവിടെ പാർക്കുന്നത്. സേഠുവിൻ്റെ, കൗമാരക്കാരികളായ പെൺമക്കൾ രണ്ടുപേർ, മുറ്റത്ത് ചെടികൾക്കു ജലമൊഴിക്കുന്നു. ഏതോ ഹിന്ദി സിനിമയിലെ അടിപൊളി പാട്ട്, അവരുടെ മുറിയകത്തു നിന്നും പുറത്തേക്കൊഴുകി വരുന്നുണ്ടായിരുന്നു.
പാട്ടിൻ്റെ താളങ്ങൾക്കനുസരിച്ച് അലസമായി മേനിയിളക്കുന്ന പെൺകൊടികളുടെ സൗഭഗം, ബനിയനിലും ത്രീ ഫോർത്തിലും വീർപ്പുമുട്ടുന്നു. മധ്യവയസ്കനായ മറാഠിയിപ്പോൾ, തമ്പാക്കും ചവച്ച് ടെലിവിഷൻ കാണുകയാവാം. കഴിഞ്ഞകാലത്തിലെ മാദകഭംഗികളുടെ തിരുശേഷിപ്പുമായി ഭാര്യയും അടുത്തുണ്ടാകും. ചെടികൾക്കു ദാഹജലം പകർന്നു തീർന്നിട്ടും, പെണ്ണുങ്ങൾ അകത്തേക്കു കയറുന്നി ല്ലായിരുന്നു. ഗേറ്റിനപ്പുറത്ത്, ഏതോ ബൈക്ക് പ്രത്യേക ഈണത്തിൽ ഹോൺ മുഴക്കി. സുന്ദരികളി ലൊരുവളുടെ മിഴികൾ പിടയുന്നത് മുകൾനിലയിൽ നിന്നും വ്യക്തമായിക്കാണാം.
മിഥുൻ, ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു. ഒരു കവിൾ പുക വിഴുങ്ങി, പതിയേ പുറത്തേക്കൂതി. ഇരുട്ടിൽ നിന്നും, മുറ്റത്തേ വെളിച്ചത്തിലേക്കു ധൂമവലയങ്ങൾ പറന്നകന്നു.
താഴെ നിന്നും, മുകളിലേക്കു കയറിവരാൻ സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ഇരുമ്പു ഗോവണി പ്പടികളിൽ മഞ്ഞുവീണു തിളങ്ങുന്നു.സിഗരറ്റു തുമ്പിലെ കനൽ, ഇരുട്ടിൽ തെളിയുകയും മങ്ങുകയും ചെയ്തു. കാഴ്ച്ചകളിൽ നിന്നും, താഴത്തേ നിറവഴിഞ്ഞ പെണ്ണുടൽ ഭംഗികൾ മായുന്നു. ഗോവണിപ്പടികളിലേ, മഞ്ഞുതിളക്കങ്ങൾ കൂടുതൽ വ്യക്തമാകുന്നു. ഗോവണി കയറിവരുന്ന ഓർമ്മകൾ, മുന്നിൽ ഇന്നലേകളുടെ രംഗങ്ങൾ വീണ്ടും തെളിയിക്കുന്നു.
രോഷ്നി, ചേട്ടൻ്റെ കല്യാണദിനത്തിലാണ് അവളേ ആദ്യമായി കണ്ടത്. അനേകം മുഖങ്ങൾക്കിടയിലും ചേട്ടത്തിയുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വദനം സ്മൃതികളിൽ വേറിട്ടുനിന്നു. മധുവിധുകാലത്തേ വിരുന്നുവേളകൾക്കിടയിൽ, കല്യാണവീഡിയോ കാണിച്ച് ഏട്ടത്തിയോട് അവളാരാണെന്നു ചോദിച്ചു. ഒത്തിരി പാവപ്പെട്ട വീട്ടിലെയെങ്കിലും, സുന്ദരിയും, എഴുത്തുകാരിയുമായ രോഷ്നിയേക്കുറിച്ച് ഏട്ടത്തിക്ക് ഒത്തിരി പറയാനുണ്ടായിരുന്നു. ഒരു ട്രാവലർ നിറയേ ബന്ധുക്കളുമായാണ്, ഏട്ടനും ഏടത്തിയും അതിരപ്പിള്ളി - വാഴച്ചാൽ ടൂർ തിരഞ്ഞെടുത്തത്. ഏടത്തി റോഷ്നിയേക്കൂടെ വിളിച്ചിരുന്നു. രാവിലെ, പുറപ്പെടും മുൻപേ അവളെത്തി. അതിരപ്പിള്ളിയിലേ വെള്ളംവീഴ്ച്ചക്കാഴ്ച്ചകൾ കാമറയിൽ ഒപ്പുന്നതിനിടയിൽ, എത്രയോ തവണ റോഷ്നിയെ പകർത്തിയെടുത്തിരുന്നു. ചേട്ടത്തി തന്നേക്കുറിച്ചു അവളോടു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. ഉച്ചയാകുമ്പോഴേക്കും, പരസ്പരം സംസാരിക്കാൻ തുടങ്ങിയിരുന്നു. വാഴച്ചാലിൻ്റെ വനക്കാഴച്ചകളുടെ ഇടവേളയിലാണ്, അതു തുറന്നു പറഞ്ഞത്.
"എനിക്കു റോഷ്നിയെ ഇഷ്ടമാണ്, ഒരുപാട്, ഒരുപാടൊരുപാട്... റോഷ്നിയുടെ ഇഷ്ടം നേടാൻ എന്തു ത്യാഗത്തിനും ഞാനൊരുക്കമാണ്. റോഷ്നീടെ ഫോൺ നമ്പർ, ഞാൻ സേവ് ചെയ്തു വച്ചിട്ടുണ്ട്.ഇപ്പോൾ, അതിലേക്കൊരു മിസ്ഡ് കാൾ അടിച്ചു വച്ചിട്ടുണ്ട് ഞാൻ. എനിക്കൊരു മറുപടി തരണം, ആലോചിച്ചിട്ടു മതി, പറയാതിരിക്കരുത്"
അവൾ പൊടുന്നനേ മൗനിയായി. തിരികേ പോകുന്ന വരേയും, അവൾ എല്ലാറ്റിൽ നിന്നും, എല്ലാവരിൽ നിന്നും നേർത്ത അകലം പാലിച്ചു നിന്നു.അവളുടെ വീടിൻ്റേ വഴിയേയാണ് മടങ്ങിയത്. വീട്ടിലേക്കുള്ള നാട്ടുവഴിയാരംഭിക്കുന്നിടത്തിറങ്ങി അവൾ നടന്നകന്നു. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ...
രാത്രി, കിടപ്പുമുറിയിലേ കട്ടിലിലുരുണ്ട് അസ്വസ്ഥമായ മനസ്സോടെ കിടക്കുമ്പോൾ, മൊബൈലിൽ ഒരു മെസേജ് നോട്ടിഫിക്കേഷൻ വന്നു.
തുടിക്കുന്ന നെഞ്ചോടെ സന്ദേശം തുറന്നു നോക്കി.
ഒറ്റവരി, "ഗുഡ് നൈറ്റ് മിഥുൻ ചേട്ടാ"
ഒരു മഹാപ്രവാഹത്തിൻ്റെ, ആദ്യ ഉറവയായെത്തിയ വരികൾ.
"മിഥുൻ ചേട്ടാ, ഇങ്ങനെ ഒരുമിച്ചിരുന്നു പിരിയുമ്പോൾ എനിക്കു പനിച്ചൂടു പോലെ തോന്നണൂ. പിന്നേ, പറയാൻ കൊള്ളാത്ത, കുറേ ശാരീരികാവസ്ഥകളും. ചെറുക്കനോട് ഇപ്പോൾ തുറന്നു പറയാൻ പറ്റില്ല."
മറുപടി വളരേ പൊടുന്നനേയായിരുന്നു,
''നിൻ്റെ ബർത്തോലിൻ ഗ്രന്ഥികൾ എന്തോ കുഴപ്പമുണ്ടാക്കുന്നുണ്ട്. അത്, എല്ലാ കാമുകിമാർക്കുമുണ്ടാകും"
സന്ധ്യയിൽ പിരിഞ്ഞകലുമ്പോൾ, അവളുടെ മിഴികൾ നനഞ്ഞിരുന്നു. അവൾ പോയിട്ടും, കൈവിരൽത്തുമ്പുകളിൽ അവളുടെ നീളൻ വിരലുകളുടെ ചൂടു ശേഷിക്കുന്നു. "മിഥുൻ, അവള് നിൻ്റെ ചേച്ചിയുടെ കൂട്ടുകാരി മാത്രമാണ്. വേറെ സമുദായം, കഞ്ഞി കുടിക്കാനില്ലാത്തത്ര ദാരിദ്ര്യം, നടക്കാത്ത കാര്യങ്ങൾ ചിന്തിക്കേണ്ടാ, അച്ഛനു മമ്മയും, ഞാനും, ആരുമുണ്ടാകില്ല സപ്പോർട്ടിന്. വാശി കാണിച്ചാൽ, വീട്ടീന്നും പോകേണ്ടി വരും.
അച്ഛൻ്റെ ഗുണവും, ശീലവും അറിയാലോ? നിൻ്റെ ഏട്ടത്തിക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട്. അനിയനു പെണ്ണൊരുക്കിക്കൊടുക്കാൻ അവളുടെയൊരു ശുപാർശ..." ചേട്ടൻ നിന്നു കത്തുകയാണ്. നഗരത്തിലെ വീടിൻ്റെ രണ്ടാം നില. ഭക്ഷണം പുറമേ നിന്നും കഴിച്ച്, ഇരുമ്പു ഗോവണി കയറി മുകളിലേക്കെത്തുമ്പോൾ, റോഷ്നി പറഞ്ഞു.
''മിഥുൻ ചേട്ടാ, കൈവരിയില്ലാത്ത ഈ ഗോവണി കയറാൻ പേടിയാവണൂ,
പക്ഷേ, മുകൾനില എനിക്കിഷ്ടപ്പെട്ടൂട്ടാ, നഗരം മുഴുവൻ കാണാം,
ഏട്ടൻ ജോലികഴിഞ്ഞു വരും വരേ ഒറ്റയ്ക്കിരിക്കാൻ ഈ വീടാണു നല്ലത്.
താഴത്തേ മറാഠിക്കുട്ടികൾക്കു നല്ലോണം മലയാളമറിയാം. വൈകീട്ട്, അവർ ക്ലാസ് വിട്ടു വന്നാൽ ഇങ്ങോട്ടു കയറി വരാറുണ്ട്." അവളുടെ പുറത്തു തട്ടി, ഇങ്ങനെ പറഞ്ഞാശ്വസിപ്പിക്കും,
"സാരല്യടീ, ഇത്തിരി നാള് ഇങ്ങനേ കഴിയുക തന്നേ, പ്രണയവിവാഹിതർക്കും ഈ ഭൂമീല് ജീവിക്കേണ്ടേ, എനിക്കു ജോലിയുണ്ടല്ലോ, പിന്നെന്തിനു പേടിക്കണം?"
രാത്രി, ഊർന്നഴിഞ്ഞു പോയ ഉടുപുടവകളിൽ ചിലതെടുത്തു പുതയ്ക്കുമ്പോൾ അവളോടു ചോദിക്കും,
"ലാസ്റ്റ് ടൈമിൽ, നീ ആരെയാ ഓർത്തത്?" അവൾ ചിരിക്കും,
"ഗുരുവായുരപ്പനേ, എന്നാലല്ലേ ആൺകുഞ്ഞാവൂ; അതല്ലേ, ഇഷ്ടോം"
എത്ര വേഗമാണ്, ആലസ്യം ഉറക്കത്തേയെത്തിച്ചത്.
ഓഫീസിൽ നിന്നും ഇറങ്ങാൻ അധികനേരം ബാക്കിയില്ലായിരുന്നു.
അപ്പോളാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്. താഴത്തേ നിലയിലെ സേഠാണ്. ഇടിത്തീ പോലെയാണ്, ആ വിശേഷം കാതുകളിലേ ക്കെത്തിയത്. ഓഫീസിൽ നിന്നും ബൈക്കിൽ പായുമ്പോഴും, സേട്ടുവിൻ്റെ വാക്കുകളുടെ കാണാക്കാഴ്ച്ചകളാണ് മനസ്സിൻ്റെ തിരശ്ശീലയിൽ തെളിയുന്നത്. നിറവയറും താങ്ങിപ്പിടിച്ച്, ഗോവണിപ്പടികളിറങ്ങുന്ന റോഷ്നി. ചുവടു പിഴച്ച്, ആദ്യത്തേ പടിയിൽ നിന്നുമുള്ള വീഴ്ച്ച, കരൾ പിളർക്കുന്ന നിലവിളി, മണ്ണിൽ, ചോരച്ചാലുകൾ വികൃതചിത്രങ്ങൾ തീർക്കുന്നു.
മിഥുൻ, മുറിയിലേ ഇരുട്ടിലേക്കു കടന്നു. കൈ നീട്ടി സ്വിച്ചിട്ടു. പൊടിയും മാറാലയും നിറഞ്ഞ മുറിയകമാകെ അഴുക്കു പടർന്നുകിടന്നു.
ഇന്നു രാത്രി, ഈ വീട്ടിലെ അവസാന രാത്രിയാണ്.
റോഷ്നിയുടെ മരണം കഴിഞ്ഞിട്ട് ഒരാഴ്ച്ച പിന്നിട്ടിരി ക്കുന്നു. ഏറെ കഷ്ടപ്പെട്ടാണ്, ഓഫീസിനോടു ചേർന്നൊരു ക്വാർട്ടേഴ്സ് കിട്ടിയത്. നാളെ മുതൽ അങ്ങോട്ടു മാറുകയാണ്.
ഉറക്കമില്ലാതെ, ഭ്രാന്തു പിടിപ്പിച്ച നഗരത്തിലെ വീടിൻ്റെ മുകൾനിലയിൽ നിന്നും താൽക്കാലിക മായൊരു പറിച്ചുനടൽ, പ്രണയവും, വാശികളും അവസാനിക്കുന്ന മരണമെന്ന പൂർണ്ണവിരാമം വരേ തുടരുന്ന പറിച്ചുനടലുകളുടെ ആദ്യതവണ നാളെയാരംഭിക്കും. കയ്യിലിരുന്ന സിഗരറ്റുപാക്കറ്റിലെ അവസാന എണ്ണവും എരിഞ്ഞുതീർന്നു കഴിഞ്ഞപ്പോൾ, പൊടിപിടിച്ച മുറിയുടെ മൂലയിൽ, മിഥുൻ വളഞ്ഞുകൂടിക്കിടന്നു.
രാവിലെ, പുതിയ താമസസ്ഥലത്തേക്കു മാറാൻ യാത്രയായി ഗോവണിപ്പടികളിറങ്ങുമ്പോൾ കണ്ടു, ഇരുമ്പു ഗോവണിപ്പടികളിൽ മഞ്ഞുപെയ്തു നനഞ്ഞിരിക്കുന്നു, മിഥുൻ്റെ മിഴികളിൽ നിന്നടർന്നു പതിച്ച നീർത്തുള്ളി, മഞ്ഞിൽ മുങ്ങിമരിച്ചു.
താഴത്തേ കുടുംബാംഗങ്ങളുടെ കൈവീശലുകൾക്കു പ്രത്യഭിവാദ്യം നൽകാതെ, പതിയേ മുന്നോട്ടു നടന്നു.
ഏകാന്തതയുടെ തണുത്ത വിരൽത്തുമ്പുകളിൽ പിടിച്ച്, നഗരത്തിരക്കുകളിലേക്ക്, പ്രഭാതസൂര്യൻ, ഗോവണിപ്പടികളിലെ മഞ്ഞുതുള്ളികളേ, അന്നേരം മായ്ച്ചു കളഞ്ഞിരുന്നു.