കഥ : ഭർത്താവുദ്യോഗം
രചന : ഷെരീഫ് ഇബ്രാഹിം, തൃപ്രയാര്‍
'അസ്സലാമു അലൈക്കും ജബ്ബാർക്ക, ഞങ്ങൾക്കൊരു പ്രശ്നമുണ്ട്. അതിന്റെ ചർച്ച അടുത്ത ഞായറാഴ്ചയാണ്. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ജബ്ബാർക്ക വരണം'.
ഒരു ദിവസം അടുത്ത നാട്ടുകാരായ കുറച്ചാളുകൾ എന്റെ വീട്ടിൽ വന്ന് എന്നോട് ആവശ്യപ്പെട്ടതാണത്.
അവർ അവരുടെ പ്രശ്നം എന്നോട് പറഞ്ഞു. അവരിൽ ഒരാളുടെ മകൻ ചെറിയമിനായ് എന്ന സ്ഥലത്ത് നിന്ന് അഞ്ചു വർഷം മുമ്പ് വിവാഹം കഴിച്ചു. അതിൽ രണ്ട് വയസ്സായ ഒരു ആണ്കുട്ടിയുമുണ്ട്. മകന്റെ ഭാര്യാവീട്ടിലെ കാര്യങ്ങളെല്ലാം നടത്തുന്നത് ആ വീട്ടിലെ സ്ത്രീയാണ്. ഭർത്താവിന്നു ഒരു വിലയുമില്ല. കഴിഞ്ഞയാഴ്ച അദ്ധേഹത്തിന്റെ മകൻ ഗൾഫിൽ നിന്നും വന്നിട്ടും മകന്റെ ഭാര്യയെ പറഞ്ഞയച്ചില്ലെന്നു മാത്രമല്ല, അവർക്ക് വിവാഹബന്ധം ഒഴിഞ്ഞ് കിട്ടണമെന്നും ആവശ്യപ്പെടു കയും ചെയ്യുന്നു. ഇങ്ങിനെ കുറേ കാര്യങ്ങൾ അവർ എന്നോട് പറഞ്ഞു.
എല്ലാം കേട്ട്കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.'നോക്കൂ, ഞാൻ വരാം. നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു. ഇനി ഞാൻ അവിടെ വന്ന് അവരുടെ സംസാരം കേട്ടിട്ട് അവരുടെ ഭാഗത്താണ് ന്യായമെങ്കിൽ ഞാൻ അവരുടെ ഭാഗത്ത് നിൽക്കും'.
അതവർക്ക് പരിപൂർണസമ്മതമായിരുന്നു.
ഞാൻ കൃത്യസമയത്ത് തന്നെ ചെറിയമിനായ് എന്ന ഗ്രാമത്തിലെത്തി. കാദർക്കാടെ വീട്ടിൽ ചെന്നു. എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരും സ്വയം പരിചയപ്പെടുത്തി. കാദർക്കാനെയും ഭാര്യ ബൽക്കീസിനെയും ഞാൻ ഇതിന്ന് മുമ്പ് പലവട്ടം ചൂരിത്തറ എന്ന സ്ഥലത്ത് ദിക്കർ ഹൽക്കയിൽ വെച്ച് കണ്ടു പരിചയപ്പെട്ടിട്ടുണ്ട്. ആ സ്ത്രീയുടെ വേഷം കണ്ടപ്പോൾ എനിക്ക് അത്ഭുദമായി. സാരി വലിച്ചു ഉടുത്തിരിക്കുകയാണ്. ഞാൻ എന്റെ അടുത്തിരുന്ന പള്ളി സെക്രട്ടറിയോട് ഇത് സൂചിപ്പിച്ചു. ആ സ്ത്രീ സൊസൈറ്റിയിലെ ഡയരക്ടർ ബോർഡ് മെമ്പർ ആണെന്നും അവിടേക്ക് പോകുമ്പോൾ ഇതിനേക്കാൾ മോശമായ രീതിയിലാണ് വേഷമെന്നും ദിക്കർ ഹൽക്കക്ക് മദ്രസയിൽ വരുമ്പോൾ മാത്രം സാരിതലപ്പ് തലയിലൂടെ ഇടുമെന്നും സെക്രട്ടറി എന്നോട് സ്വകാര്യമായി പറഞ്ഞു.
വിവാഹത്തിന്നു വീഡിയോ പാടില്ല എന്ന് കുറച്ചു വർഷങ്ങൾക്ക് മുമ്പ് പള്ളികളിൽ നോട്ടീസ് പതിച്ച പോലെ ദിക്കർ ഹൽക്കക്ക് വരുമ്പോഴെങ്കിലും പർധ ധരിക്കാൻ നിര്ധേശിക്കാമല്ലോ എന്ന് ഞാൻ സെക്രട്ടറിയോട് അഭിപ്രായം പറഞ്ഞു. അങ്ങിനെ നിർബന്ധിച്ചാൽ ആളുകളുടെ ദിക്കർ ഹൽക്കക്കുള്ള 'വരവും' പള്ളിയിലേക്കുള്ള സാമ്പത്തിക 'വരവും' കുറയുമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.
'അപ്പോൾ നമുക്ക് സംസാരം തുടങ്ങാമല്ലോ?'.പള്ളി പ്രസിഡന്റ് ഇസ്മയിൽ ഹാജി തുടർന്നു. 'നമുക്ക് ഇവർ തമ്മിലുള്ള പ്രശ്നം ശെരിയാക്കി വിവാഹജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാം'.പ്രസിഡന്റ് നയം വ്യക്തമാക്കി.
'അത് വേണ്ട, എന്റെ മകൾ മൈമുനാക്ക് ഭർത്താവ് നസീമുമായുള്ള വിവാഹം തുടരാൻ ഇഷ്ടമല്ല'.അത് പറഞ്ഞത് ബൾക്കീസ് ആയിരുന്നു.
'അല്ല, അത്രയധികം പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടോ?'.പള്ളി സെക്രട്ടറിയാണത് ചോദിച്ചത്.
'ആ പറഞ്ഞതിൽ കാര്യമുണ്ടല്ലോ...............'.കാദർക്ക അത് പറയുന്നതിന്നിടയിൽക്കയറി ബൾക്കീസ് പറഞ്ഞു. 'നിങ്ങളൊന്നു മിണ്ടാതിരിക്കുന്നുണ്ടോ മനുഷ്യ..'.
കാദർക്ക പിന്നെ ഒന്നും പറഞ്ഞില്ല. മേശപ്പുറത്ത് കിടന്നിരുന്ന ഒരു പഴയ പത്രം എടുത്ത് വായന തുടങ്ങി.
ബൾക്കീസ് പറഞ്ഞത് ശെരിയാണെന്ന് എനിക്ക് തോന്നി. കാരണം ആണുങ്ങളായ ഞങ്ങളും ബൾക്കീസും സംസാരിക്കുന്നിടത്ത് കാദർക്കാക്ക് എന്ത് കാര്യം?
നസീമിന്റെ ഉപ്പ മരിച്ചു. നസീം ഏകമകനാണ്. നസീമിന്റെ ഉമ്മയെ അവന്റെ കൂടെ താമസിപ്പിക്കുന്ന കാര്യത്തിൽ മൈമുനാക്കു തീരെ സമ്മതമല്ല. ഒന്നുകിൽ നസീമിന്റെ ഉമ്മയുമായി താമസിച്ചോ, അല്ലെങ്കിൽ ഞങ്ങൾ മാത്രം. രണ്ടാളും കൂടിയുള്ള ജീവിതം വേണ്ട. ഇതാണ് വിവാഹ ബന്ധം വേണ്ട എന്ന അവരുടെ തീരുമാനത്തിന്നു കാരണം.
'എന്റെ മകൾ ഈ വിവാഹബന്ധം ഇഷ്ടപ്പെടുന്നില്ല'. യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാതെ ബൾക്കീസ് പറഞ്ഞു. അത് മാത്രമല്ല എന്ത് പറഞ്ഞാലും ഇനി നസീമിന്റെ കൂടെ മൈമുനയെ പറഞ്ഞയക്കുന്ന പ്രശ്നമില്ലെന്നും തുറന്നു പറഞ്ഞു, ബൾക്കീസ്. അത് വരെ നിശബ്ദനായ ഞാൻ ചോദിച്ചു. 'ആട്ടെ ഈ വിവാഹബന്ധം തുടരാൻ ഇഷ്ടപ്പെടുന്നില്ല എന്ന് മൈമൂന എഴുതി തരുമോ?'
'അത് പറ്റില്ല, രേഖയായി ഒന്നും എഴുതി തരില്ല. പിന്നെ ഞങ്ങൾ നഷ്ടപരിഹാരം അവർക്ക് കൊടുക്കേണ്ടി വരും'. പെട്ടെന്നാണ് ബൾക്കീസ് മറുപടി പറഞ്ഞത്.
ബൾക്കീസ് നിയമം മനസ്സിലാക്കിയെന്ന് എനിക്ക് മനസ്സിലായി. എന്റെ ആദ്യത്തെ ഇരയിൽ ബൾക്കീസ് കൊത്തിയില്ല. അടുത്ത ചോദ്യം ഞാൻ ചോദിച്ചു. 'ആട്ടെ, ഈ വിവാഹം ആരാണ് തീരുമാനിച്ചത്?'
'ഇക്ക തന്നെ. ഈ മനുഷ്യന് നല്ലത് നോക്കിയെടുക്കാൻ അറിയില്ല'. ഇതായിരുന്നു മൈമൂനാടെ മറുപടി.
ഏത് ഇക്ക എന്ന എന്റെ ചോദ്യത്തിന്നു ബൾക്കീസ് കാദറിനെ ചൂണ്ടി കാണിച്ചു. അദ്ദേഹം അപ്പോഴും പത്രത്തിൽ നോക്കിയിരിക്കുകയാണ്. "നിങ്ങളെ സെലക്ട് ചെയ്തതും ഈ മനുഷ്യൻ തന്നെയല്ലേ?" ഞാൻ ചോദിച്ചു. അതെ എന്ന് ബൾക്കീസ് പറഞ്ഞു.
പത്രവായനയിൽ മുഴുകിയ പോലെ ഇരിക്കുന്ന കാദർ പത്രത്തിന്നു മുകളിലൂടെ എന്നെ നോക്കി ചിരിച്ചു.
'ഞാൻ ഒരു ചോദ്യം മൈമൂനാട് ചോദിക്കട്ടെ. നിങ്ങളും ഇനി വലുതായി ഇത് പോലെ നിങ്ങളുടെ മകൻ വിവാഹം കഴിക്കുന്ന പെണ്കുെട്ടി ഇത് പോലെ നിങ്ങളെ കൂടെ താമസിപ്പിക്കരുതെന്നു പറഞ്ഞാൽ നിങ്ങൾക്ക് വിഷമമുണ്ടാവില്ലേ'. ഞാൻ ചോദിച്ചു.
'അതൊക്കെ അപ്പോഴത്തെ കാര്യമല്ലേ?'.ഇതായിരുന്നു മൈമുനയുടെ മറുപടി.
അവരുടെ തീരുമാനത്തിൽ മാറ്റമില്ലെന്നു ഉറപ്പായപ്പോൾ ഞങ്ങൾ സംസാരം നിറുത്തി.
ഞാൻ നസീമിനെ വിളിച്ചു പുറത്തു ചെന്നു.
'നസീമേ ഇത്തരം പെണ്കുറട്ടികളുമായുള്ള ബന്ധം ഇല്ലാതിരിക്കുന്നതാണ് നല്ലത്'. ഞാനവനെ കാര്യം പറഞ്ഞു മനസ്സിലാക്കി.
'അതെനിക്കറിയാം ജബ്ബാർക്ക. എനിക്ക് ഒരു വിവാഹം കഴിക്കണമെന്ന ആഗ്രഹമില്ല. ഇവളുമായുള്ള ബന്ധം ഞാൻ ആഗ്രഹിച്ചത് എന്റെ മകനൊരു ഉമ്മയും ഉപ്പയും ഉണ്ടാകണമെന്ന ആഗ്രഹം കൊണ്ടാണ്. ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ എന്റെ മകന്റെ കാര്യം ആലോചിക്കുമ്പോഴാണ് എന്റെ വിഷമം'. ഇതായിരുന്നു നസീമിന്റെ മറുപടി.
അവൻ പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലായി.
ഒടുവിൽ ബൽക്കീസിന്റെ ആവശ്യം അംഗീകരിച്ചു. വിവാഹബന്ധം വേർപെടുത്തി. നസീമിന്റെ മകൻ നിഷാദിനെ ബൽകീസിന്റെ ആവശ്യപ്രകാരം മൈമുനാക്ക് തന്നെ കൊടുത്തു.
എന്റെ ലീവ് കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഗൾഫിലേക്ക് പോയി. ഇതിനിടെ നസീം രണ്ടാമത് വിവാഹം കഴിച്ചെന്നും അവർ സുഖമായി ജീവിക്കുന്നു എന്നുമറിയാൻ കഴിഞ്ഞു.
സമയത്തിന്റെ വേഗതയെ നാം രണ്ട് തരത്തിൽ കുറ്റം പറയാറുണ്ട്. എന്തൊരു വേഗത്തിലാണ് കാലം പോകുന്നത് എന്ന് ചിലപ്പോൾ പറയും. എന്നാൽ മറ്റു ചിലപ്പോൾ പറയും കാലം പോയിക്കിട്ടുന്നില്ലല്ലോ എന്ന്.
എന്നാൽ എനിക്ക് കാലം വളരെ വേഗം പോകുന്ന പോലെ തോന്നി.
ആദ്യം എഴുതിയ സംഭവം കഴിഞ്ഞിട്ട് എന്റെ ഗൾഫ് ജീവിതം ഇരുപത്തിരണ്ടു വർഷം വീണ്ടും കഴിഞ്ഞു.
വെറും പത്ത് ദിവസത്തെ ലീവിന്ന് ഞാൻ നാട്ടിൽ വന്നു. ഒരു ദിവസം ഞാൻ തൃശ്ശൂർ പോയി തിരിച്ചു വരുമ്പോൾ ഭാര്യയെ ഫോണ്‍ വിളിച്ചു പറഞ്ഞു. 'സാറാ, നീ വേഗം റെഡിയാവുക, ഞാൻ അരമണിക്കൂറിന്നുള്ളിൽ അവിടെയെത്തും. നമുക്ക് അനുജൻ താജുവിന്റെ വീട്ടിൽ പോകാം' അവൾ സമ്മതിച്ചു. എന്റെ അനുജൻ താജു കാട്ടൂർ അൽബാബ് സ്കൂളിന്നടുത്താണ് താമസിക്കുന്നത്.
ഞാൻ വീട്ടിലെത്തുമ്പോൾ ഗൈറ്റിന്നടുത്തു തന്നെ സാറ നിൽക്കുന്നു. യാത്രക്ക് റെഡിയായിട്ടുമില്ല. ദേഷ്യം ഉള്ളിലടക്കി ഞാൻ ചോദിച്ചു 'എന്തേ യാത്രയാവാഞ്ഞേ?'.
പതുക്കെ പറ എന്ന് ആംഗ്യഭാഷയിൽ കാണിച്ചിട്ട് അവൾ എന്റെ അടുത്ത് വന്ന് പറഞ്ഞു. 'ഇക്കാനെ അന്വേഷിച്ചു ഒരു സ്ത്രീ വന്നിട്ടുണ്ട്. അവർ ആരാണെന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല, വളരെ ദുഃഖം തോന്നുന്നു. കുത്ത് വാക്ക് പറയരുതെന്ന് ഇക്കാട് പറയാൻ അവൾ പറഞ്ഞു'.
'നിനക്ക് ഇപ്പോഴും എന്നെ മനസ്സിലായില്ലേ?വീട്ടിൽ വരുന്നവർ ഏത് ശത്രുക്കളാണെങ്കിലും നാം മാന്യമായല്ലേ സ്വീകരിക്കാറുള്ളൂ'.
ആ സ്ത്രീ ആരാണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ വീട്ടിൽ ചെന്നു.
എന്നെ കണ്ടപ്പോൾ ആ പർദയിട്ട സ്ത്രീ അകത്ത് നിന്നും ഇറങ്ങി സിറ്റിംഗ് റൂമിലേക്ക് വന്നു. എന്നിട്ട് എന്നോട് ചോദിച്ചു.
'ഇക്കാക്ക് എന്നെ മനസ്സിലായോ?'.
എത്ര ആലോചിച്ചിട്ടും എനിക്ക് ആളെ മനസ്സിലായില്ല; എന്റെ ആകാംഷക്ക് വിരാമമിട്ടു കൊണ്ട് അവർ പറഞ്ഞു. 'ഞാനാണ് മൈമൂന'.
എന്നിട്ടും ആളെ മനസ്സിലാകുന്നില്ല എന്ന് എന്റെ മുഖഭാവം കണ്ടപ്പോൾ അവർ വിശദമായി പറഞ്ഞു. 'ഇരുപത്തിരണ്ട് വർഷങ്ങൾക്കു മുമ്പ് ഒരു മധ്യസ്ഥതക്ക് ഇക്ക വന്നില്ലേ, ഒരു കാദർ, ബൽക്കീസിന്റെ വീട്ടിൽ...... ആ മൈമൂനയാണ് ഞാൻ'.
എനിക്ക് ഇപ്പോൾ ആളെ മനസ്സിലായി.
'ഇവർക്ക് എന്തെങ്കിലും കഴിക്കാൻ കൊടുത്തോ?' ഞാൻ എന്റെ ഭാര്യ സാറയോട് ചോദിച്ചു.
'ഞാൻ എന്ത് കൊടുത്തിട്ടും അവർ കഴിക്കുന്നില്ല. ഇക്കാട് എന്തോ വിഷമം പറയാനുണ്ട്. അത് കഴിഞ്ഞു മതി എന്തും എന്നാണ് മൈമൂന പറഞ്ഞത്. ഞാൻ കുറെ നിർബന്ധിച്ചു'. സാറ വിവരം പറഞ്ഞു.
ഒരു മുഖവുരയും കൂടാതെ മൈമൂന പറഞ്ഞു തുടങ്ങി.
'ഇക്കാക്ക് ഞാൻ വന്നത് ബുദ്ധിമുട്ടായോ?ഇക്കയും ഇത്തയും അനുജന്റെ വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു എന്ന് ഇത്ത പറഞ്ഞു'.
'ഏയ്. ഒരു ബുദ്ധിമുട്ടുമില്ല. അത് നാളെ പോയാലും മതി'.
'ഇക്ക, അന്ന് നസീമുമായുള്ള എന്റെ വിവാഹബന്ധം വേർപെടുത്തിയതിന്നു ശേഷം ഉമ്മാടെ ബന്ധത്തിലുള്ള ലത്തീഫ് എന്നയാളുമായി എന്റെ വിവാഹം നടത്തിച്ചു. ആ മനുഷ്യന് യാതൊരു ഉത്തരവാദിത്തമില്ലെന്ന് മാത്രമല്ല, മദ്യം കഴിക്കുകയും എന്നെ ഒരു പാട് ഉപദ്രവിക്കുകയും ചെയ്യും'
'അപ്പോൾ മൈമുനാക്ക് വിഷയം വീട്ടിൽ പറയാമായിരുന്നില്ലേ?'
'ഞാൻ പലപ്പോഴും ഇത് പറഞ്ഞു. പക്ഷെ ആരും ലത്തീഫിനോട് ഒന്നും പറയില്ല. അങ്ങിനെ ഞാൻ എന്റെ വീട്ടിലേക്ക് വരട്ടെയെന്നു ഉമ്മാട് ചോദിച്ചപ്പോൾ കല്യാണം കഴിച്ചു കൊടുത്ത പെണ്മക്കൾ ഭർത്താവിന്റെ അടുത്താണ് നിൽക്കെണ്ടതെന്നു പറഞ്ഞ് എന്നെ മടക്കിയയച്ചു. ഒരു ഗത്യന്തരവുമില്ലാതെ വന്നപ്പോൾ ഞാനെന്റെ മകൻ നിഷാദിനെയും കൊണ്ട് ഒരു വാടക വീട്ടിലേക്ക് മാറി. അന്നവന്ന് അഞ്ചു വയസ്സാണ് പ്രായം'.
'മോളെ, ഇത് കഴിക്ക്'.എന്ന് പറഞ്ഞു കുറച്ച് നെയ്യപ്പവും കൊണ്ട് സാറ വന്നു.
'പിന്നെ ഞാൻ പല വീടുകളിലും പണിയെടുത്ത് ജീവിച്ചു. ലത്തീഫ് ഞങ്ങളുടെ കാര്യങ്ങളൊന്നും നോക്കാതെ വേറെ വിവാഹം കഴിച്ചു എന്നാണ് അറിഞ്ഞത്'. മൈമൂന വിങ്ങിപ്പോട്ടുന്നുണ്ടായിരുന്നു.
'മകന്റെ കാര്യത്തിൽ നസീം ഒന്നും ചെയ്യാറില്ലേ?' ഞാനെന്റെ സംശയം ചോദിച്ചു.
'അദ്ധേഹമാണ് എല്ലാ മാസവും അവന്റെ പഠിപ്പിന്നും മറ്റും പൈസ അയക്കുന്നത്. അവന് 24 വയസ്സായി. സ്വന്തമായി ഒരു ഓട്ടോറിക്ഷ ഓടിക്കുകയാണ്. ആ ഓട്ടോറിക്ഷക്കുള്ള പൈസയും നസീംക്കയാണ് കൊടുത്തത്. അവനെ ഗൾഫിൽ കൊണ്ട് പോകാൻ നസീംക്ക തയ്യാറാണ്. പക്ഷെ എനിക്ക് ആരുമില്ലെന്നും, എന്നെ ഒറ്റയ്ക്കാക്കി പോകില്ലെന്നും പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ ഓട്ടോ ഓടിച്ച് നാട്ടിൽ നിൽക്കുന്നത്'.
'അത് നല്ല ഒരു കാര്യമല്ലേ? ഞാൻ ചോദിച്ചു
'ഇപ്പോൾ ഒരു വലിയ പ്രശ്നമുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു അവന്റെ വിവാഹം. പർദ്ദധരിച്ചു വളരെ മതപരമായ ചിട്ടകളോടെ നടക്കുന്ന ഒരു പെണ്കുകട്ടി. അവൾ എന്റെ മകന് കൈവിഷം കൊടുത്തൂന്നാ തോന്നുന്നത്'.
'കൈവിഷമോ അങ്ങിനെയൊന്നും ഇല്ല'.ഞാൻ അവരുടെ ധാരണ തിരുത്തി.
'എന്താണെങ്കിലും അവൾ പറയുന്നു ഇക്കാ, ഒന്നുകിൽ എന്റെ മകന്റെ കൂടെ ഞാൻ മാത്രം താമസിക്കുക, അല്ലെങ്കിൽ അവൾ മാത്രം താമസിക്കുക. രണ്ടാളും ഒന്നിച്ചു വേണ്ടായെന്ന്'.മൈമൂന കരച്ചിലിന്റെ വക്കത്തെത്തി.
ഇരുപതു വർഷത്തിന്ന് മുമ്പ് എന്റെ മുന്നിലിരിക്കുന്ന മൈമൂനയും ഇതേ വാചകമാണല്ലോ നസീമിനോട് പറഞ്ഞത് എന്ന് ഒരു നിമിഷം ഞാനോർത്തു. ശവത്തിൽ കുത്തരുതെന്നും വീട്ടിൽ വന്ന അതിഥിയാണല്ലോയെന്നും ആലോചിച്ച് ഞാനത് സൂചിപ്പിച്ചില്ല. അല്ലാതെത്തന്നെ മൈമൂന അതാലോചിക്കുന്നുണ്ടാവും. 'നിഷാദിന്റെ ഭാര്യ നിങ്ങളോട് അത് പറഞ്ഞോ?'.എനിക്കതാണ് അറിയേണ്ടത്.
'ഇല്ല, അവൾ പറഞ്ഞുവെന്ന് നിഷാദാണ് എന്നോട് പറഞ്ഞത്. ജബ്ബാർക്ക പറയാറുള്ള ഒരു കാര്യം ശെരിയാണ്. പർദ്ദ ഇട്ടതു കൊണ്ട് മാത്രം സ്ത്രീകൾ സ്വർഗത്തിൽ പോകണമെന്നി ല്ലായെന്ന്'. ശെരിയാണ് ഞാൻ പലപ്പോഴും ഇത് പറയാറുണ്ട്. അത് പോലും ഈ കുട്ടി ഓർത്തിരിക്കുന്നു.
'ഞാനെന്താണ് ഇക്കാര്യത്തിൽ ചെയ്യേണ്ടത്?'
'ഇക്കാക്ക് ഇനി രണ്ടു ദിവസം കൂടിയേ ലീവ് ഉള്ളൂ എന്ന് സാറത്ത പറഞ്ഞു. ഇക്ക വിചാരിച്ചാലേ എനിക്കെന്റെ മകന്റെ കൂടെ നിൽക്കാൻ പറ്റൂ'. മൈമൂന കരഞ്ഞു തുടങ്ങി.
'മൈമൂന വിഷമിക്കാതിരിക്കൂ. ഞാനൊന്ന് നിഷാദിനോട് സംസാരിച്ചു നോക്കട്ടെ'. ഞാൻ മൈമൂനാനെ സമാധാനിപ്പിച്ചു.
ഞാൻ വിചാരിച്ചിട്ടും ഈ മൈമൂനാടെ വിവാഹബന്ധ ത്തിലെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഞാനോർത്തു. നമ്മൾ ശ്രമിക്കുക. അല്ലാഹുവാണ് തീരുമാനം എടുക്കുക.
ഞാൻ നിഷാദിന്റെ മൊബൈൽ നമ്പർ വാങ്ങി അവനു ഫോണ്‍ ചെയ്തു. അവൻ ഓട്ടോസ്റ്റാന്റിലുണ്ടെന്നും ഉടനെ എന്റെ വീട്ടിൽ എത്താമെന്നും പറഞ്ഞു.
'അവൻ എന്നെ കാണണ്ട. ഞാൻ ഇവിടെയുള്ള കാര്യം അവൻ അറിയുകയും വേണ്ട'.അത് പറഞ്ഞു മൈമൂന വീടിന്നുള്ളിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ നിഷാദ് എത്തി.
'നിനക്കെന്നെ മനസ്സിലായോ?' ആമുഖമായി ഞാൻ ചോദിച്ചു. മനസ്സിലായെന്നും അവന്റെ ഉപ്പ എന്നെ പറ്റി പറഞ്ഞിട്ടുണ്ടെന്നും അവൻ പറഞ്ഞു.
'കഴിഞ്ഞാഴ്ച നിന്റെ വിവാഹം കഴിഞ്ഞു അല്ലെ?'.മൈമൂന പറഞ്ഞതും അവൾ അകത്തുള്ളതും മറച്ചു വെച്ച് ഞാൻ ചോദിച്ചു. 'ഇക്കാനെ വിളിക്കാൻ ഞാൻ നേരിട്ട് ഈ വീട്ടിൽ വന്നിരുന്നു. പക്ഷെ, ഇക്ക ഗൾഫിലാണെന്നാണ് അറിഞ്ഞത്'.
'ശെരിയാണ്. ഞാനപ്പോൾ ഗൾഫിലായിരുന്നു' എന്നിട്ട് ഞാൻ തുടർന്നു. 'ഉമ്മ ഇപ്പോൾ എവിടെയാണ്?'
'ഇപ്പോൾ ഞങ്ങളുടെ വാടകവീട്ടിലുണ്ട്. പക്ഷെ.... 'അവൻ വിഷയം നിറുത്തിയത് പോലെ.
'എന്താ ഒരു പക്ഷെ?' ഞാൻ ചോദിച്ചു.
'ഉമ്മാനെ ഞങ്ങളുടെ കൂടെ നിറുത്തന്നത് എന്റെ ഭാര്യക്ക് ഇഷ്ടമില്ല. ഒന്നുകിൽ അവൾ അല്ലെങ്കിൽ ഉമ്മ എന്നാണവൾ പറയുന്നത്'. നിഷാദ് വിഷയം പറഞ്ഞു.
'ഞാൻ നിന്റെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കാം'.
ഇത് കേട്ട ഉടനെ അവന്റെ സംസാരവും മുഖഭാവവും മാറിയിട്ട് കരഞ്ഞു കൊണ്ടവൻ പറഞ്ഞു
'ഇക്ക, അല്ലാഹുവിനാണെ സത്യം, ഉമ്മാനെ കൂടെ നിറുത്തണമെന്ന് എന്റെ ഭാര്യ എപ്പോഴും പറയും. ഞാൻ ഒരു നാടകം കളിച്ചതാ. ഒരു പ്രത്യേകകാര്യത്തിന്നു വേണ്ടി'.
'എന്ത് പ്രത്യേകകാര്യം?'
'എന്റെ ഉപ്പയും ഉപ്പാടെ ഉമ്മയും അനുഭവിച്ച വേദന ഉമ്മ ഒന്നറിയണം. അതിന്നാണ് ഞങ്ങൾ ഈ നാടകം കളിച്ചത്'. അവൻ വിങ്ങിപ്പോട്ടുകയാണ്. 'മോനെ, നിഷാദെ, കേട്ടിടത്തോളം നിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. എങ്കിലും ഞാൻ നാട്ടുകാരിൽ നിന്നും കേട്ടറിഞ്ഞത് ഉമ്മ ഈ ചെറിയ ദിവസം കൊണ്ട് ഒരുപാട് മാനസികമായി അനുഭവിച്ചു എന്നാണു'. 'എനിക്കെന്റെ ഉമ്മാനെ ഇപ്പോൾ തന്നെ കൂട്ടിക്കൊണ്ട് വരണം'. അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു
'ഉമ്മ വീട്ടിലില്ലേ?' ഞാൻ ചോദിച്ചു
' ഇല്ല, ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ പുറത്ത് പോയതാണ്. മാമാടെ വീട്ടിലുണ്ടാവും'.
'വേണ്ട... നീ ഒരുത്തിലും പോകേണ്ട. ഉമ്മ ഇവിടെ ത്തന്നെയുണ്ട്'.എന്നിട്ട് ഞാൻ മൈമൂനാട് വരാൻ പറഞ്ഞു.
ഉമ്മയും മകനും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഇത് കണ്ടപ്പോൾ സാറയും കരയുന്നത് കണ്ടു. എന്തിനേറെ എന്റെ കണ്ണും നിറഞ്ഞു.
'ഞാൻ ഉമ്മാനെയും കൊണ്ട് പോകട്ടെ ഇക്കാ?'. നിഷാദ് എന്നോട് അനുവാദം ചോദിച്ചു.
'തീർച്ചയായും പോകണം. പക്ഷെ എന്റെ സാറ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി'.
അവർ എന്റെ ക്ഷണം സ്വീകരിച്ചു.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മൈമൂനയും നിഷാദും സാറയുടെ ഭക്ഷണത്തിന്റെ രുചിയെപ്പറ്റി വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നു. മാങ്ങപുളിശ്ശേരി നന്നായി, ഇരുമ്പൻപുളി അച്ചാർ നന്നായി എന്നൊക്കെ. കുറെ കേട്ടപ്പോൾ എനിക്ക് പറയേണ്ടി വന്നു 'അല്ലെങ്കിൽ തന്നെ സാറാക്ക് അഞ്ചരയടി ഉയരമുണ്ട്. ഇനി പൊന്തിച്ചു പൊന്തിച്ചു ഉയരം കൂട്ടരുത്'. അവർ യാത്രപറഞ്ഞു പോയി.
****************************************
മേമ്പൊടി:
വിവാഹം കഴിച്ചു കൊടുക്കുന്ന പെണ്കുട്ടികളോട് മാതാപിതാക്കൾ കൊടുക്കേണ്ട ഉപദേശം: കല്യാണം കഴിഞ്ഞാലും ഞങ്ങളെ നിങ്ങൾ സ്നേഹിക്കണം, ബഹുമാനിക്കണം. എന്നാൽ ഭർത്താവിനെ, ഭർത്താവിന്റെ മാതാപിതാക്കളെ കൂടുതൽ സ്നേഹിക്കണം, ബഹുമാനിക്കണം.