വൈകിവന്ന വസന്തം – Part 2
രചന : ഷിജിത് പേരാമ്പ്ര
അയ്യോ ടീച്ചറെ, ഞാൻ ചായയെടുക്കാമെന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞ രേഷ്മയാടായി ടീച്ചർ പറഞ്ഞു.
ചായയൊക്കെ പിന്നെ മതി. എനിക്ക് കുറച്ച് കാര്യങ്ങളറിയണം. പറയാൻ പറ്റുന്നതാണെങ്കിൽ തീർച്ചയായുമെന്നോട് പറയണം . ചിലപ്പോഴത് അബിനിന്റെ പഠനത്തിലും പുരോഗതിയുണ്ടാക്കാൻ കഴിയും. അവനെ കൂടുതൽ ശ്രദ്ധിക്കണമെങ്കിൽ അതിനും സാധിക്കും. അതുകൊണ്ട് ചോദിക്കുന്നതിൽ വിഷമമൊന്നും തോന്നരുത്. സ്കൂൾ രജിസ്റ്ററിൽ അബിനിന്റെ പേര് അബിൻ പ്രകാശ് എന്നാണ്. അപ്പോൾ പ്രകാശ് അവന്റെ അച്ഛനാവുമല്ലോ. അവന്റെ അച്ഛനെ സ്കൂളിലയ്ക്കിതുവരെ കണ്ടിട്ടില്ല. സിനാന്റെ ഉമ്മയോട് ചോദിച്ചപ്പോൾ എട്ടൊൻപത് വർഷമായി നിങ്ങളെയൊക്കെ അവര് കാണുന്നു. പക്ഷേ അവരും പ്രകാശ് എന്നൊരാളെ ഇതുവരെ കണ്ടിട്ടില്ലാന്ന് പറഞ്ഞു.
പറയാൻ പറ്റുന്ന കാര്യമാണെങ്കിൽ പറയ്. എന്നെയൊരു ടീച്ചറായി കാണണ്ട നല്ലൊരു കൂട്ടുകാരിയായി കണ്ടാ മതി . രേഷ്മയുടെ കൂടെ ഇവിടിപ്പോ ആരാ ഉള്ളത്. സിനാൻ പറഞ്ഞു അബിനിന്റെ അമ്മമ്മയാണ് കൂടെയുള്ളത് എന്ന് .
അതിപ്പോ പറയാനൊരുപാടുണ്ട് ടീച്ചറേ. പറഞ്ഞ് തീരുമ്പോൾ സ്കൂളിൽ ബെല്ലടിക്കാറാവും ടീച്ചർക്ക് സ്കൂളിൽ പോവണ്ടേ.
സ്കൂളിലെത്തണം. ചുരുക്കിപ്പറഞ്ഞാ മതി. ഒരു കുട്ടി പഠനത്തിൽ മോശമാവുന്നുണ്ടെങ്കിൽ അതവന്റെ മാത്രം കുഴപ്പമല്ല. അവന്റെ വീട്ടിലും ചില പ്രശ്നങ്ങളുണ്ടാവും. അവൻ പലപ്പോഴും ഈ ലോകത്തൊന്നുമല്ലാത്ത പോലെ എന്തോ ആലോചിച്ചിരിക്കുന്നത് കാണാം. അങ്ങനെ കാണുമ്പോൾ ഞാനവന്റെ പേര് വിളിച്ച് ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറയും. അപ്പോളവൻ ഞെട്ടുന്നത് കാണാം. അവനപ്പോഴേതോ ലോകത്താണ്. അവനെന്താണ് ചിന്തിക്കുന്നതെന്നറിയണമെങ്കിൽ ആദ്യം വീട്ടിലെന്തങ്കിലും പ്രശ്നമുണ്ടോന്നറിയണം. പല കുട്ടികളുടെയും പ്രശ്നം മാതാപിതാക്കൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയാണ്. ചിലർക്ക് അച്ഛന്റെ മദ്യപാനവും, അയാൾ വീട്ടിൽ വന്ന് വഴക്കുണ്ടാക്കുന്നതുമാണ് പ്രശ്നം. അങ്ങനെയൊക്കെയാവുമ്പോൾ പല കുട്ടികൾക്കും ക്ലാസിൽ ശ്രദ്ധിക്കാനോ പഠിക്കാനോ താൽപര്യമുണ്ടാവില്ല. അവരൊക്കെ എന്തൊക്കെയാണ് ക്ലാസ്സിലിരുന്ന് ചിന്തിച്ചു കൂട്ടുന്നതെന്ന് നമുക്ക് പ്രവചിക്കാനുമാവില്ല. അതുകൊണ്ട് പറയാൻ പറ്റുന്ന കാര്യങ്ങളാണെങ്കിൽ രേഷ്മ തീർച്ചയായും ഇപ്പോൾ പറയണം.
ഞാൻ... ഞാനെന്താ പറയേണ്ടതെന്നാലോചിക്കുക യായിരുന്നു. എവിടെ തുടങ്ങണംന്ന് എനിക്കറിയില്ല. എന്നാലും പറയാം. നമുക്ക് ഇത്തിരി മാറിയിരുന്ന് സംസാരിക്കാം മോൻ കേൾക്കണ്ട . ഞാൻ മോനോട് സ്കൂളിൽ പോവാൻ റെഡിയാവാൻ പറയട്ടെ. അത്രയും പറഞ്ഞ് രേഷ്മയെഴുന്നേറ്റു വീടിന്റെ പുറകു വശത്തേക്ക് നടന്നു.
ടീച്ചർ മുറ്റത്തേയ്ക്കിറങ്ങി വന്ന് വീടും പരിസരവും നോക്കി. വീടിന്റെ പാതിയോളം സിമന്റ് കട്ട കൊണ്ട് കെട്ടിയിരിക്കുന്നു. ബാക്കി ഭാഗം പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മറച്ച് ,വീടിനുമുകളിൽ പഴയ ഫ്ലക്സ് വലിച്ചു കെട്ടിയിരിക്കുന്നു. രണ്ട് റൂമുണ്ടാകും ഒരു ഭാഗം അടുക്കളയുമാവും ടീച്ചർ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴേയ്ക്കും രേഷ്മ തിരിച്ചു വന്നു..
വാ... ടീച്ചറെ നമുക്ക് മുകളിലെത്തെ തോട്ടത്തിലിരിയ്ക്കാം. റബർ തോട്ടമാണ്. ഞാനവിടെയാണ് പണിക്ക് പോവുന്നത് , ഏക്കർ കണക്കിന് റബറുണ്ട്. ടീച്ചറുടെ കൈപിടിച്ചു കൊണ്ട് രേഷ്മ ഒതുക്കു കല്ലുകൾ കയറി തോട്ടത്തിലേയ്ക്ക് നടന്നു.
ഈ ഭാഗത്തെ റബറുകൾ ഇപ്പോൾ വെട്ടുന്നില്ല. മരം മുറിച്ചു കളഞ്ഞ് പുതിയ തൈ വെയ്ക്കാനായി. അതുകൊണ്ട് ഈ ഭാഗത്തേയ്ക്ക് തൊഴിലാളികളാരും വരാറില്ല.
രേഷ്മയ്ക്ക് ഇവിടെന്താ ജോലി. റബറ് വെട്ടലും പാലെടുക്കലുമൊക്കെയാണോ.
അല്ലാന്നേ.. അതിനൊക്കെ തൊഴിലാളികളുണ്ട്. എനിക്ക് വളമിടലും പിന്നെ പ്ലാറ്റ്ഫോമിലെ കാടുവെട്ടാനുണ്ടാകും. നിത്യം പണിയുണ്ടാവില്ല. പണിയില്ലാത്തപ്പോ തൊഴിലുറപ്പിന് പോവും. പിന്നെ നാട്ടിലെന്തു പണിയുണ്ടെങ്കിലും ആരെങ്കിലും വിളിച്ചാൽ പോവും.
അമ്മയെവിടെ വീട്ടിൽ കണ്ടില്ലാലോ.
അമ്മ കിടപ്പാണ്. അമ്മയ്ക്കും ഇവിടായിരുന്നു പണി. ഒരിക്കൽ റബറിന് വളമിടാൻ കുഴി കുത്തിക്കൊണ്ടിരുന്നപ്പോൾ തലകറിങ്ങി വീണതാ . പ്ലാറ്റ്ഫോമിലൂടെ ഉരുണ്ടുരുണ്ട് താഴേക്ക് വീണു. കൈക്കും കാലിനുമൊക്കെ ചതവും പരിക്കുമൊക്കെ പറ്റി.. അപ്പോ കിടപ്പിലായിപ്പോയി. എന്നാലും ആരെങ്കിലും പിടിച്ചാൽ നടക്കും.. ഞാൻ സമയം കിട്ടുമ്പോഴൊക്കെ നടത്തിക്കും. ടീച്ചർ വന്നപ്പോ ഉണർന്നില്ലാന്ന് തോന്നുന്നു. ടീച്ചറുടെ സ്വരം കേട്ടപ്പോൾ ആരാ മോളെ വന്നതെന്ന് ചോദിക്കേണ്ടതാ . ഒന്നും ചോദിച്ച് കേട്ടില്ല..
"അബിനിന്റെ അച്ഛൻ ?
"പറയാം ടീച്ചറെ".
ഞങ്ങളാദ്യം ഇവിടെയല്ല താമസിച്ചിരുന്നത്. ഇവിടുന്നും പത്തു മുപ്പത് കിലോമീറ്റർ മാറി ഇലഞ്ഞിക്കാവ് എന്നൊരു സ്ഥലത്തായിരുന്നു. ഇവിടെ വന്നിട്ട് ഒൻപത് വർഷമാവുന്നു. ഒരിക്കൽ അമ്മയ്ക്ക് തലകറക്കം വന്നിട്ട് അതു കാണിക്കാനായിട്ടായിരുന്നു ഞാൻ ആ നാട്ടിലുള്ള സർക്കാരാശുപത്രിയിൽ പോയത്. ഞാനമ്മയെയും കൊണ്ട് രോഗികൾക്കിരിക്കാനുള്ള സ്ഥലത്ത് ചെന്നപ്പോൾ ,അവിടെയെല്ലാ സീറ്റിലും നിറയെ ആൾക്കാരായിരുന്നു. ഞാൻ അമ്മയെ അവിടെ നിർത്തി വേഗം ഓ.പി. ചീട്ടെടുക്കാൻ ക്യൂ നിന്നു.. ഞാൻ ചീട്ടുമെടുത്ത് വരുമ്പോൾ കാണുന്നത് അമ്മ തലകറങ്ങി വീഴുന്നതാണ്. ഞാൻ "അയ്യോ അമ്മേയെന്നും വിളിച്ച് ഓടി വരുമ്പോഴേക്കും വെള്ള ഷർട്ടും പാന്റും ധരിച്ചൊരാൾ അമ്മയെ താങ്ങി പിടിച്ചിരുന്നു. അയാൾ അമ്മയെ അടുത്തുള്ളൊരു കസേരയിലിരുത്തി. വേഗമോടിപ്പോയി കുടിക്കാൻ വെള്ളമെടുത്തു കൊണ്ടുവന്നു. അമ്മയുടെ മുഖത്ത് വെള്ളം കുടഞ്ഞുണർത്തിയ ശേഷം. കുറച്ചു വെളളം കുടിക്കാനും കൊടുത്തു.
പെട്ടെന്ന് എന്നോട്, ചീട്ട് വാങ്ങി അമ്മയെ അടുത്തു കണ്ട വീൽചെയറിലിരുത്തി തള്ളിക്കൊണ്ട് ഡോക്ടറുടെ ക്യാബിനിലേക്ക് കൊണ്ടുപോയി, എന്തു ചെയ്യണമെന്നറിയാതെ നിന്ന ഞാൻ വേഗം അയാളോടൊപ്പമോടി അവർക്കരുകിലെത്തി.
അയാൾ പെട്ടെന്ന് തന്നെ അമ്മയെ ഡോക്ടറെ കാണിച്ചു.
അയാളെ കണ്ടതും ഡോക്ടർ ചോദിച്ചു.
"എന്തുപറ്റിയതാ ഇവർക്ക്"
"അറിയില്ല മാഡം ഞാൻ നോക്കുമ്പോൾ ഇവർ തലകറങ്ങി വീഴാൻ പോവുകയായിരുന്നു. ഞാൻ പെട്ടെന്ന് താങ്ങി പിടിച്ചില്ലായിരുന്നെങ്കിൽ ഇവർ താഴെ വീണേനെ".
അവരെ ടേബിളിലേക്ക് എടുത്ത് കിടത്തു. പരിശോധിക്കട്ടെ.
ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ഞാനും അയാളും കൂടെ അമ്മയെ താങ്ങിയെടുത്ത് ടേബിളിൽ കിടത്തി.
പരിശോധനയ്ക്കൊടുവിൽ ഡോക്ടർ പറഞ്ഞു.
ബി. പി കുറഞ്ഞതാണ് അതാണ് തലകറങ്ങി വീഴാൻ പോയത്.. ബി.പി നോർമലാവാനുള്ള ഗുളികയ്ക്ക് എഴുതിത്തരാം. ഡോക്ടർ ഓ .പി ചീട്ടിൽ എഴുതിയിട്ട് എന്റെ നേരെ നീട്ടി. ഞാനത് വാങ്ങാൻ നോക്കുമ്പോഴേക്കും അയാൾ ചീട്ടു വാങ്ങിക്കൊണ്ട് എന്നോടു പറഞ്ഞു.
മെഡിസിൻ കൗണ്ടറിൽ നല്ല തിരക്കായിരിക്കും. നിങ്ങൾ പോയി ക്യൂവിന്റെ അവസാനം പോയി നിന്ന് ഗുളികയും വാങ്ങി വരുമ്പോഴേക്കും സമയമെടുക്കും.ഞാൻ പെട്ടെന്ന് വാങ്ങി വരാം. എന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ തന്നെ അയാൾ മരുന്നു ചീട്ടുമായി നടന്നു കഴിഞ്ഞിരുന്നു. ഞാനമ്മയെ താങ്ങിയെടുത്ത് വീൽചെയറിലിരുത്തി വാർഡിലേക്ക് തള്ളിക്കൊണ്ടുപോയി. അപ്പോഴേക്കും അയാൾ ഗുളികയുമായി എത്തി. അമ്മക്ക് ഗുളിക കഴിക്കാൻ കൊടുത്തു. നെഴ്സ് വന്ന് അമ്മയ്ക്ക് ഡ്രിപ്പിട്ടു. കുറച്ചുനേരം ആശുപത്രി കിടന്ന ശേഷം ഉച്ചയോടുകൂടിയവിടുന്ന് ഞങ്ങൾ ഡിസ്ചാർജ്ജായി.
അമ്മയേയും കൊണ്ട് ആശുപത്രിയിൽ നിന്നിറങ്ങിപ്പോരുമ്പോഴും എന്റെ കണ്ണുകളയാളെ അവിടെയെല്ലാം തിരയുന്നുണ്ടായിരുന്നു. പക്ഷേ അയാളെ അവിടെങ്ങും കണ്ടില്ല. അയാളോടൊരു നന്ദി വാക്ക് പറയാൻ കഴിഞ്ഞില്ലല്ലോയെന്നൊരു വിഷമമെന്റെ മനസ്സിനെ ചൂഴ്ന്നു നിന്നു.
അമ്മയ്ക്ക് അസുഖം വരുമ്പോഴെല്ലാം അതേ ആശുപത്രിയിലാണ് ഞാൻ മുൻപൊക്കെ കാണിച്ചിരുന്നത്. പക്ഷേ അന്നൊന്നും അയാളെ അവിടെ കണ്ടതായി ഞാനോർത്തിരുന്നില്ല..
പിന്നീടൊരു ദിവസം വീണ്ടും അമ്മയ്ക്ക് അസുഖം വന്നപ്പോൾ ഞാനാ ആശുപത്രിയിൽ അമ്മയെയും കൊണ്ടുപോയി. ഓ പി ചീട്ടെടുത്ത് വരുമ്പോൾ അയാൾ അമ്മയോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു. എന്നെ കണ്ടതും അയാളെന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു..
അമ്മ ഇന്നും തലകറങ്ങി വീഴുമോന്ന് പേടിച്ച് ഞാനിവിടെ കാവൽ നിന്നതാ.
ഇന്നമ്മയ്ക്ക് തല കറക്കമല്ല. പനിയാ, എന്നാലും തലകറങ്ങി വീണു കൂടായ്കയില്ല. തലകറക്കം കൂടെക്കൂടെ വരുന്നുണ്ട്. എന്തായാലും അമ്മയ്ക്കിവിടെ കാവലിനൊരാളായല്ലോ. ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു.
അയാളതിന് മറുപടിയൊന്നും പറയാതെ എന്റെ കയ്യിൽ നിന്നും ഓ. പി ചീട്ടു വാങ്ങി ഡോക്ടറുടെ മുറിയിലേക്ക് നടന്നു. അമ്മയെയും കൊണ്ട് ഞാനും പുറകെ നടന്നു.
അയാളുടെ കൂടെ പോയത് കൊണ്ട് പെട്ടെന്ന് തന്നെ ഡോക്ടറെ കാണിച്ച് തിരിച്ചു പോരാൻ പറ്റി. തിരിച്ചിറക്കുമ്പോൾ ഞാനയാളോട് പറഞ്ഞു.
ഒത്തിരി നന്ദിയുണ്ട് കേട്ടോ . അന്ന് ഞങ്ങൾ തിരിച്ചു പോരുമ്പോൾ ഞാൻ നിങ്ങളെ ഇവിടെയെല്ലാം തിരഞ്ഞു . പക്ഷേ കണ്ടില്ല. ഒരു നന്ദി വാക്ക് പറയാതെ അന്ന് തിരിച്ചു പോകേണ്ടി വന്നു.
അതിനും കൂടെ ഇന്ന് പറഞ്ഞോളു. അയാൾ ചെറു ചിരിയോടെ പറഞ്ഞു.
ഒരു പാടൊരുപാട് നന്ദി. ഞാൻ കൈകൂപ്പി കൊണ്ട് പറഞ്ഞു.
ഇന്ന് അമ്മയെ നേരത്തേ കാണിച്ചു പോരാൻ പറ്റിയത് കൊണ്ട് സമാധാനമായി. അമ്മയെ വീട്ടിലാക്കിയിട്ട് വേണം എനിക്ക് ജോലിക്ക് പോകാൻ.
ഓഹോ .. ജോലിക്കാരിയാണ് ല്ലേ
അയ്യോ ഗവ: ജോലിയൊന്നുമല്ല. അടുത്തുള്ളൊരു ബേക്കറിയിൽ പായ്ക്കിംഗ് ജോലിയാണ് . എന്നാലും താമസിച്ച് ചെന്നാൽ പിന്നെ ഇന്നത്തെ ഒരു ദിവസത്തെ ജോലി പോകും. എന്തായാലും അമ്മയെ വേഗം ഡോക്ടറെ കാണിക്കാൻ പറ്റിയത് വല്യ ഉപകാരമായി.
എന്റെ പേര് പ്രകാശ്, നാട് കുറച്ചു ദൂരെയാ, ഇവിടെ ടൗണിൽ ആംബുലൻസ് ഡ്രൈവറാ . പിന്നെ അന്ന് അമ്മ പെട്ടെന്ന് വീഴാൻ പോയത് കണ്ടപ്പോൾ താങ്ങി പിടിച്ചതാ. ഞാൻ പിടിച്ചില്ലായിരുന്നേൽ തറയിൽ വീണേനെ. ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമല്ലേ.. പിന്നെ ഇയാളുടെ പേരെന്താ,
എന്റെ പേര് രേഷ്മ. എന്നാ ശരി ഞങ്ങൾ പൊയ്ക്കോട്ടെ.
ഞാനമ്മയെയും പിടിച്ച് റോഡിലേക്ക് നടന്നു. ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയി. വീട്ടിലക്കുള്ള യാത്രയിൽ മുഴുവൻ ഞാനയാളപ്പറ്റിത്തന്നെ ഓർത്തു കൊണ്ടിരുന്നു. എന്നിട്ട് മനസ്സിൽ എന്നോടു തന്നെ പറഞ്ഞു കൊണ്ടിരുന്നു. "നല്ലൊരു മനുഷ്യൻ "
രേഷ്മ പറയുന്നത് സാകൂതം കേട്ടുകൊണ്ടിരുന്ന ടീച്ചർ ചോദിച്ചു.
അപ്പോൾ അബിൻ പ്രകാശ് എന്നതിലെ പ്രകാശ് ഇദ്ദേഹമാണോ?
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു, രേഷ്മ മെല്ലെ തലയാട്ടി കൊണ്ട് പറഞ്ഞു..
അതെ..
അപ്പോ ഇപ്പോൾ പ്രകാശ് എവിടെ?
എനിക്കറിയില്ല.
ഉപേക്ഷിച്ച് പോയതാണോ, അതോ ഇപ്പോൾ ആളില്ലേ?
അതും എനിക്കറിയില്ല ടീച്ചറേ. രേഷ്മ മുഖം പൊത്തി കുനിഞ്ഞിരുന്നു കരഞ്ഞു കൊണ്ടിരുന്നു..
ടീച്ചറവളെ കരയാൻ വിട്ടുകൊണ്ട് മെല്ലെയവളുടെ പുറത്ത് തഴുകി കൊണ്ട് ചോദിച്ചു.
ആശുപത്രിയിൽ വെച്ചു കണ്ടതിനു ശേഷം പിന്നീട് നിങ്ങൾ സ്നേഹത്തിലായിരുന്നോ?
അതെ. പിന്നീട് പലപ്പോഴും അമ്മയെ ആശുപത്രിയിൽ കാണിക്കാൻ പോയപ്പോഴെല്ലാം ഞങ്ങൾ പരസ്പരം കണ്ടിരുന്നു. ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല.
കുറെ നാളെത്തെ പ്രണയത്തിനൊടുവിൽ ഞാനില്ലാതെ പ്രകാശേട്ടനും, പ്രകാശേട്ടനില്ലാതെ എനിക്കും പറ്റില്ലാന്നുള്ള അവസ്ഥയായി.
പ്രകാശേട്ടന്റെ വീട് ഇടുക്കി ജില്ലയിലായിരുന്നു. പ്രകാശേട്ടന്റെ ബന്ധുക്കളും കുടുംബക്കാരുമൊക്കെ ഈ നാട്ടിലുണ്ട്. പണ്ട് കുടിയേറ്റ സമയത്ത് അവിടുന്ന് നാടുവിട്ട് ഇവിടെ വന്നവരാ അവരൊക്കെ , അതിലൊരു ബന്ധുവിന് ആംബുലൻസ് ഉണ്ടായിരുന്നു. പ്രകാശേട്ടന് ജോലിയൊന്നുമാകാത്തത് കൊണ്ട് തൽക്കാലം ആംബുലൻസ് ഡ്രൈവറായി ഇങ്ങോട്ട് പോന്നതാണ്.അവിടുത്തെ നാലുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു പ്രകാശേട്ടൻ. അവിടുള്ള എല്ലാവരും തന്നെ ജോലിക്കാരും നല്ല സാമ്പത്തികസ്ഥിതിയിൽ ജീവിച്ചു പോരുന്നവരുമായിരുന്നു. അതുകൊണ്ടു തന്നെ സാമ്പത്തികമായി ഒന്നും തന്നെയില്ലാത്ത എന്നെ വിവാഹം കഴിക്കാൻ വീട്ടുകാരുടെ സമ്മതം കിട്ടില്ലാന്ന് പ്രകാശേട്ടൻ എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ട്.
നമുക്കാരും വേണ്ട നമുക്ക് നമ്മൾ മതിയെന്നും പറഞ്ഞ് പ്രകാശേട്ടൻ തന്നെയാണ് നമുക്ക് ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞത്. അമ്മയോട് ചോദിച്ചപ്പോ അമ്മയും സമ്മതിച്ചു. അമ്മയാണെങ്കിൽ എപ്പോഴും ഓരോ അസുഖവുമായിട്ടിരിക്കുകയാണ്.. അമ്മയുടെ കാലശേഷം എനിക്കാരുമില്ലാതായിപ്പോവുമല്ലോന്നുള്ള ചിന്തയായിരുന്നു അമ്മയ്ക്കെപ്പോഴും. സ്ത്രീധനം കൊടുക്കാനോ, കല്യാണം നടത്താനുള്ള വകയോ അമ്മയുടെ കയ്യിലില്ല. പിന്നെ എങ്ങനെയെങ്കിലും എന്നെ ആരെങ്കിലും നല്ലൊരാൾ കെട്ടിയാൽ മതിയെന്നായിരുന്നു അമ്മയുടെ വിചാരവും.
ഒരു ചടങ്ങിന്, ഞങ്ങൾ അമ്പലത്തിൽ പോയി പരസ്പരം മാലയിട്ട്, പ്രകാശേട്ടൻ എനിക്ക് താലി ചാർത്തിയിരുന്നു. താലിമാലയേക്കാളും മനസ്സെന്ന ഉടമ്പടിയിൽ ഞങ്ങൾ ജൻമാന്തരങ്ങളായ് ഒന്നിച്ചു ജീവിച്ചിരുന്നവരായിരുന്നു, അത്രയ്ക്കും ഇഷ്ടമായിരുന്നു ഞങ്ങൾക്ക് പരസ്പരം. അതിനു ശേഷം ഞങ്ങൾ എന്റെ വീട്ടിലായിരുന്നു താമസിച്ചതും. ഒരാഴ്ചയ്ക്ക് ശേഷം വീട്ടിൽ പോയിട്ട് പ്രകാശേട്ടന്റെ വീട്ടിലുള്ളവരോട് എന്റെ കാര്യം പറഞ്ഞ് സമ്മതിപ്പിച്ചിട്ട് തിരിച്ചു വരാമെന്നു പറഞ്ഞ് പോയതാണ് പ്രകാശേട്ടൻ. ഏതാണ്ട് പന്ത്രണ്ട് മണിക്കൂറോളം യാത്രയുണ്ട് പ്രകാശേട്ടന്റെ നാട്ടിലേക്ക്.. അവിടെ ബസ്സിറങ്ങിയാൻ കൂട്ടുകാരൻ ബൈക്കുമായി വന്ന് കൂട്ടി കൊണ്ടുപോവുമെന്നൊക്കെ പറഞ്ഞാണ് ഇവിടുന്ന് പോയത്.
അതിരാവിലെ യാത്രയായതാ. പോകുന്ന വഴി നല്ല മഴയാണെന്നും അവിടെത്തീട്ട് വിളിക്കാമെന്നും പറഞ്ഞിരുന്നു. അന്ന് വൈകീട്ട് ആറുമണി വരെ ഞാൻ വിളിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു എന്നുള്ള മറുപടിയാണ് കിട്ടിയത്.
ദിവസവും ഒരായിരം തവണയെങ്കിലും ഞാനാ ഫോണിലേക്ക് വിളിക്കാറുണ്ടായിരുന്നു.കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഞാൻ ഗർഭിണിയാണെന്നെനിക്ക് മനസ്സിലായത് . എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നിയപ്പോൾ ഞാനാ ആശുപത്രിയിൽ പോയി അന്വേഷിച്ചിരുന്നു. അവിടെ ദിവസവും ഒരു പാട് ആംബുലൻസ് വരുന്നതാണെന്നും അതിലെ എല്ലാ ഡ്രൈവർമാരെയും നോക്കിയിരിക്കലല്ല അവർക്ക് പണി എന്നാണവരെന്നോട് പറഞ്ഞത്.
എന്റെ ശാരീരിക അവശതകൾക്കിടയിലും ഞാൻ പലരോടും പ്രകാശേട്ടനെ പറ്റി അന്വേഷിച്ചിരുന്നു. ഒരു വിവരവും കിട്ടിയില്ല. പോലീസിൽ പരാതി കൊടുക്കാമെന്നു വെച്ചാൽ നിയമപരമായി ഞങ്ങൾ വിവാഹം കഴിച്ചിരുന്നില്ല. പിന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കി കടന്നു കളഞ്ഞു എന്നു വേണമെങ്കിൽ പരാതി കൊടുക്കാമെന്ന് സ്റ്റേഷനിൽ നിന്ന് ഒരു പോലീസുകാരൻ പറഞ്ഞു. പിന്നെ സ്റ്റേഷനും കോടതിയുമായി ഞാനും കയറിയിറങ്ങണമല്ലോന്ന് കരുതി ഞാൻ പരാതി കൊടുത്തുമില്ല. അതു മാത്രമല്ല. പ്രകാശേട്ടൻ നാട്ടിലെത്തി വേറെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ അതും വലിയ പ്രശ്നമാവില്ലേ. ആ കുട്ടിക്കും അവരുടെ വീട്ടുകാർക്കും അത് നാണക്കേടാവില്ലേ. പ്രകാശേട്ടൻ എന്നെ ഉപക്ഷിച്ചു പോയതാണെങ്കിലും അല്ലങ്കിലും ശരി. എനിക്കിപ്പോഴും പ്രകാശേട്ടനോട് ദേഷ്യമില്ല. എന്നെങ്കിലും തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു. എന്റെ മോന്റെ കാര്യമാണ് കഷ്ടം. അവൻ ആദ്യമൊക്കെ എന്നോട് അച്ഛനെ പറ്റി ചോദിക്കുമായിരുന്നു.. പിന്നീടെന്തോ അവൻ ഒന്നും ചോദിക്കാറില്ല.
ഞാൻ ഗർഭിണിയായ ശേഷം പ്രകാശേട്ടനെ പറ്റി ഒരറിവുമില്ലാതായപ്പോൾ അമ്മയാണ് പറഞ്ഞത് അവിടുള്ള സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്ന് അങ്ങനെയാണ് ഞങ്ങളിവിടെയെത്തിയത്.. ഇവിടെ തോട്ടത്തിൽ പണിക്ക് പോവുന്നതു കൊണ്ട് കഷ്ടപ്പാടാണെങ്കിലും ഇങ്ങനെയൊക്കെയങ്ങ് ജീവിച്ചു പോവുന്നു.
പ്രകാശിന്റെ ബന്ധുക്കൾ ഇവിടെയുണ്ടെന്ന് പറഞ്ഞിരുന്നില്ലേ. ആ വഴിക്കൊന്ന് അന്വേഷിച്ച് കൂടായിരുന്നോ.
അതാരാണെന്നോ എവിടാണെന്നോ എന്നോടു പറഞ്ഞിരുന്നില്ല ടീച്ചറേ..
പിന്നെ ഇതിന്റെ പുറകെ എല്ലാ ദിവസവും കടയിൽ നിന്ന് ലീവാക്കി ഞാൻ പോയാൽ പിന്നീട് എന്റെ പണിയും നഷ്ടപ്പെട്ടു പോവും. ബേക്കറിയിൽ ജോലിക്ക് പോകുന്നത് കൊണ്ടാണ് ഞാനും അമ്മയും ജീവിച്ചു പൊയ്ക്കൊണ്ടിരുന്നത്.. പിന്നെ പ്രകാശേട്ടൻ തിരിച്ചു വരുമെന്നുതന്നെ ഞാൻ വിശ്വസിച്ചിരുന്നു.രേഷ്മ വിങ്ങിപ്പൊട്ടിക്കൊണ്ടു പറഞ്ഞു.
രേഷ്മ പറയുന്നതെല്ലാം കേട്ട് എന്തു പറയണമെന്നറിയാതെ ടീച്ചർ രേഷ്മയുടെ മുഖത്തോട്ടു തന്നെ നോക്കിയിരുന്നു. എന്നിട്ടു പറഞ്ഞു.
ഞാനിന്നലെ സ്കൂളിൽ ഓണ സദ്യയുടെ കാര്യം പറഞ്ഞിരുന്നു. അപ്പോൾ കൂട്ടുകറിയുടെ കാര്യം അബിനിനോട് പറഞ്ഞപ്പോൾ അവനങ്ങനെയൊരു പേരു കേട്ടിട്ടു കൂടെയില്ലാന്നു തോന്നി. അതുകൊണ്ടാണ് ഞാനവനെ പറ്റി കൂടുതലന്വേഷിച്ചത്.. പിന്നൊരു കാര്യം എന്റെ വീടും ഇടുക്കി ജില്ലയിലാണ്. ഞാനും ഈ പ്രകാശനെ പറ്റി ഒന്നന്വേഷിക്കാം. എന്റെ ഹസ്ബന്റിന്റെ പരിചയത്തിലുള്ളവരോടും അന്വേഷിക്കാം. എന്തായാലും ഓണം വെക്കേഷന് ഞങ്ങൾ നാട്ടിലേക്ക് പോവും. അവിടെ ചെന്നിട്ട് വിശദമായൊന്ന് അന്വേഷിക്കുന്നുണ്ട്.
പ്രകാശന്റെ ഫോട്ടോ വല്ലതുമുണ്ടോ കയ്യില് .
പഴയൊരു ഫോട്ടോയുണ്ട് ഞാനത് എടുത്തു തരാം. നമുക്ക് വീട്ടിലേക്ക് പോവാം. ടീച്ചർക്ക് സ്കൂളിൽ പോവേണ്ടതല്ലേ .
രേഷ്മയും ടീച്ചറും നടവഴിയിറങ്ങി വീട്ടിലെത്തുമ്പോഴേക്കും അബിൻ കുളിച്ചൊരുങ്ങി, സ്കൂളിൽ പോകാനായി റെഡിയായി നിൽപ്പുണ്ടായിരുന്നു..
അബിൻ സ്കൂളിൽ പോകാൻ റെഡിയായി അല്ലേ.. നീ റോഡിലേക്ക് നടന്നോ, ഞാനിപ്പോ വരാം, നമുക്കിന്ന് ഒന്നിച്ച് പോവാം. ഞാൻ നിന്റെ അമ്മമ്മയെ ഒന്നു കണ്ടിട്ടു വരാം. അവനോടായി പറഞ്ഞു കൊണ്ട് ടീച്ചർ അകത്തേക്കുകയറി..
ടീച്ചർ അകത്തേക്ക് പോകുന്നതും നോക്കിക്കൊണ്ട് അബിൻ മുറ്റത്തു നിന്നും ഇറങ്ങി നടന്നു.
ആ കൊച്ചു കൂരയിലെ പരിമിതമായ സൗകര്യങൾ ക്കിടയിലെ കട്ടിലിൽ കിടക്കുന്ന മെല്ലിച്ചൊരു രൂപത്തെ ടീച്ചർ വേദനയോടെ നോക്കി.
രോഗശയ്യയിൽ കിടന്ന് കരുവാളിച്ചു പോയ അവരുടെ ചുണ്ടിൽലൊരു പുഞ്ചിരി അവരറിയാതെ മിന്നിമറഞ്ഞതുപോലെ തോന്നി.
അവരോടെന്തു പറയണമെന്നറിയാതെ ടീച്ചറാ മുറിയിൽ നിന്നും തിരിഞ്ഞു നടന്നു.
മുറ്റത്തേക്കിറങ്ങി നിൽക്കുമ്പോഴേക്കും രേഷ്മ കയ്യിലൊരു ഫോട്ടോയുമായി വന്ന് ടീച്ചറോടായി പറഞ്ഞു.
"ടീച്ചറേ ഇതാണ് പ്രകാശേട്ടന്റെ ഫോട്ടോ "
ടീച്ചർ ഫോട്ടോ വാങ്ങി നോക്കി. നിറം മങ്ങി, പല സ്ഥലത്തും പാടു വീണൊരു ഫോട്ടോ, പ്ലാസ്റ്റിക്ക് കവറിലോ മറ്റോ ഇട്ടു വെച്ചതു കൊണ്ടാവും ഫോട്ടോയ്ക്ക് കേടുപാടു പറ്റിയിരിക്കുന്നു. മുഖം വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലുള്ളൊരു ഫോട്ടോ.
ടീച്ചർ ഫോട്ടോ വാങ്ങി ബാഗിലേയ്ക്ക് വെച്ചു. എന്റെ ഹസ്ന്റെ ഫ്രണ്ട്സൊക്കെ ഇടുക്കിജില്ലയിലെ പല സ്ഥലത്തുമായിട്ടുണ്ട്. ഞങ്ങളൊന്നന്വേഷിച്ച് നോക്കട്ടെ.
ടീച്ചർ പോവല്ലേ.. ഒരു കാര്യം കൂടെ കാണിക്കാനുണ്ട്. അത്രയും പറഞ്ഞ് തിടുക്കത്തിൽ രേഷ്മ അകത്തേക്ക് പോയി. തിരിച്ചിറങ്ങി വരുമ്പോൾ കയ്യിലൊരു നോട്ടുബുക്കുണ്ടായിരുന്നു
ടീച്ചറുടെ കയ്യിലേക്കത് കൊടുത്തു കൊണ്ട് രേഷ്മ പറഞ്ഞു.
ടീച്ചറതൊന്ന് തുറന്നു നോക്കൂ.
ടീച്ചറത് വാങ്ങി തുറന്ന് നോക്കി. ആദ്യ പേജിൽ തന്നെ മനോഹരമായൊരു സ്കൂളിന്റെ ചിത്രം വരച്ച് വെച്ചത് കണ്ടു.
സ്കൂളിന്റെ മുറ്റവും , ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് മുറികൾ,എല്ലാം അതേ പോലെ പെൻസിലു കൊണ്ട് വരച്ചു വെച്ചിരിക്കുന്നു. അടുത്ത പേജ് മറിച്ചു നോക്കിയ ടീച്ചർ ഞെട്ടിപ്പോയി.
ബോർഡിലെഴുതിക്കൊണ്ടിരിക്കുന്ന തന്നെ അതിമനോഹരമായി പകർത്തി വെച്ചിരിക്കുന്നു.
ടീച്ചർ ചിത്രത്തിലേക്കും, രേഷ്മയേയും പകപ്പോടെ നോക്കി..
ടീച്ചറുടെ, മുഖത്തെ അത്ഭുതം കണ്ടു കൊണ്ട് രേഷ്മ ചിരിയോടെ പറഞ്ഞു.
ടീച്ചർ ഞെട്ടണ്ട, അബി വരച്ചതാണത്. അവനിവിടെ വന്നാൽ പുതിയ ടീച്ചറിന്റെ വിശേഷം പറയാനേ നേരമുള്ളൂ. അടുത്ത പേജിലൊക്കെ ടീച്ചറിന്റെ പല ഭാവത്തിലുള്ള ചിത്രങ്ങളുണ്ട്. ടീച്ചർ ശ്രദ്ധയോടെ ഓരോ പേജും മറിച്ചു കൊണ്ടിരുന്നു. എന്തിനെന്നറിയാതെ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു വന്നു. നിറഞ്ഞ കണ്ണുകൾ രേഷ്മ കാണാതിരിക്കാൻ തിരിഞ്ഞു നിന്ന് ടീച്ചർ കണ്ണുകൾ പുറം കയ്യാലെ തുടച്ചു..
(തുടരും
...)