വൈകിവന്ന വസന്തം – Part 4
രചന : ഷിജിത് പേരാമ്പ്ര
ടീച്ചറുടെ വാക്കുകൾ കേട്ട് അബി ടീച്ചറുടെ മുഖത്തേക്ക് നോക്കി നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരുന്നു.
ഇനി, ഞാൻ ക്ലാസ്സിലേക്ക് പൊയ്ക്കോട്ടെ ടീച്ചറേ,
ഉം, പൊയ്ക്കോ, ക്ലാസ്സിൽ ശ്രദ്ധിക്കണം കേട്ടോ, പഠിച്ച് മിടുക്കനാകണം.
അവനൊന്ന് തലയാട്ടിക്കൊണ്ട് ക്ലാസ്സിലേയ്ക്കോടി.
ടീച്ചറാ ചിത്രവും കൊണ്ട് തൻ്റെ സീറ്റിലേക്ക് വരുമ്പോൾ മറ്റു ടീച്ചേഴ്സിനിടയിൽ നിന്നാരോ ചോദിച്ചു.
ഇതാരുടെ പടമാ ടീച്ചറേ,
അതൊക്കെയുണ്ട്. ഈ പടം ചിലപ്പോൾ ഒരു കുടുംബത്തിന് അവരുടെ ഗൃഹനാഥനെ തിരിച്ചു കിട്ടും. ഇല്ലെങ്കിവരുടെ ഒരുപാടു കാലത്തെ കാത്തിരിപ്പിന് അവസാനമാവും.
ടീച്ചറപ്പോൾ തന്നെ ആ ചിത്രം തൻ്റെ ഫോണിലേക്ക് പകർത്തി അത് സുധിക്ക് അയച്ചു കൊടുത്തു കൊണ്ട് വോയ്സ് മെസേജ് അയച്ചു.
'സുധിയേട്ടാ, ഈ ഫോട്ടോ ഞാൻ അബിയെ കൊണ്ട് വരപ്പിച്ചതാണ്' അവൻ വരച്ചത് അവൻ്റെ അച്ഛൻ്റെ ഫോട്ടോയാണെന്ന് അവനിപ്പോഴുമറിയില്ല. എന്തായാലും ഈ ഫോട്ടോ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യ്. എന്നിട്ട് ഇന്നലെയിട്ട ഫോട്ടോ നോക്കി വരച്ചതാണെന്നും ഈ ഫോട്ടോയിലെ ആളെപ്പോലെ സാമ്യമുള്ള ആളെ അറിയുമെങ്കിൽ സുധിയേട്ടനെ അറിയിക്കാനും പറ.
ഫോട്ടോ കിട്ടിയതും സുധീഷ് അത് വാട്സപ്പിലെ പല ഗ്രൂപ്പുകളിലുമായി പോസ്റ്റു ചെയ്തു. അൽപ സമയത്തിനകം തന്നെ ചിത്രകാരനെ അഭിനന്ദിച്ചു കൊണ്ടുള്ള നൂറുകണക്കിന് മെസേജുകൾ ഗ്രൂപ്പുകളിൽ വന്നു നിറഞ്ഞു' പക്ഷേ ഫോട്ടോയിലുള്ള ആളെ ആരും എവിടെ വെച്ചും കണ്ടതായി അറിയിച്ചതുമില്ല.
രാത്രി ടീച്ചറുടെ വീട്ടിൽ, നിരാശാ ഖഭാവവുമാരിക്കുന്ന ദിവ്യയോടായി സുധീഷ് പറഞ്ഞു.
"ഇത്രയ്ക്ക് നിരാശയാകാതെ ടീച്ചറേ, പല ഗ്രൂപ്പുകളിലും ഈ ഫോട്ടോ പലരും ഫോർവേഡ് ചെയ്തിട്ടുണ്ടാവും ആരെങ്കിലും ഈ ഫോട്ടോ കണ്ട് ആളെ തിരിച്ചറിഞ്ഞ് അറിയിക്കാതെയിരിക്കില്ല. നമുക്ക് കുറച്ച് ദിവസം വെയ്റ്റ് ചെയ്യാം. എന്നിട്ടും ഒരു വിവരവുമില്ലെങ്കിൽ, നമ്മളെന്തായാലും ഓണത്തിന് മുന്നേ നാട്ടിൽ പോകുമല്ലോ അപ്പോ നമുക്ക് നേരിട്ട് പോയി അന്വേഷിക്കാം "
"എവിടെ ചെന്നന്വേഷിക്കും ഇടുക്കി ജില്ല മുഴുവനുമോ? പ്രകാശൻ ഇടുക്കി ജില്ലയിലാണെന്ന് അയാൾ പറഞ്ഞ അറിവേ രേഷ്മയ്ക്കുമുള്ളൂ”
“പിന്നെ നമ്മളിപ്പോൾ എന്ത് ചെയ്യും ടീച്ചറേ?”
"അയാൾ ആംബുലൻസ് ഡ്രൈവർ ആണെന്നല്ലേ പറഞ്ഞത്. അങ്ങനെയാണെങ്കിൽ അവർക്ക് ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാവില്ലേ ,ആ വഴിക്കൊന്ന് ശ്രമിച്ച് നോക്കിയാലോ,
"അതൊരു നല്ല ഐഡിയ ആണല്ലോ, ഈ ബുദ്ധിയെന്താ രേഷ്മയ്ക്ക് തോന്നാഞ്ഞത്"
"അവൾ പലവിധത്തിലും, പലസ്ഥലത്തും അന്വേഷിച്ചതാണ്. പിന്നെ ചോദിക്കുന്നവരോടെല്ലാം, അവളെ ചതിച്ചിട്ടു പോയതാണെന്ന് പറയാൻ അവൾക്ക് മടിയും. "അയാൾ പോവുന്നെങ്കിൽ പോട്ടെ നിനക്ക് ഞാനൊരു ജീവിതം തരാം എന്നും പറഞ്ഞു വരുന്നവരാണ് കൂടുതലും.
എന്താണ് സംഭവിച്ചതെന്നറിയാതെ പ്രകാശനെ കുറ്റം പറയാൻ അവൾക്ക് കഴിയാഞ്ഞിട്ടാണ്, അവൻ അവളെ ചതിച്ചിട്ടു പോയതാണെങ്കിൽ കൂടി അങ്ങനെ വിശ്വസിക്കാനവൾക്ക് ഇഷ്ടമില്ല, എപ്പഴായാലും പ്രകാശൻ ജീവനോടെയുണ്ടെങ്കിൽ അയാൾ തിരിച്ചു വരുമെന്നു തന്നെയവൾ ഇപ്പഴും വിശ്വസിക്കുന്നു. അതിനായവൾ കാത്തിരിക്കുന്നു.
"അവളെ സമ്മതിക്കണമല്ലോ, അവളുടെ കുട്ടിക്ക് ഇപ്പോൾ എട്ടു വയസ്സായി, ഏതാണ്ട് ഒൻപത് വർഷമായിക്കാണും അയാളെപ്പറ്റി ഒരു വിവരവുമില്ലാതായിട്ട് , സർക്കാർ ഉത്തരവനുസരിച്ച് ഏഴുവർഷമായി ഒരാൾ ദുരൂഹമായി മിസ്സിങ്ങായാൽ അയാളുടെ മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ സമയമായി.
"അങ്ങനെയൊന്നും പറയാതെ, എല്ലാം അയാളോടുള്ള അമിത സ്നേഹവും, വിശ്വാസവും കാരണം സംഭവിച്ച് പോയതാവാം സുധിയേട്ടാ, ചില സ്നേഹ ബന്ധങ്ങൾ അങ്ങനെയാണ് , അവർ എവിടെയാണെന്നോ, എന്ത് ചെയ്യുന്നന്നോ , ജീവിതത്തിൽ ഒരിക്കലെങ്കിലും പരസ്പരം കാണുമെന്നോ, ഒന്നിക്കുമെന്നോ എന്നൊന്നും അവർക്കറിയേണ്ടാ, അവരുടെ നിസ്സഹായ അവസ്ഥയിൽ, അവരുടെ ഏകാന്തതയിൽ, ഇരുളടഞ്ഞു പോയ അവരുടെ മനസ്സിൽ ഒരു ചെറുവെളിച്ചമായി അവരോടൊന്ന് ചേർന്ന് നിന്ന്, തളർന്നു പോവുന്ന സമയത്ത് ഒരു കൈത്താങ്ങായി കൂടെ നിന്നാ മതി. അവർ പിന്നെ അയാളെ ജീവനുതുല്യം സ്നേഹിച്ചോളും, തൻ്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളുമെല്ലാം അവരുമായി പങ്കു വെച്ചോളും. ജീവൻ്റെ ജീവനായി സ്നേഹിച്ചോളും. അതാണ് രേഷ്മയ്ക്കും സംഭവിച്ചത്.
അതൊക്കെ ശരി തന്നെ, പ്രകാശനെ നമ്മൾ കണ്ടുപിടിച്ചു എന്നിരിക്കട്ടെ. അയാൾക്ക് മറ്റൊരു ഭാര്യയും കുട്ടികളു മുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെങ്കിൽ ടീച്ചറുടെ പിന്നീടുള്ള തീരുമാനം എന്താവും, രേഷ്മയോട് പറയുമോ, അതോ പിന്നീട് ഈ കാര്യം വിട്ടു കളയുമോ',
"അങ്ങനെ അയാളെ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ , അയാളെ കണ്ട് അയാളോട് രേഷ്മയുടെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കും, കണ്ണീരോടെ ഒരു പെണ്ണ് നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് പറയും. ബാക്കി കാര്യങ്ങൾ അയാൾ തീരുമാനിക്കട്ടെ. പക്ഷേ അയാളെ കണ്ടെത്തിയെന്ന് ഒരിക്കലും രേഷ്മയെ അറിയിക്കില്ല. അതു താങ്ങാനുള്ള കരുത്ത് അവൾക്കുണ്ടാവില്ല. എന്നെങ്കിലും അയാൾ തിരിച്ചു വരുന്നതും പ്രതീക്ഷിച്ച് അവൾ കാത്തിരിക്കട്ടെ.
'അങ്ങനെയെങ്കിൽ, പ്രകാശൻ ആംബുലൻ ഡ്രൈവറായിരുന്നു എന്നുള്ള കാര്യം വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യട്ടെ. ഗ്രൂപ്പിലുള്ള ആരെങ്കിലും ആംബുലൻസുമായി ബന്ധപ്പെട്ടവരുണ്ടെങ്കിൽ അവർക്ക് ചിലപ്പോൾ നമ്മളെ സഹായിക്കാൻ കഴിയുമായിരിക്കും. ടീച്ചറോട് സംസാരിക്കുന്നതിനിടയിൽ തന്നെ പ്രകാശനെപറ്റിയുള്ള വിവരം സുധീഷ് വാട്സപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്തു കൊണ്ടിരുന്നു.
ഓണത്തിന് സ്കൂൾ അടയ്ക്കുന്നതിൻ്റെ രണ്ടു ദിവസം മുമ്പ് ടീച്ചർ രേഷ്മയുടെ വീട്ടിലെത്തി.
നടവഴിയിലൂടെ ടീച്ചറും അബിയും നടന്നു വരുന്നത് കണ്ട് രേഷ്മ മുറ്റത്തേയ്ക്ക് ഇറങ്ങിച്ചെന്നു..
ടീച്ചറെന്താ ഈ വഴിക്ക്, അതും വൈകിട്ട്.,
പ്രത്യേകിച്ച് ഒന്നുമില്ല, എന്നാലും ചില കാര്യങ്ങൾ പറയാനുണ്ട്. അതു പറയാൻ വേണ്ടി വന്നതാ,
ടീച്ചർ അറിയിച്ചിരുന്നേൽ, ഞാൻ സ്കൂളിലേക്ക് വരുമായിരുന്നല്ലോ,
"ഇത് സ്കൂളിലെ കാര്യമല്ല. നേരിട്ട് സംസാരിക്കാനുള്ളതാ, എന്തായാലും പറയാം. ഇന്ന് ബുധനാഴ്ച, രണ്ട് ദിവസത്തെ പരീക്ഷ കൂടെ കഴിഞ്ഞാൽ സ്കൂൾ അടയ്ക്കും. ഞാനും ഹസ്ബൻ്റും മോളും കൂടെ നാട്ടിലേക്ക് പോവും. പിന്നെ സ്കൂൾ തുറക്കുന്നതിൻ്റെ ഒരു ദിവസം മുന്നെയേ തിരിച്ച് വരൂ. ഈ പ്രാവശ്യം പോവുമ്പോ എൻ്റെ കൂടെ രേഷ്മയും അബിയും കൂടെ വരണം. ഈ ഓണം നമുക്ക് എൻ്റെ വീട്ടിൽ ആഘോഷിക്കാം. ഞങ്ങളുടെ നാട്ടിൽ പ്രസിദ്ധമായ ഒരമ്പലമുണ്ട്. അവിടെ എല്ലാ മതസ്ഥരുടെയും കൂട്ടായ ഒരു ഓണാഘോഷമുണ്ടാവാറുണ്ട് . അടിപൊളിയായി ഈ പ്രാവശ്യം നമുക്കവിടെ ആഘോഷിച്ചിട്ട് വരാം, അവിടുത്തെ ഓണാഘോഷത്തിൽ പങ്കെടുത്ത് ഓണസദ്യയും കഴിച്ചിട്ട് വരാം,
"അയ്യോ അത് പറ്റില്ല ടീച്ചറെ, അമ്മയെ ഒറ്റയ്ക്ക് വിട്ട് വരാനാവില്ല.,
"അമ്മയെ ഒറ്റയ്ക്ക് ഇവിടെ നിർത്തണ്ട അമ്മയും കൂടെ പോരട്ടെ ,
'അയ്യോ അതൊന്നും വേണ്ടാ, അതൊക്കെ വല്യ ബുദ്ധിമുട്ടാവും. ടീച്ചറുടെ നാട് ഇടുക്കിയിലല്ലേ ,ഇവിടുന്ന് ഒരു പാട് ദൂരം യാത്ര ചെയ്യാനുള്ളതല്ലേ,
അത്രയും ദൂരം അമ്മയ്ക്ക് ഇരുന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാവില്ലേ,
"അതൊന്നും പ്രശ്നമാക്കണ്ട. അമ്മയെ ഇടയ്ക്കൊന്ന് പുറത്ത് കൊണ്ടുപോവുന്നത് നല്ലതാ, കൈ പിടിച്ച് ഇടയ്ക്ക് നടത്തിക്കുന്നതല്ലേ,
നമുക്ക് എല്ലാർക്കും കൂടെ അടിപൊളിയായി, ഒരു ടൂറ് പോണ പോലെ പോവാം.. അബിക്കും അതൊരു സന്തോഷമാവും. '
"എന്നാലും വേണ്ട ടീച്ചറേ, ടീച്ചർ അബിയെ കൊണ്ട് പൊയ്ക്കോ, മാത്രമല്ല. ഒരു യാത്ര പോകാൻ വേണ്ടിയുള്ള നല്ല ഡ്രസ്സൊന്നും ഇവിടാർക്കുമില്ല. അതിനൊന്നുമുള്ള സാഹചര്യമല്ല ഞങ്ങൾക്കിപ്പോൾ ',
"അതൊന്നും പറഞ്ഞാൽ പറ്റില്ല. ഈ പ്രാവശ്യം ഞങ്ങൾ പോന്നുണ്ടെങ്കിൽ കൂടെ നിങ്ങളെല്ലാവരും ഉണ്ടാവണം ഇല്ലങ്കിൽ ഞങ്ങളും പോവുന്നില്ല. '
"ഇത് കഷ്ടാണ് ടീച്ചറേ, അബി അത്ര ദൂരമൊന്നും ഇതുവരെയും യാത്ര ചെയ്തിട്ടില്ല അവൻ പോകുന്ന വഴി ചർദ്ദിയൊക്കെയാവും ,ആകെ ക്ഷീണിച്ച് അവശനാവും. ,
"അതൊന്നും കുഴപ്പമില്ലാന്നേ, രേഷ്മക്കറിയാലോ , ഇടുക്കിയിലേക്കാ ഞങ്ങൾ പോണത്, പ്രകാശൻ്റെ നാടുകൂടെയാണത്. '
പ്രകാശൻ്റെ പേര് കേട്ടതും, ഒരു നിമിഷമവൾ മൂകമായി, പിന്നീട് ദയനീയമായി ടീച്ചറുടെ മുഖത്തേയ്ക്ക് നോക്കി നിന്നു.
"ഇനിയൊന്നും പറയണ്ട.ശനിയാഴ്ച രാവിലെ ഞങ്ങൾ കാറുമായി ഇവിടെത്തും, എല്ലാരും റെഡിയായി നിൽക്കണം. ,
രേഷ്മയ്ക്ക് മറുപടിയൊന്നും പറയാൻ കഴിയുന്നതിന് മുമ്പ് തന്നെ ടീച്ചർ ശനിയാഴ്ച രാവിലെ കാണാംട്ടോ എന്ന് പറഞ്ഞു കൊണ്ട് റോഡിലേക്ക് നടന്നു കഴിഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെ രേഷ്മയുടെ വീടിനു മുമ്പിലായി ദിവ്യ ടീച്ചർ വണ്ടിയുമായിഎത്തിയപ്പോഴേക്കും അബി ഉള്ളതിൽ നല്ലൊരു ഷർട്ടും നിക്കറും ധരിച്ച് റോഡിൽ ടീച്ചറെയും കാത്ത് നിൽപ്പുണ്ടായിരുന്നു.
ടീച്ചർ കാറിൽ നിന്നുമിറങ്ങി അബിയെ ചേർത്തുപിടിച്ചു കൊണ്ടു പറഞ്ഞു.
വാടാ, നമുക്ക് അമ്മമ്മയെയും കൂട്ടി വരാം,
അതിന് അമ്മമ്മ വരുന്നില്ല, അത്രയും ദൂരം യാത്ര ചെയ്യാൻ പറ്റില്ലാന്ന് പറഞ്ഞതുകൊണ്ട് അമ്മമ്മയെ അമ്മ, സിനാൻ്റെ വീട്ടിൽ കൊണ്ടാക്കി.
ശ്ശൊ, അതവർക്കൊരു ബുദ്ധിമുട്ടാവില്ലേന്ന് പറഞ്ഞു കൊണ്ട് ടീച്ചർ അബിയുടെ വീട്ടിലേക്ക് നടന്നു.
അബി ആ കാറിൽ തൊട്ടു തലോടിക്കൊണ്ട് കാറിനു ചുറ്റും, ചുറ്റിപ്പറ്റി നടന്നുകൊണ്ടിരുന്നു.
മുറ്റത്തേയ്ക്ക് കയറി വരുന്ന ടീച്ചറെ കണ്ടപ്പോൾ തന്നെ രേഷ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞങ്ങൾ വരണോ ടീച്ചറേ.!! ആകെ എന്തോ പോലെ.,ഒരു പരിചയചയവുമില്ലാത്ത നാട്ടിലേക്ക് വരികാന്ന് പറയുമ്പോൾ എന്തോ ഒരിത്., പിന്നെ ടീച്ചർക്കും കുടുംബത്തിനും ഒരു ബുദ്ധിമുട്ടാവുമല്ലോന്നോർക്കുമ്പോൾ ഒരു വിഷമവും, 'പിന്നെ പ്രകാശേട്ടൻ്റെ നാടാണല്ലോന്ന് ചിന്തിക്കുമ്പോ ആ നാട് ഒന്ന് കാണണമെന്നുമൊരു തോന്നലും. അതുകൊണ്ടാണ് ഒരുങ്ങി നിന്നത്.
നമ്മളൊരാളെ സ്നേഹിക്കുമ്പോൾ അയാളെ മാത്രമല്ലല്ലോ സ്നേഹിക്കുന്നത്. അയാളുടെ നാടിനെയും നാട്ടാരെയും, അയാൾ സ്ഥിരം യാത്ര ചെയ്യുന്ന ബസ്സിനെയും അയാൾ മൂളിപ്പാട്ടുപാടിയിട്ടുണ്ടെങ്കിൽ ആ പാട്ടിനെയും, എന്നു വേണ്ട അയാളുടെ സർവ്വചരാചരങ്ങളെയും നമുക്ക് സ്നേഹമായിരിക്കും. അപ്പോൾ ആ നാടു കാണാൻ എനിക്കുമൊരാഗ്രഹം. പിന്നെ ഞങ്ങളുടെ സംസാരത്തിനടയ്ക്കെപ്പോഴോ ആ നാട്ടിലെ ഓണവും ഓണസദ്യയുമൊക്കെ പ്രകാശേട്ടൻ പറഞ്ഞതായി ഞാനോർക്കുന്നു, പ്രകാശേട്ടൻ പോയി തൊഴാറുള്ള അമ്പലമല്ലേ, അവിടെ എനിക്കും ഒന്ന് പോവണം. ,
അമ്മയെ, സിനാൻ്റെ വീട്ടിലാക്കി അല്ലേ,
രണ്ടോ മുന്നോ ദിവസത്തേയ്ക്കല്ലേ, അത് "താത്ത' നോക്കിക്കോളും. താത്തയുടെ ഉമ്മയും, എൻ്റെ അമ്മയും വല്യ കൂട്ടുകാരികളാണ്. ഞാൻ പണിക്ക് പോവുന്ന ദിവസങ്ങളിൽ താത്തയുടെ ഉമ്മയാണ് അമ്മയ്ക്ക് കൂട്ട്.
ശരിയെന്നാ, നമ്മൾക്കിറങ്ങാം,
രേഷ്മ കയ്യിൽ കരുതിയിരുന്ന ബാഗുമെടുത്ത് തോളത്തിട്ട് ടീച്ചറോടൊപ്പം വണ്ടിയ്ക്കരുകിലേക്ക് നടന്നു. ,
ടീച്ചറും കുടുംബവും, അബിയും രേഷ്മയുമായി കാർ ഇടുക്കിയിലേക്ക് ഓടിക്കൊണ്ടിരുന്നു. ഓടിമറയുന്ന മരങ്ങളും മലകളും നോക്കി രേഷ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പ്രകാശേട്ടൻ്റെ നാട്, അതോർക്കുമ്പോൾ തന്നെ ശരീരത്തിലെ സർവ്വ നാഡീ ഞരമ്പുകളും തളരുന്നതായി രേഷ്മയ്ക്ക് തോന്നുന്നുണ്ടായിരുന്നു.
ഇരുണ്ടു പോയ മനസ്സിലേക്ക് ഒരായുസ്സിൻ്റെ വെളിച്ചമേകി, പെട്ടെന്ന് തന്നിൽ നിന്നുമാ വെളിച്ചം നഷ്ടപ്പെടുത്തി കൂരിരുട്ടിലേക്ക് തന്നെ തള്ളിയിട്ടൊരാൾ, പക്ഷേ അയാൾ ഉപേക്ഷിച്ചു പോയതാണെങ്കിൽ കൂടി തനിക്കയാളെ വെറുക്കാനാവുന്നില്ലല്ലോയെന്നുമവൾ കവിളിണയിൽ കൂടെയൊഴുകി കൊണ്ടിരിക്കുന്ന കണ്ണീർ തുടച്ചു കൊണ്ട് ഓർത്തു കൊണ്ടിരുന്നു.
യാത്രാമദ്ധ്യേ നല്ലൊരു ടെക്സ്സ്റ്റൈൽസ് ഷോറൂമിൽ കേറി, രേഷ്മയ്ക്കും അബിക്കും ടീച്ചർ ഡ്രസ് എടുത്തു കൊടുത്തു. അത് കയ്യിൽ വാങ്ങുമ്പോൾ രേഷ്മ അത്ഭുതത്തോടെയും സങ്കടത്തോടെയും കൂടി 'ടീച്ചറെ നോക്കിക്കൊണ്ടു പറഞ്ഞു.
"അയ്യോ, ഇതൊന്നും വേണ്ടായിരുന്നു ടീച്ചറേ, ഇതിനൊക്കെ ഒരു പാട് കാശാവില്ലേ, പിന്നെ ഇത്രയും വില കൂടിയ ഡ്രസ്സ് ഒന്നും ഞങ്ങളിതുവരെ ഇട്ടിട്ടില്ല., ടീച്ചർക്ക് നിർബന്ധമാണെങ്കിൽ അബിക്ക് മാത്രം വാങ്ങിയാൽ മതിയായിരുന്നല്ലോ.
"ഇത് എൻ്റെ വകയല്ല.. സുധിയേട്ടൻ്റെ വകയാ, ഈ വർഷത്തെ ഓണക്കോടി സുധിയേട്ടൻ്റെ വകയായിക്കോട്ടെ എന്നും പറഞ്ഞ് വാങ്ങിയതാ, സാരമില്ല. പിന്നെ കാശുണ്ടാക്കുന്നത് നമ്മൾക്ക് വേണ്ടി മാത്രമാവരുത്, ഇടയ്ക്കൊന്നു ചുറ്റുമുള്ള സാധുക്കളെ കൂടി നമ്മൾ കാണണം. ഇല്ലെങ്കിൽ പിന്നെ നമ്മളൊക്കെ മനുഷ്യരാണെന്ന് പറഞ്ഞ് ജീവിക്കുന്നതിനെന്തർത്ഥമാണുള്ളത്.
ടീച്ചറുടെ വാക്കുകൾ കേട്ട് മറുപടിയൊന്നും പറയാതെ ഓണക്കോടി നെഞ്ചോട് ചേർത്ത് പിടിച്ച്, മടിയിൽ കിടന്നുറങ്ങുന്ന അബിയുടെ തലയിൽ തലോടിക്കൊണ്ട് രേഷ്മ നെഞ്ചിൽ നിന്നും ഉയർന്നുവന്ന തേങ്ങൽ പുറത്ത് കേൾപ്പിക്കാതെ ചുണ്ടു കടിച്ചുപിടിച്ചു കൊണ്ട് പുറം കാഴ്ചകളിലേക്ക് നോക്കിക്കൊണ്ടിരുന്നു.
രാത്രിയോടെ അവർ ടീച്ചറുടെ വീട്ടിലെത്തിച്ചേർന്നു, ആൾതാമസമില്ലാത്ത വീടായിരുന്നിട്ടു കൂടി വീടും പരിസരവും വൃത്തിയായിക്കിടന്നിരുന്നു.
വണ്ടിയിൽ നിന്നിറങ്ങിക്കൊണ്ട് ടീച്ചർ രേഷ്മയോട് പറഞ്ഞു.
"മുറ്റം നിറയെ കാടുപിടിച്ചു കിടക്കുകയായിരുന്നു. ഞങ്ങൾ വരുമെന്നറിയച്ചത് കൊണ്ട് വീടും പരിസരവും വൃത്തിയാക്കി ഇടുവിച്ചതാണ്. എന്തായാലും ഇറങ്ങി വാ, രാവിലെ ഇരുന്ന ഇരുപ്പല്ലേ നല്ല ക്ഷീണം കാണും, രണ്ടാളും കുളിച്ച് സുഖായി ഒന്നുറങ്ങിക്കോളു. രാവിലെ നമുക്ക് ഓണാഘോഷ പരിപാടിക്ക് അമ്പലത്തിലേക്ക് പോവാം.
കാറിൻ്റെ ബാക് സീറ്റിൽ രേഷ്മയുടെ മടിയിൽ തലവെച്ചു കിടന്നുറങ്ങുകയായിരുന്ന അബിയെ തട്ടിവിളിച്ചുണർത്തിയ ശേഷം രേഷ്മ ബാഗും ,ടെക്സ്റ്റെൽ കവറുമായി കാറിൽ നിന്നുമിറങ്ങി ടീച്ചറുടെ വീട്ടിലേക്ക് കയറി.
നിങ്ങളിന്ന് ഞങ്ങളുടെ വിരുന്നുകാരല്ലേ, വിരുന്നുകാർക്ക് മുറി കാണിച്ചു തരാമെന്നു പറഞ്ഞു കൊണ്ട് ടീച്ചർ ഒരു മുറി തുറന്നു കൊണ്ടു പറഞ്ഞു.
"ബാത്റൂമും എല്ലാ സൗകര്യവുമിതിലുണ്ട്, കുളി കഴിഞ്ഞു വരുമ്പോഴേക്കും ഭക്ഷണവുമായി സുധിയേട്ടൻ പെട്ടെന്ന് വരും. അതും കഴിച്ച് ഉറങ്ങിക്കോളു.
ടീച്ചറെ നോക്കി തലയാട്ടിക്കൊണ്ട് രേഷ്മ റൂമിലേക്ക് കയറിയ ശേഷം അബിയെ കുളിക്കാൻ ബാത്റൂമിലേക്ക് കയറ്റി വിട്ട് തിരിച്ചു വന്ന് ടെക്സ്റ്റെൽ കവർ എടുത്ത് തുറന്ന് നോക്കി. വില കൂടിയ ഒരു സെറ്റ് സാരിയും ബ്ലൗസ്സും അനുബന്ധ വസ്ത്രങ്ങളും, അബിക്ക് വേണ്ട ഡ്രസ്സുകളും, കണ്ട് അത് നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ട്, എന്തിനെന്നറിയാതെ അവളൊന്നു പൊട്ടിക്കരഞ്ഞു.
പിറ്റേന്ന് നേരം വെളുത്ത് പുതിയ വസ്ത്രങ്ങളും ധരിച്ച് മുറിയിൽ നിന്നും പുറത്തുവന്ന രേഷ്മയെ കണ്ട് ടീച്ചർ അത്ഭുതത്തോടെ നോക്കി നിന്നു.
പുതിയ വേഷത്തിലവൾ മനോഹരിയായിരിക്കുന്നു. കയ്യിൽ കരുതിയ മുല്ലപ്പൂമാല കൊണ്ടുവന്ന് രേഷ്മയുടെ തലയിൽ ചൂടിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു.
ഹൊ നിന്നെ കണ്ടാലിപ്പോൾ കല്യാണപ്പെണ്ണിനെപ്പോലെയുണ്ട്.
കളിയാക്കാതെ ടീച്ചറെ, നമുക്ക് അമ്പലത്തിലേക്ക് പോവണ്ടേ ,
സുധിയേട്ടൻ മോളെ എൻ്റെ വീട്ടിലാക്കാൻ പോയതാ , ഇപ്പോ വരും, എന്നിട്ട് നമുക്ക് പോവാം,
അവരുടെ സംസാരത്തിനിടയിൽ തന്നെ സുധി കാറുമായി വന്നു. എല്ലാരും വേഗം തന്നെ കാറിൽ കയറി അമ്പലത്തിലേക്ക് യാത്രയായി.
അമ്പലത്തിൽ ചെല്ലുമ്പോൾ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. കൊടിതോരണങ്ങളാൽ അമ്പലവും പരിസരവും അലങ്കരിച്ചിരുന്നു. അമ്പലത്തിൻ്റെ മുൻവശത്തെ ഗ്രൗണ്ടിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി പലതരം കളികളും മത്സരങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ടീച്ചർ, രേഷ്മയെയും അബിയെയും കൂട്ടി അമ്പലക്കുളത്തിൽ കാലുകഴുകി വന്ന്, അമ്പലം ചുറ്റുമ്പോൾ രേഷ്മയോടായി പറഞ്ഞു., മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ അനുഗ്രഹം ചൊരിയുന്ന ദേവിയാണ് പ്രതിഷ്ഠ, ഉദ്ദിഷ്ഠ കാര്യങ്ങളെല്ലാം നടത്തിത്തരും, ഉറപ്പാണ്.
എനിക്ക് പ്രകാശേട്ടൻ്റെ കാര്യമല്ലാതെ എന്താണ് ദേവിയോട് പറയാനുള്ളത് ടീച്ചറേ,
എന്തു തന്നെയായാലും പ്രാർത്ഥിച്ചോളു. അനുഗ്രഹിക്കാതിരിക്കില്ല.
മൂന്നുപ്രാവശ്യം അമ്പലം ചുറ്റി പ്രാർത്ഥിച്ച് അമ്പലമുറ്റത്തേയ്ക്കുള്ള നടയിറങ്ങുമ്പോൾ ടീച്ചർ അവരോടായി പറഞ്ഞു.
നമുക്ക് അന്നദാന ഹാളിലേക്ക് പോയി ചായ കുടിക്കാം എന്നിട്ട് പരിപാടികളൊക്കെ കാണാൻ പോവാം, ടീച്ചറവരേയും കൂട്ടി നേരെ അന്നദാന ഹാളിലേക്ക് നടന്നു.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പലപ്പോഴും രേഷ്മയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
ഇതുപോലെ ഒരമ്പലത്തിൽ പ്രകാശേട്ടൻ്റെ കൈപിടിച്ച് ഉത്സവം കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും എന്തു മാത്രം താനാഗ്രഹിച്ചിട്ടുണ്ട്, പക്ഷേ സ്വരുക്കൂട്ടിവെച്ച സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞു കൊണ്ട് പ്രകാശേട്ടൻ എങ്ങോട്ട് പോയ് മറഞ്ഞു. ഓരോന്നോർത്തു കൊണ്ട് രേഷ്മ ഭക്ഷണം കഴിക്കുന്നത് തുടർന്നു.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങി വന്നപ്പോഴായിരുന്നു അമ്പലത്തിൻ്റെ പുറകിലായി ആനയെ തളച്ചിട്ടിരിക്കുന്നത് അബി കണ്ടത്. അവൻ രേഷ്മയുടെ കൈകുതറിച്ചു കൊണ്ട് ആനയ്ക്കരുകിലേക്കോടി. നെറ്റിപ്പട്ടം കെട്ടി മന്ദം മന്ദം ചെവിയാട്ടി തല കുലുക്കിക്കൊണ്ടിരിക്കുന്ന ഗജവീരനെ അവൻ കൺകുളിർക്കെ നോക്കിക്കണ്ടു കൊണ്ടിരുന്നു.'
അവനരുകിലേക്ക് നടന്നുവന്ന് രേഷ്മ അവനോടായി പറഞ്ഞു.
ദേ പരിചയമില്ലാത്ത നാടാണ് ദൂരേയ്ക്കൊന്നും പോകരുത്. ഞാനും ടീച്ചറും ആൽത്തറയിലിരിക്കുന്നുണ്ടാവും അവിടേക്ക് വരണം.
തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആനയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ അബി പറഞ്ഞു.
ഞാനങ്ങോട്ട് വരാം. അമ്മ പൊയ്ക്കോ, ഞാൻ ഓണാഘോഷ പരിപാടി കാണാൻ പോകും കേട്ടോ, എന്നിട്ടേ വരൂ..
രേഷ്മയും ടീച്ചറും ആൽത്തറയിലേക്ക് നടന്നു. പോകുന്ന വഴിയിൽ അലങ്കരിച്ച കല്യാണ മണ്ഡപം കണ്ട് രേഷ്മ ചോദിച്ചു.
''മണ്ഡപം അലങ്കരിച്ചിട്ടുണ്ടല്ലോ ഇന്ന് ഇവിടെ ആരുടെയെങ്കിലും കല്യാണമുണ്ടോ,
ഉണ്ടെന്ന് തോന്നുന്നു. ദേ കർമ്മിയും മറ്റുമെല്ലാം ഉണ്ടല്ലോ, നമുക്ക് ആൽത്തറയിലിരിക്കാം.
അമ്പലമുറ്റത്ത് നിന്നും ഓണാഘോഷ പരിപാടികളുടെ അനൗൺസ്മെൻ്റും പാട്ടുമൊക്കെ ആയി ആകെ ഉത്സവമേളം തന്നെയായിരുന്നു. ബലൂൺ കച്ചവടക്കാരും, ഉന്തുവണ്ടിയിൽ കപ്പലണ്ടി, കടല, ഐസ്ക്രീം ,കളിപ്പാട്ട വിൽപ്പനക്കാർ നാനാവിധ കച്ചവടസാമഗ്രികളുമായി പലതരം വഴിവാണിഭക്കാർ എല്ലാം കൊണ്ടും ആകെ ബഹളമയം..
എല്ലാം കാണുമ്പോഴും രേഷ്മയുടെ മനസ്സ് മറ്റേതോ ലോകത്തായിരുന്നു.
കല്യാണ മണ്ഡപത്തിൽ നിന്നും നാദസ്വരം കേട്ട് ടീച്ചർ പറഞ്ഞു.
വാ നമുക്ക് അങ്ങോട്ട് പോവാം, ആരുടെയോ കല്യാണം നടക്കുന്നുണ്ട്. സ്വാതന്ത്ര്യത്തോടെ എവിടെയൊക്കെയോ ഓടി നടന്നിരുന്ന ഒരു ചെക്കനിന്ന് താലിച്ചരടിൽ കുരുങ്ങും, നമുക്ക് പോയി നോക്കാം ആരാണാ പാവമെന്ന്.
ടീച്ചറുടെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് രേഷ്മ പറഞ്ഞു.
ഞാൻ വരുന്നില്ല ടീച്ചറെ, എനിക്കത് കാണുമ്പോൾ സങ്കടം വരും. ഇതുപോലൊരു കല്യാണ മണ്ഡപവും താലി കെട്ടലും ചുറ്റും ആളും ബഹളവും കുരവയും കെട്ടിമേളവുമെല്ലാം ഞാനും ഒത്തിരി ആഗ്രഹിച്ചതാണ്, ഏതൊരു പെണ്ണിൻ്റെയും നിറമുള്ള സ്വപ്നങ്ങളാണത്. അതും കൂടെ യാഥാർത്ഥ്യമാവുമ്പോഴാണൊരു പെണ്ണ് സുമംഗലിയാവുന്നത്. എന്തോ ഇത്രയൊന്നുമില്ലെങ്കിലും ഒരു കല്യാണ ചടങ്ങൊക്കെ ഞാനും ആഗ്രഹിച്ചിരുന്നു. ഒന്നും നടന്നില്ല. കൂടെയുണ്ടായിരുന്ന ആള് എവിടെപ്പോയി മറഞ്ഞുവെന്നുമറിയില്ല. അവിടെ എന്തായാലും കല്യാണം നടക്കട്ടെ.
ശരി ,എന്നാ നീ ഇവിടിരുന്നോ ഞാൻ പോയി നോക്കട്ടെ, ടീച്ചർ കല്യാണ മണ്ഡപത്തിനടുത്തേക്ക് നടന്നു.
രേഷ്മ അമ്പലമുറ്റത്തെ ഓണാഘോഷ പരിപാടിയിലേക്ക് നോക്കിക്കൊണ്ടിരുന്നു.
അമ്പലമുറ്റത്തേയ്ക്ക് കുറെ കാറുകൾ വരുന്നതും അവരൊക്കെ കല്യാണ മണ്ഡപത്തിനടുത്തേക്ക് ധൃതിയിൽ പോകുന്നതും കണ്ടു.
ഏതോ പെണ്ണിൻ്റെ സ്വപ്നങ്ങളിന്ന് പൂവണിയുന്ന ദിവസമാവും, അങ്ങനെ ചിന്തിച്ചു കൊണ്ട് രേഷ്മ അബി എവിടെ എന്ന് നോക്കാനായി ആനയെ തളച്ചിരിക്കുന്നിടത്തേയ്ക്ക് പോയി.
അബിയെ കാണാഞ്ഞ് തിരിച്ചു വരുമ്പോഴാണ് രണ്ടു പെൺകുട്ടികൾ രേഷ്മയുടെ അടുത്തേക്ക് വന്നു പറഞ്ഞത്.
"ചേച്ചി, ദിവ്യ ടീച്ചറിൻ്റെ കൂടെ വന്ന ആളാണോ,
'അതേലോ ? എന്താ ? ചോദ്യഭാവത്തിൽ രേഷ്മ അവരെ നോക്കി.
''ടീച്ചർ അവിടെ, അത്രയും പറഞ്ഞ് അവര് കല്യാണ മണ്ഡപത്തിനടുത്തേയ്ക്ക് വിരൽ ചൂണ്ടി,
അവർ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയിട്ടും ടീച്ചറെ കാണാഞ്ഞ്, അയ്യോ !! ടീച്ചർക്ക് എന്തുപറ്റിയെന്നു പറഞ്ഞു കൊണ്ട് കല്യാണ മണ്ഡപത്തിനടുത്തേക്ക് ഓടി.
ഓടി വരുന്ന രേഷ്മയെ പ്രൗഢയായൊരു സ്ത്രീ പിടിച്ചു നിർത്തി. വാത്സല്യത്തോടെ താടിപിടിച്ചുയർത്തിക്കൊണ്ടു ചോദിച്ചു.
"രേഷ്മയല്ലേ,
"അതേ, എന്നെ അറിയോ? ടീച്ചറെവിടെ ?
"ഞാനിവിടെയുണ്ട് " എന്ന സ്വരം കേട്ടതും രേഷ്മ തിരിഞ്ഞ് പുറകിലേക്ക് നോക്കി.
ഒരു താലത്തിൽ പുടവയും അനുബന്ധ സാധനങ്ങളുമേന്തി ടീച്ചർ നടന്നു വരുന്നത് കണ്ട് രേഷ്മ ചിരിയോടെ ചോദിച്ചു. '
"എന്താ ടീച്ചറേ, വീണ്ടും ഒരു കല്യാണം കൂടെ കഴിക്കാനുള്ള പരിപാടിയാണോ?”
“അതേ ഒന്നൂടെ കെട്ടാൻ തീരുമാനിച്ചു. പക്ഷേ ഞാനല്ല നീയാ”
"ഞാനോന്ന് പറഞ്ഞ് ടീച്ചറെ നോക്കുമ്പോഴേക്കും ടീച്ചർ വന്ന് താലം അവളുടെ കയ്യിൽ പിടിപ്പിച്ച് കഴിഞ്ഞിരുന്നു.
(തുടരും ...)